ഗാന്ധിവധം…ചോര പുരണ്ട ചോദ്യങ്ങള്‍..ചുരുളഴിയാത്ത നിഗൂഡതകള്‍

 

ഷാബു പ്രസാദ്

 

ആധുനിക കാലഘട്ടം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ കൊലപാതകമാണ് മഹാത്മാഗാന്ധിയുടെത്..അതിവിദഗ്ദ്ധമായി  ആസൂത്രണം ചെയ്യപ്പെട്ട ഈ ഹീനകൃത്യം സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്..ലോകത്തെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതകം എന്നതുകൊണ്ടോ, കൊല്ലപ്പെട്ടത് മഹാത്മാ ഗാന്ധി ആണ് എന്നതുകൊണ്ടോ മാത്രമല്ല ഈ സംഭവം വ്യത്യസ്ഥമാകുന്നതും സമാനതകളില്ലാത്തതാകുന്നതും. ഈ ക്രൂരകൃത്യം ഭാരതത്തിനുമേല്‍ ഉണ്ടാക്കിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കൊണ്ടും , അതിനു പിന്നിലെ ഒരിക്കലും ചോദിക്കപ്പെട്ടിട്ടില്ലാത്ത പൊള്ളുന്ന ചോദ്യങ്ങള്‍ കൊണ്ടും,കുഴിച്ചുമൂടപ്പെട്ട നിഗൂഡതകള്‍ കൊണ്ടുമായിരിക്കും ഗാന്ധിവധം ഇനി ചര്‍ച്ച ചെയ്യപ്പെടുക..

ഗാന്ധിജിയുടെ കൊലപാതകത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ ഒരിക്കലും യോജിക്കാത്ത ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്..കുറ്റപത്ര പ്രകാരം 1948 ജനുവരി 12നു തന്‍റെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിനു പിറ്റെടിവസമാണ് ,പ്രധാനപ്രതികളായ നാതുരാം ഗോട്സെയും നാരായന്‍ ആപ്തെയും പൂനയില്‍ വെച്ച് ജനുവരി 20 നു ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുന്നത്..തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ അവര്‍ മറ്റുപ്രതികളെ കൂട്ടി ഗൂഡാലോചന നടത്തി,ആയുധങ്ങളും പണവും സംഘടിപ്പിച്ച്, ആയിരത്തഞ്ഞൂറുകിലോമീറ്റര്‍ അപ്പുറത്തുള്ള അവര്‍ക്ക് യാതൊരു പരിചയവുമില്ലാത്ത ഡല്‍ഹിയില്‍ വന്നു…ജനുവരി 20 നു ഗാന്ധിജിയുടെ പ്രാര്‍ഥനായോഗത്തില്‍ ഒരു ബോംബ്‌ സ്ഫോടനം നടത്തി…പക്ഷെ അവരുടെ ആസൂത്രണം പാളി, അവിടെവെച്ച് പ്രതികളിലോരാലായ മദന്‍ലാല്‍ പഹ്വ പിടികൂടപ്പെട്ടു…..പത്ത് ദിവസത്തിനുശേഷം യാതൊരു സുരക്ഷാ സൌകര്യവും ഇല്ലാത്ത ബിര്‍ളാ മന്ദിറിന്റെ കവാടം കടന്നെത്തിയ നാതുറാം ഗാന്ധിജിയെ വെടിവെച്ചുകൊന്നു..

ഇന്നും ലഭ്യമായ കോടതിവിവരങ്ങളാണിത്…മാത്രവുമല്ല, അധികൃതര്‍ മനസ്സുവെച്ചിരുന്നങ്കില്‍ ആ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നും വിധിന്യായത്തില്‍ ജസ്റ്റിസ് ആത്മചരന്‍ കുറിക്കുന്നു…

ആയിരത്തഞ്ഞൂറു കിലോമീറ്റര്‍ അകലെക്കിടക്കുന്ന പൂനയില്‍ നിന്നും  ഒരു കൊലയാളി സംഘം ,തങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത ഡല്‍ഹിയില്‍, കേവലം ഏഴുദിവസം കൊണ്ട് , ലോകത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ജീവനെടുക്കാന്‍ വരുന്നു…ആയുധങ്ങള്‍, പണം ,ആസൂത്രണം , ദീര്‍ഘയാത്ര എല്ലാം ഈ ഏഴുദിവസത്തില്‍…ഇതിലെ അസ്വാഭാവികത ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല..

അതുമല്ല…ജനുവരി 20 നു നടന്ന പാളിപ്പോയ ശ്രമത്തില്‍ കൊലയാളി സംഘത്തിലെ മദന്‍ലാല്‍ പഹ്വ ,സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു…തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയാളില്‍ നിന്നും ഗൂഡാലോചനയുടെ മുഴുവന്‍ വിവരങ്ങളും ലഭിച്ചു…കൊലയാളിസംഘം താമസിച്ചിരുന്ന ഹോട്ടലുകള്‍, യാത്ര അങ്ങിനെ എല്ലാം…നാതുറാം ഗോഡ്സേയുടെ രേഖാചിത്രം വരെ പോലീസ് തയ്യാറാക്കി…

ഇത്ര വലിയ ഒരു തിരിച്ചടി കൊലപാതക ശ്രമത്തിനു നേരിട്ടിട്ടും, പത്തുദിവസത്തിനകം ഗോട്സെയും കൂട്ടരും ഡല്‍ഹിയില്‍ മടങ്ങിയെത്തി. പോലീസ് തയ്യാറാക്കിയ രേഖാചിത്രം ഒരിടത്തും പ്രദര്‍ശിപ്പിച്ചിരുന്നില്ല …ഏതുനിമിഷവും ഗാന്ധിജി കൊല്ലപ്പെടുമെന്നറിയാമായിരുന്നെങ്കിലും, ആരാണ് കൊല്ലാന്‍ പോകുന്നത് എന്ന വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നിട്ടും ആ കൊലയാളികള്‍ അറസ്റ്റുചെയ്യപ്പെടുകയോ , ഈ വിവരം പോലീസ് സ്റെഷനുകളില്‍ അറിയിക്കുകയോ, ഗാന്ധിജിക്ക് കൂടുതല്‍ സുരക്ഷ കൊടുക്കകയോ ചെയ്തിരുന്നില്ല…അങ്ങിനെ ജനുവരി മുപ്പതിന്, ആരാലും പിടിക്കപ്പെടാതെ , സാധാരണ വേഷത്തില്‍ ബിര്‍ള മന്ദിറിന്റെ ഗെറ്റ്‌ കടന്നുവന്ന നാതുറാം ഗോഡ്സെയാണ് പോയിന്‍റ് ബ്ലാങ്കില്‍ ആ ജ്ഞാനവൃദ്ധന്റെ നെഞ്ചകം തകര്‍ത്തത്…

രണ്ടാമത്തെ ദൌത്യത്തിനായി ഡല്‍ഹിയിലെത്തിയ സംഘം അനുയോജ്യമായ ആയുധം സംഘടിപ്പിച്ചത് ഗ്വാളിയോറിലെ ഹോമിയോ ഡോക്ടര്‍ ആയിരുന്ന ദത്താത്രേയ പര്‍ചുരെയില്‍ നിന്നാണ്…പര്‍ച്ചുരെ പിടിക്കപ്പെട്ടങ്കിലും, അപ്പീല്‍ കോടതി അയാളെ കുറ്റവിമുക്തനാക്കി…ആ ഇറ്റാലിയന്‍ നിര്‍മ്മിതമായ ബാറെറ്റ പിസ്റ്റ്ളിന്റെ ഉറവിടത്തെക്കുറിച്ച് ഒരു അന്വേഷണവും ഉണ്ടായില്ല…അതുമല്ല, ഒരു കൊലപാതകത്തിലെ ഏറ്റവും നിര്‍ണായകമായ ആയുധവുമായി ബന്ധപ്പെട്ടു ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടുമില്ല…പരച്ചുരെക്ക് രക്ഷപെടാന്‍ ആവശ്യമായ പഴുതുകലുമായാണ് കുറ്റപത്രം തന്നെ തയ്യാറാക്കപ്പെട്ടത്..

മറ്റൊരു പ്രധാനപ്പെട്ട കാര്യം മാപ്പുസാക്ഷിയാക്കപ്പെട്ട കള്ളസന്ന്യാസിയും, ഇവര്‍ക്ക് ആയുധങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയ ആയുധ കള്ളക്കടത്തുകാരനായ ദിഗംബര്‍ ബാട്ജെയുടെ കാര്യമാണ്..ജനുവരി 20ന്‍റെ  പരാജയപ്പെട്ട ദൌത്യത്തില്‍, ഗാന്ധിജിക്ക് നേരെ നിറയൊഴിക്കാന്‍ തീരുമാനിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അയാള്‍…അതായത് ഗോട്സേയോടൊപ്പം തൂക്കുമരത്തില്‍ കയറേണ്ട ആള്‍…ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാനുള്ള എല്ലാ മാനദണ്ടങ്ങളും കാറ്റില്‍ പറത്തിയാണ് ദിഗംബര്‍ ബാട്ജെയേ മാപ്പുസാക്ഷിയാക്കിയത്.

സ്വാതന്ത്ര്യം ലഭിച്ച ആ ആദ്യമാസങ്ങളില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ, വിഭജനം ഉണ്ടാക്കിയ കൊടിയ സാമൂഹ്യ പ്രശ്നങ്ങള്‍, അങ്ങിനെയങ്ങിനെ പല പ്രശ്നങ്ങളിലും പെട്ട് രാജ്യം നട്ടം തിരിഞ്ഞുകൊണ്ടിരുന്ന അവസ്ഥയില്‍ മാധ്യമങ്ങള്‍ക്കോ പൊതുസമൂഹത്തിനോ ഇതൊന്നും കൂലങ്കഷമായി വിലയിരുത്താന്‍ കഴിയുമായിരുന്നില്ല…മഹാത്മാഗാന്ധി കൊല്ലപ്പെട്ടു..പ്രതികള്‍ പിടിയിലായി..ശിക്ഷിക്കപ്പെട്ടു എന്നതിനപ്പുരത്തെക്ക് ചിന്തിക്കാന്‍ പാകത്തില്‍ സാമൂഹ്യ ബോധം പക്വത പ്രാപിച്ചിരുന്നുമില്ല…ഈ പഴുതുകളിലൂടയാണ് ഇതിനു പിന്നിലെ തത്പരകക്ഷികള്‍ ബുദ്ധിപൂര്‍വ്വം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും അവരുടെ അജണ്ട നടപ്പാക്കിയതും.

ഏതൊരു കൊലപാതക്കേസിലും ആദ്യം ചിന്തിക്കേണ്ട അല്ലങ്കില്‍ ചിന്തിക്കപ്പെടെണ്ട കാര്യം ഈ കൃത്യത്തിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നതാണ്….ഇങ്ങിനെയൊരു കൊലപാതകം നടക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു എന്നതാണ്…ആ ചോദ്യത്തില്‍ നിന്നും തുടങ്ങിയാണ് അന്വേഷണം മുന്നേറുന്നതും ,കുറ്റവാളികളെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതുമെല്ലാം..എല്ലാ സംഭവങ്ങളിലും ഇങ്ങിനെയായിക്കൊള്ളനമെന്നില്ല എങ്കിലും സ്വാഭാവികമായി ഉയരേണ്ട ഈ ചോദ്യങ്ങള്‍ ഗാന്ധിവധത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല…ആയുധവുമായി കീഴടങ്ങിയ നാതുറാം ഗോഡ്സെ, അയാളില്‍ നിന്നും മദന്‍ലാലില്‍ നിന്നും ലഭിച്ച വിവരങ്ങളുണ്ടായിരുന്നത് ബാക്കിയെല്ലാ പ്രതികളെയും ദിവസങ്ങള്‍ക്കുള്ളില്‍ നിഷ്പ്രയാസം അറസ്റ്റ് ചെയ്തു…ആദ്യം തന്നയുണ്ടാക്കിയ കൊലാഹാലങ്ങളിലൂടെ കൊലപാതകത്തിന് പിന്നിലെ നിഗൂഡതകള്‍ പൊതു ചര്‍ച്ചയില്‍ നിന്നും അതിവിദഗ്ദ്ധമായി ഒഴിവാക്കപ്പെട്ടു…

അങ്ങിനെയൊരു നീചകൃത്യം സംഭിവിച്ചില്ലായിരുന്നങ്കില്‍,പില്‍ക്കാല ഭാരതത്തിന്‍റെ ചരിത്രം എങ്ങിനെയൊക്കെ വഴിമാറിയോഴുകുമായിരുന്നു എന്നത് കൂടി നാം വിലയിരുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യലബ്ദ്ധിയോടെ പ്രഖ്യാപിതലക്ഷ്യം കൈവരിച്ച കോണ്ഗ്രസ് ഇനി പിരിച്ചുവിടണം എന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപിത നയം നടപ്പായി അക്കാലത്ത് തന്നെ ആ പ്രസ്ഥാനം അസ്തമിക്കുമായിരുന്നു…അതോടൊപ്പം നെഹ്രുകുടുംബം കൂടി നാമാവശേഷമാകുമായിരുന്നു….ഭാരതത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും താനും തന്‍റെ തലമുറകളും അപ്രസക്തരാകുന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ജവഹര്‍ലാല്‍ നെഹ്‌റുവും കോണ്ഗ്രസ് പാര്‍ട്ടിയും  തന്നയാണ് ഗാന്ധിവധത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍…ആ രക്തത്തിന്‍റെ വിലയായാണ് ഗാന്ധി എന്ന രണ്ടക്ഷരം പില്‍ക്കാല ചരിത്രത്തില്‍ കുടുംബാധിപത്യത്തിന്റെയും എകാധിപത്യത്തിന്റെയും പ്രതീകമായത്..

അതായത് ,ഗാന്ധിജി ഏതാനും വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരുന്നങ്കില്‍ ഭാരതത്തിന്‍റെ പില്‍ക്കാല ചരിത്രം എന്താകുമായിരുന്നു എന്നത് വളരെ വ്യക്തമാണ്…..

1.      ഇരുപതാം നൂറ്റാണ്ടില്‍ ഭാരതത്തിനെ ഏറ്റവുമധികം സ്വാധീനിച്ച ഗാന്ധി എന്ന രണ്ടക്ഷരം ഒരു കുടുംബം ഹൈജാക്ക് ചെയ്യില്ലായിരുന്നു..

2.      എന്നും വ്യവസ്ഥിതിക്കെതിരെ  കലാപം നടത്തിയ ഗാന്ധിജി നെഹ്‌റു സര്‍ക്കാരിനെതിരെയും തിരിയുമായിരുന്നു..ആ വെല്ലുവിളിക്ക് മുന്‍പില്‍ നെഹ്‌റു കീഴടങ്ങുമായിരുന്നു..കൊണ്ഗ്രസ്സിനെ പിരിച്ചുവിടണം എന്ന ഗാന്ധിജിയുടെ ആവശ്യം നടപ്പാകുമായിരുന്നു..

3.      ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് മുക്ത ഭാരതം 50കളിലും അറുപതുകളിലും തന്നെ യാതാര്ത്യമാകുമായിരുന്നു..

4.      അഴിമതിരഹിതമായ, ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിന്‍ കീഴില്‍ ഭാരതം എന്നോ വന്‍ശക്തിയായി മാറുമായിരുന്നു.

ഗാന്ധിജി ജീവിച്ചിരുന്നാല്‍ ഏറ്റവുമധികം വെല്ലുവിളി ഉണ്ടാകുമായിരുന്ന ഒരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകാര്‍.കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജെനെറല്‍ സെക്രട്ടറിയായിരുന്ന പി.സി.ജോഷിയും തമ്മില്‍ നടത്തിയ കത്തിടപാടുകളും, ഗാന്ധിജിയുടെ രൂക്ഷമായ ചോദ്യങ്ങളില്‍ നിന്നും പി.സി.ജോഷി ഒഴിഞ്ഞുമാറിയതും,അക്കാലത്തെ കമ്മ്യൂണിസ്റ്റു മുഖപത്രങ്ങളില്‍ ഗാന്ധിജിയെ അപഹസിച്ച് വന്ന കാര്‍ട്ടൂനുകളും, എല്ലാം കൂട്ടിവായിച്ചാല്‍ അവര്‍ അക്കാലത്ത് ഏറ്റവും ഭയപ്പെട്ടിരുന്ന വ്യക്തി എന്നത് വളരെ വ്യക്തമാണ്….ഗാന്ധിജി ജീവിച്ചിരിക്കുന്ന ഓരോ ദിനവും സ്വതന്ത്ര ഭാരതത്തില്‍ അവരുടെ  മരനമണിയായിരിക്കും എന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിരുന്നു എന്ന് വേണം ഇന്ന് ചര്‍ച്ചാ വിധേയമായിക്കൊണ്ടിരിക്കുന്ന പല യാഥാര്‍ത്യങ്ങളും തെളിയിക്കുന്നത്..

കൊലയാളി സംഘത്തിലെ പ്രമുഖരെല്ലാം ഹിന്ദുമഹാസഭയുടെ സജീവപ്രവരത്തകരായിരുന്നിട്ടും, ആ സംഘടനയുടെ ഒരു പ്രവര്‍ത്തനവും തടയപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തില്ല എന്ന് മാത്രമല്ല,അവരോട് സര്‍ക്കാരും കമ്മ്യൂനിസ്ടുകളും സ്വീകരിച്ച സമീപനം ഞെട്ടിപ്പിക്കുന്നവിധം അത്ഭുതകരമാണ്…

മാഹാത്മാഗാന്ധി വധം നടക്കുന്ന സമയത്തെ ഹിന്ദു മഹാസഭ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഏതാനും മാസങ്ങള്‍ക്കകം കല്‍   ക്കട്ട ഹൈക്കൊടതി ജജ്ട്ജിയായി നിയമിക്കപ്പെട്ടു….അതായത് കൊലയാളിസംഘത്തിന്റെ പരമോന്നത നേതാവ് നീതിപീടത്തിന്റെ തലപ്പത്തേക്ക്…

വിചാരണയുടെ കോലാഹലങ്ങലെല്ലാം കഴിഞ്ഞു അദ്ദേഹം വീണ്ടും ഹിന്ദുമഹാസഭയിലേക്ക് മടങ്ങി..1952 ലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ലോകസഭയിലെത്തി…ഗാന്ധിജിയുടെ വത്സലശിഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയും ,അതികായനായ എ.കെ.ഗോപാലന്‍ പ്രതിപക്ഷ നേതാവുമായിരുന്ന സഭയില്‍ ഗാന്ധിഘാതകരുടെ നേതാവ് കടന്നുവന്നപ്പോള്‍ ഒരു ശബ്ദവുമുയര്‍ന്നില്ല…അപ്പോഴും  ഗാന്ധിവധത്തിന്റെ പാപഭാരം ആരോപിക്കപ്പെട്ട ആര്‍.എസ്.എസ്,പൊതുസമൂഹത്തില്‍ ആസൂത്രിതമായി വേട്ടയാടപ്പെട്ടുകൊണ്ടിരുന്നു.

1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിന്നീട് ലോകസഭയിലെത്തുന്നത് ,1963ല്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായാണ്.1967 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ അദ്ദേഹം ജയിച്ചത് സി.പി.ഐ .എം സ്വതന്ത്രനായാണ്…1971ല്‍ രോഗം മൂലമുള്ള അവശതയില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമ്പോള്‍ തന്‍റെ കിരീടം മകനായ സോമനാഥ് ചാറ്റര്‍ജിക്ക് കൈമാറി…അന്നുവരെ ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത സോമനാഥ് ചാറ്റര്‍ജി, നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകന്‍ എന്ന ഒറ്റക്കാരണത്താല്‍ സിപിഎമ്മിന്റെ എം.പി യും നേതാവുമായി..ഇ.എം.എസ്, ജ്യോതിബസു, എ.കെ.ജി, രണദിവെ തുടങ്ങിയ അതികായര്‍ വിളങ്ങി നില്‍ക്കുന്ന കാലത്താണ് ഇത് സംഭവിക്കുന്നത്…

നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയോട് സിപിഎമ്മിന് ഇത്രക്കെന്തായിരുന്നു കടപ്പാട്…കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പ്രതാപകാലത്ത് ഹിന്ദുമഹാസഭയിലെ ഒരു അഭയാര്‍ഥിയെ സ്വീകരിച്ചാനയിക്കേണ്ട എന്ത് ഗതികേടാണ് അവര്‍ക്കുണ്ടായിരുന്നത്…ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം തന്‍റെ പൂര്‍വകാല രാഷ്ട്രീയത്തെ തള്ളിപ്പറയുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല..ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടിയ സോമനാഥ് ചാറ്റര്‍ജിയും സ്വന്തം പിതാവിന്റെ പൂര്‍വ്വാശ്രമ നിലപാടുകളെ ഒരു വാക്കുകൊണ്ട് പോലും വിമര്‍ശിച്ചിട്ടില്ല…

നിര്‍മ്മല്‍ചന്ദ്ര ചാറ്റര്‍ജിക്ക് അറിയാവുന്ന മഹാരഹസ്യങ്ങളെ, അതും മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ടവയെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും നെഹ്രുവും എന്നും  ഭയപ്പെട്ടിരുന്നു എന്നുവേണം ഇതില്‍ നിന്നൊക്കെ അനുമാനിക്കാന്‍. പതിറ്റാണ്ടുകളോളം പാര്‍ലിമെണ്ട് അംഗമായിരുന്ന ഈ മനുഷ്യന്‍റെ പേരുപോലും ചര്‍ച്ചകളില്‍ നിന്നും വിദഗ്ദ്ധമായി ഒഴിവാക്കപ്പെട്ടതെന്തിനയിരുന്നു എന്നതും, ഇന്ന് ഈ ചോദ്യമുയരുമ്പോള്‍ എന്തിനിവര്‍ ഇത്രക്ക് ഭയാക്രാന്തരാകുന്നു എന്നതും വലിയ ചോദ്യങ്ങള്‍ തന്നയാണ്..

ചര്‍ച്ചാവിഷയമാകാതെ പോയ മറ്റൊരു പ്രധാനപ്പെട്ട വിഷയം, സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നിര്‍ണായക സ്ഥാനത്തുള്ള മൌണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ സാന്നിധ്യമാണ്..ഫലത്തില്‍ നെഹ്രുവിനെ മുന്നില്‍ നിര്‍ത്തി ഭരണം നിയന്ത്രിച്ചിരുന്നത് മൌണ്ട് ബാറ്റന്‍ തന്നയായിരുന്നു..ഇതില്‍ സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ അത്യന്തം അസന്തുഷ്ടനുമായിരുന്നു…പട്ടേലിനെ അടുപ്പിക്കാതെ കൈകാര്യം ചെയ്യപ്പെട്ട കശ്മീര്‍ സമീപനമാണ് ആ മനോഹര താഴ്വരെ ഭൂമിയിലെ ഏറ്റവും പ്രശ്നഭരിതമായ പ്രദേശങ്ങളിലോന്നാക്കിയത്…ആ പ്രശ്നം ഐക്യരാഷ്ട്രസഭയിലെക്ക് വലിച്ചിഴക്കരുത് എന്ന പട്ടേലിന്റെ താക്കീത് അവഗണിച്ചതാണ് അക്കാര്യത്തില്‍ ഭാരതം കാട്ടിയ ഏറ്റവും വലിയ ചര്ത്ര വിഡ്ഢിത്തം…ഇതില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയ പട്ടേലിനെ ഗാന്ധിജി അനുനയിപ്പിച്ച ആ ജനുവരി 30 തന്നയാണ് ആ വൃദ്ധഹൃദയാത്തിലൂടെ പാഞ്ഞ വെടിയുണ്ടകള്‍ ഭാരതത്തിന്‍റെ നിയതിയെത്തന്നെ കീഴ്മേല്‍ മറിച്ചത്…

അതിനു ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മൌണ്ട് ബാറ്റന്‍ ഭാരതം വിടുമ്പോള്‍, സ്വതന്ത്രഭാരതത്ത്തിന്റെ രണ്ടു അതിനിര്‍ണായകമായ പ്രതിലോമ വിധിക്കുറിപ്പുകള്‍ , എഴുത്തപ്പെട്ടുകഴിഞ്ഞിരുന്നു…കശ്മീര്‍ എന്ന തീരാത്തലവേദന , ഈ മഹാരാജ്യത്തിന്റെ മഹാനിയോഗങ്ങളെ പിന്നോട്ടടിച്ച മഹാപാപം,മഹാത്മാഗാന്ധിവധം ..

 

എഴുപത് വര്‍ഷങ്ങള്‍ എന്നത് ഒരു രാഷ്ട്രത്തിന്‍റെ നൈരന്തര്യത്തില്‍ അത്ര ചെറിയ ഒരു കാലഘട്ടമല്ല….ഈ ലോകത്തിനു വിലപ്പെട്ട പലതും സംഭാവന ചെയ്യേണ്ട ആ ഏഴ് പതിറ്റാണ്ടുകളാണ് നമുക്ക് നഷ്ടപ്പെട്ടത്…അതൊരു ചെറിയ നഷ്ടവുമല്ല…എങ്കിലും കുഴിച്ചുമൂടപ്പെട്ട ശവക്കോട്ടകളില്‍ നിന്നും , കാലത്തിന്‍റെ തിരശീലകള്‍ ഭേദിച്ച് ചരിത്രസത്യങ്ങള്‍ പുറത്തുവരുന്നു, ഉദിച്ചുയരുന്ന സഹസ്രകിരനങ്ങളെ ഭയന്ന് വിഷജന്തുക്കള്‍ മാളങ്ങള്‍ തേടി പരക്കം പായുന്നു എന്നതൊക്കെ ഈ വൈകിയ വേളയിലും നല്‍കുന്നത് ശുഭസൂചനകള്‍ തന്നയാണ് …

കടപ്പാട്-കേസരി

ഗാന്ധിവധം-അവഗണിക്കപ്പെട്ട-നാള്‍വഴികള്‍ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകന്‍

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.