ഭീകരാക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വിട്ട ‘രണ്ടാം കസബ്’ മുഹമ്മദ് അമീര്‍ പിടിയില്‍, വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനായി പാക്ക് സൈന്യം പരിശീലനം നല്‍കി വിട്ട ‘രണ്ടാം കസബ്’ മുഹമ്മദ് അമീര്‍ പിടിയില്‍. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഇയാളില്‍ നിന്നു ലഭിച്ചതു ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

2008-ലെ മുംബൈ ഭീകരാക്രമണം ഹാഫിസ് സയീദ് എങ്ങനെ ആസൂത്രണം ചെയ്തുവെന്നും, പാക്ക് ചാരസംഘടന ഐഎസ്‌ഐ എങ്ങനെയാണു പ്രലോഭിപ്പിച്ചും മനസ്സുമാറ്റിയും ചെറുപ്പക്കാരെ ജമ്മുകശ്മീരില്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നതെന്നുമുള്‍പ്പെടെയുള്ള സൂക്ഷ്മമായ വിവരങ്ങള്‍ ഇയാള്‍ പുറത്തു വിട്ടു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ലഷ്‌കറെ ഇ ത്വയ്ബ ഭീകരരുടെയും ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെയും പേരുകള്‍ പോലും അമീര്‍ വ്യക്തമാക്കി.

ഒന്‍പതു വര്‍ഷം മുന്‍പു നടന്ന മുംബൈ ആക്രമണത്തില്‍ 160 പേരിലേറെ കൊല്ലപ്പെട്ടിരുന്നു. അന്ന് അജ്മല്‍ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ആക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സയീദിനെ ഏതാനും മാസങ്ങള്‍ക്കുശേഷം ജയിലില്‍ നിന്നു മോചിപ്പിക്കുകയാണു പാക്കിസ്ഥാന്‍ ചെയ്തത്. ഇപ്പോള്‍ പിടിയിലായ മുഹമ്മദ് അമീറിന്റെ വെളിപ്പെടുത്തലുകള്‍ ഹാഫിസിനെതിരെ ഇന്ത്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കുള്ള ശക്തമായ തെളിവായി മാറി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.