കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മിഴിവാര്‍ന്ന തുടക്കം


21 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വര്‍ണ്ണോജ്ജ്വലമായ തുടക്കം. എറണാകുളത്തപ്പന്‍ മൈതാനിയില്‍ പത്ത് ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്തു.
മാതൃഭാഷയെ തള്ളി പറയുന്നത് അമ്മയെ തള്ളി പറയുന്നത് പോലെയാണെന്ന് അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞു. മാതൃഭാഷയെയും നാടിനെയും അമ്മയെ പോലെ സ്നേഹിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശങ്കരാചാര്യരുടെ നാടായ കേരളം പല കാര്യങ്ങള്‍ക്കും മാതൃകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജ്ഞാനപീഠം ജേതാവ് രഘുവീര്‍ ചൗധരി പറഞ്ഞു. മൂല്യബോധമുള്ള നാടാണ് കേരളം. അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ മറ്റൊരു മാതൃക കൂടി കേരളം രാജ്യത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. കെ.എന്‍. രാഘവന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍, പ്രൊഫ. കെ.വി. തോമസ് എം.പി., ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ., സെയ്ന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ബി. പ്രകാശ് ബാബു, സെക്രട്ടറി പി. സോമനാഥന്‍ എന്നിവരും സംസാരിച്ചു.

മുന്നൂറിലേറെ പ്രസാധകരാണ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. പുസ്തകോത്സവം 10-ന് സമാപിക്കും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.