”ഐപിഎല്ലില്‍ ആറു വര്‍ഷമായി വാതുവെപ്പ് നടത്തുന്നു”, സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ കുറ്റസമ്മതത്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം

താനെ; ഐപിഎല്ലില്‍ വാത് വച്ചതായി കുറ്റസമ്മതം നടത്തി ബോളിവുഡ് താരവും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍.  ഈ സീസണിലും വാതുവയ്പ് നടത്തിയതായി ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ തുറന്ന് സമ്മതിച്ചെന്നാണു റിപ്പോര്‍ട്ട്. ആറു വര്‍ഷമായി ഈ വാതുവയ്ക്കല്‍ നടക്കുന്നുണ്ടെന്ന് അര്‍ബാസ് പറഞ്ഞു.

ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മഹാരാഷ്ട്രയിലെ താനെ പൊലീസ് അര്‍ബാസിനു സമന്‍സ് അയച്ചിരുന്നു. നേരത്തേ അറസ്റ്റിലായ നാലു വാതുവയ്പുകാരുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിനാണ് അര്‍ബാസിനെ വിളിച്ചുവരുത്തിയതെന്നു ഡിസിപി (ക്രൈം) അഭിഷേക് ത്രിമുഖെ പറഞ്ഞു. സോനു ജലാന്‍, സോനു മലാദ് എന്നിവരുള്‍പ്പെടെയുള്ള വാതുവയ്പുകാരാണ് അറസ്റ്റിലായത്.

രാജ്യത്തെ വലിയ വാതുവയ്പുകാരിലൊരാളും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളുമായ സോനു ജലാനാണ് പൊലീസിനോട് അർബാസിന്റെ പേരു പറ‍ഞ്ഞത്. വാതുവയ്പിൽ തോറ്റ അർബാസ് തനിക്ക് 2.80 കോടി രൂപ തരാനുണ്ടെന്നും അതു തരാതായതോടെ താരത്തെ ഭീഷണിപ്പെടുത്തിയെന്നും സോനു പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഇവരുമായുള്ള ബന്ധം വ്യക്തമാകുകയും ചെയ്തു. സോനുവിന്റെ അറസ്റ്റിനു പിന്നാലെ, ചോദ്യംചെയ്യലിനു ഹാജരാകാൻ അർബാസിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിനു ബന്ധമുണ്ടെന്നും ഇയാളുടെ സംഘത്തിന് വര്‍ഷത്തില്‍ 100 കോടിയിലേറെ രൂപയുടെ ലാഭമാണു വാതുവാതുവയ്പിലൂടെ ലഭിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ആരംഭകാലം മുതൽ വാതുവയ്പു വിവാദങ്ങളുടെ നിഴലിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.