ഭീം ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത് ഡല്‍ഹിയിലെ ഒരു കമ്പനിയുടെ രണ്ട് മാസത്തെ അഹോരാത്ര പ്രയത്‌നം

ഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക നയിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡല്‍ഹിയിലെ കമ്പനി. ‘ലൂസിഡസ് ടെക്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മാസത്തോളമുള്ള അധ്വാനത്തിന്റെ ഫലമാണ് ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) എന്ന ആപ്പ് ( BHIM app). പന്ത്രണ്ടോളം ജീവനക്കാരാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുന്നതിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചതെന്ന് കമ്പനി മേധാവി സാകേത് മോദി പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി രാവും പകലും പ്രവര്‍ത്തിക്കേണ്ടി വന്നു. ഐസിഐസി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഇന്‍ഡിഗോ, കെഎഫ്‌സി തുടങ്ങിയവയ്‌ക്കൊക്കെ ആപ്ലിക്കേഷനുകള്‍ നിര്‍മിച്ചു നല്‍കിയ കമ്പനിയാണ് ലൂസിഡസ് ടെക്. സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഡിജിറ്റലാക്കി മാറ്റുകയാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.

യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് ഭീം. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ഇത് ലഭ്യമാകുക. ആപ് പുറത്തിറക്കി നാലു ദിവസംകൊണ്ടുതന്നെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനായി ഇത് മാറി.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വലിയ ക്രമീകരണങ്ങളാണ് അപ്ലിക്കേഷനിലുള്ളതെന്ന് സാകേത് മോദി വ്യക്തമാക്കി. ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്വേര്‍ഡിനും എടിഎം പിന്‍നമ്പറിനും പകരം ഫിംഗര്‍ പ്രിന്റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം. വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് രണ്ടും ഒരാള്‍ തന്നെ എന്ന് ഭീം ആപ്പ് ഉറപ്പാക്കും. ആധാര്‍ അധിഷ്ഠിതമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും.

സുരക്ഷയെ മറികടക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പഴുതുകള്‍ അടച്ചാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മറ്റു വാലറ്റുകളെ അപേക്ഷിച്ച്, ഈ ആപ് ഉപയോഗിക്കുമ്പോള്‍ ഇടപാടുകാര്‍ക്കും ബാങ്കിനും ഇടയില്‍ മൂന്നാമതൊരു ഇടനിലക്കാരന്റെ ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത.

ഇടപാടുകാരന് നേരിട്ട് സ്വന്തം ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാകും. ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുകയും വേണ്ട സാകേത് മോദി പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author