മാടായിപ്പാറയില്‍ ഇസ്ലാമിക് ട്രസ്റ്റ് ക്ഷേത്രഭൂമി കയ്യേറിയതായി പരാതി

കണ്ണൂര്‍: മാടായിപ്പാറയില്‍ ഇസ്ലാമിക് ട്രസ്റ്റ് ദേവസ്വം ഭൂമി കയ്യേറിയതായി പരാതി. മാടായി അല്‍ ഇ മുല്‍ ഇസ്ലാം ട്രസ്റ്റാണ് അടിസ്ഥാന രേഖകളില്ലാതെ കൃത്രിമമായുണ്ടാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ വില കൊടുത്ത് വാങ്ങിയതായി കാണിച്ച് ദേവസ്വം ഭൂമി കയ്യേറിയത്. ഇപ്പോള്‍ ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ സ്‌കൂള്‍ കോംപ്ലക്‌സിനു വേണ്ടിയാണ് ഭൂമി കയ്യേറ്റമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ദേവസ്വം ഭൂമിയില്‍ ഒരു വിഭാഗം ആളുകള്‍ കല്ലുപയോഗിച്ച് മതില്‍ കെട്ടിത്തിരിക്കാനാരംഭിച്ചപ്പോഴാണ് കയ്യേറ്റം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മാടായിക്കാവ് ദേവി ഭഗവതി ഭക്തസംഘം പ്രവര്‍ത്തകരാണ് നിര്‍മ്മാണ പ്രവൃത്തി തടഞ്ഞ് അധികൃതരെ വിവരം അറിയിച്ചത്.

ദേവസ്വം അധികൃതരുടെ പരാതി പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലാന്റ് റിഫോംസ് ഡപ്യൂട്ടി കലക്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

സര്‍വ്വെയര്‍ തങ്ങള്‍ക്ക് ഭൂമി അളന്ന് നല്‍കിയിട്ടുണ്ടെന്നാണ് കയ്യേറ്റക്കാര്‍ ഡപ്യൂട്ടി കലക്ടറോട് വിശദീകരിച്ചത്. എന്നാല്‍ താന്‍ ഇത്തരത്തില്‍ ഭൂമി അളന്ന് നല്‍കിയിട്ടില്ലെന്ന് സര്‍വ്വെയര്‍ വ്യക്തമാക്കി.

ട്രസ്റ്റ് നടത്തിയത് ക്ഷേത്രഭൂമി കയ്യേറ്റമാണെന്നും യാതൊരുവിധ നിര്‍മ്മാണ പ്രവൃത്തികളും ഇവിടെ പാടില്ലെന്നും ഡപ്യൂട്ടി കലക്റ്റര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാടായിക്കാവ്, വടുകുന്ദ ക്ഷേത്രം, ജൂതക്കുളം, പള്ളിവേട്ടത്തറ, നാഗസ്ഥാനം തുടങ്ങി ആചാരപരമായ ചടങ്ങുകള്‍ക്ക് പതിനായിരങ്ങള്‍ എത്തിച്ചേരുന്ന സ്ഥലമാണ് മാടായിപ്പാറ. നേരത്തെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമുണ്ടായിരുന്ന മാടായിപ്പാറ ദേവസ്വത്തിന്റെ കീഴില്‍ ഇപ്പോള്‍ മുന്നൂറ് ഏക്കറോളം സ്ഥലമുണ്ടെന്നാണ് കണക്ക്. എന്നാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ കയ്യേറ്റമുണ്ടായതോടെ ദേവസം ഭൂമി ചുരുങ്ങി നാമമാത്രമായി മാറിയിട്ടുണ്ട്.

ദേവസ്വം ഭൂമി കയ്യേറി നേരത്തെയും നിരവധി നിര്‍മ്മാണ പ്രവൃത്തികള്‍ ഇവിടെ നടന്നിട്ടുണ്ട്. ദേവസ്വം ഭൂമിയിലുള്ള റോഡുകളുടെ നിര്‍മ്മാണമുള്‍പ്പടെ അനധികൃതമാണ്. ദേവസ്വത്തിലെ തന്നെ ചില ആളുകളുടെയും ബന്ധപ്പെട്ട വില്ലേജ് അധികൃതരുടെയും പ്രദേശത്തെ പ്രബല രാഷ്ട്രീയപ്പാര്‍ട്ടികളുയെടും പിന്‍ബലത്തിലാണ് കയ്യേറ്റമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. അധികൃതരുടെ സജീവശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ചരിത്ര പ്രാധാന്യമുള്ള മാടായിക്കാവ് കേവലം ഓര്‍മ്മ മാത്രമായി മാറും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.