മടയില്‍ ചെന്ന് സിപിഎമ്മിനെ നേരിട്ട അമിത് ഷായും സംഘവും. ത്രിപുര പിടിച്ച ബിജെപി തന്ത്രം ഇങ്ങനെ

ബിന്ദു ടി

കേരളത്തിലും ബംഗാളിലും ഭരണം നഷ്ടപ്പെട്ടാലും ത്രിപുര കൈവിടില്ല എന്നായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ഉറച്ച വിശ്വാസം. മണിക് സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രി എല്ലാം തികഞ്ഞ കമ്മ്യൂണിസ്റ്റാണെന്നും ആരെല്ലാം ഒത്തു പിടിച്ചാലും ചെങ്കോട്ട തകരില്ല എന്നുമായിരുന്നു സിപിഎം അണികളുടെയും നേതാക്കളുടെയും കണക്കു കൂട്ടല്‍. അഭിപ്രായ സര്‍വ്വേകള്‍ എതിരായപ്പോഴും സിപിഎം നേതാക്കളുടെ മനസ് ഇളകാത്തതും അതു കൊണ്ടു തന്നെയായിരുന്നു. എന്നാല്‍ ബിജെപി അവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. തികച്ചും ആസൂത്രിതമായ തന്ത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കുകയും വളരെ സമര്‍ത്ഥമായി അത് നടപ്പാക്കുകയും ചെയ്ത അമിത് ഷായുടെ നീക്കങ്ങളാണ് ത്രിപുര കാവിയണിഞ്ഞതിന് പിന്നില്‍
മടയില്‍ കയറി ആക്രമിക്കുക എന്നതായിരുന്നു പ്രധാന തന്ത്രം. പിന്നില്‍ നിന്ന് തുടങ്ങി മുന്നിലെത്തികീഴടക്കുകയും ചെയ്യുക എന്നതും. ത്രിപുരയില്‍ സിപിഎം വിജയത്തിന്റെ അടിത്തറ ഗോത്രവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള വോട്ടുകളായിരുന്നു. സിപിഎം വോട്ടെണ്ണുന്നത് 21 പ്ലസ് എന്ന നിലയിലാണ് എല്ലാ തവണയും എന്ന ചൊല്ലു തന്നെയുണ്ട്. ആദിവാസി ഗോത്രമേഖലയിലെ 20 സീറ്റുകള്‍ സിപിഎമ്മിനെ ഒരിക്കലും കൈവിടാറില്ല എന്നതാണ് ഈയൊരു പ്രയോഗത്തിന്റെ അര്‍ത്ഥം. ഈ അടിത്തറയിലായിരുന്നു ബിജെപിയുടെ ആദ്യകണ്ണ്.
ഗോത്ര വര്‍ഗ്ഗ മേഖലയില്‍ സ്വധീന ശക്തി വര്‍ദ്ധിപ്പിക്കുകയായിരുന്നു ആദ്യ പടി. 2014 മുതലെ ഇതിന് തുടക്കം കുറിച്ചു. ആ മേഖലയിലുള്ള ആര്‍എസ്എസ് സ്വാധീനം ഉപയോഗിച്ച് ബിജെപിയെ ശക്തിപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. വളരെ മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. വികസനമെത്താത്ത മേഖലകളില്‍ ബിജെപി കേന്ദ്രസര്‍ക്കാരിന് വികസന നേട്ടങ്ങള്‍ നിരത്തി. അവരോടൊപ്പം തങ്ങളുണ്ട് എന്ന് ബോധ്യപ്പെടുത്തി. സേവനമേഖലകളില്‍ ആര്‍എസ്എസും ബിജെപിയും ശക്തമായി നിലകൊണ്ടു. ഫലം ബിജെപിയിലേക്ക് യുവാക്കളുടെ വലിയ ഒഴുക്കുണ്ടായി. ഇതുകൊണ്ടും തീര്‍ന്നില്ല. ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ഐപിഎഫ്റ്റിയെ കൂടെ നിര്‍ത്തി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കി. ആദിവാസി മേഖലയിലെ മിക്കവാറും സീറ്റുകള്‍ ഇതോടെ ബിജെപിയും സഖ്യകക്ഷിയും ചേര്‍ന്ന് സ്വന്തമാക്കി. അടിത്തറ നഷ്ടപ്പെട്ട സിപിഎമ്മിന് മുച്ചൂടും തകര്‍ക്കാന്‍ ഇത് സഹായകരമായി.

നഗരമേഖലകളില്‍ വേറിട്ട തന്ത്രമാണ് ബിജെപി പയറ്റിയത്. തൊഴിലില്ലായ്മയും വികസന മുരടിപ്പും ആയുധമാക്കി യുവാക്കളുടെ മനസ് ബിജെപി സ്വന്തമാക്കി. ത്രിപുരയുടെ വികസനം തടയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് യുവതി യുവാക്കളെ ബോധ്യപ്പെടുത്താനായി. അഭ്യസ്തവിദ്യരായ വലിയ വിഭാഗവും ബിജെപിയ്ക്കും മോദിയ്ക്കും ഒപ്പം നിന്നു. മാറ്റത്തിന് ഒരു വോട്ട് എന്ന
പ്രധാനമന്ത്രിയുടെ മുദ്രാവാക്യം വലിയ ചലനം ഉണ്ടാക്കി. വികസനത്തിനായി വോട്ട് എന്ന ബിജെപിയുടെ മുദ്രാവാക്യത്തെ ത്രിപുരയില്‍ സമാധാനം കൊണ്ടു വന്നത് തങ്ങളാണെന്ന വാദം കൊണ്ടാണ് സിപിഎം നേരിട്ടത്. കഴിഞ്ഞു പോയ കാര്യം പറഞ്ഞല്ല, ഇനിയെന്ത് എന്നാണ് ഊര്‍ജ്ജസ്വലരായ ജനത ചിന്തിക്കുക എന്ന ബാലപാഠം പോലും സിപിഎം മറന്നു പോയി.

ഇതിനിടെ സിപിഎം അപ്രമാദിത്വത്തില്‍ നിരാശരായ കോണ്‍ഗ്രസുകാരെ ഉണര്‍ത്താന്‍ ദേശീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതും ബിജെപി നേട്ടമായി. നേതാക്കളെല്ലാം നഷ്ടപ്പെട്ട പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും നടത്താനുള്ള പ്രാപ്തി ഉണ്ടായില്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലും അവിടെ നിന്ന് ബിജെപിയിലും എത്തിച്ച തന്ത്രം കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ചു. ഒരു പക്ഷേ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സഹായിക്കുമെന്ന ധാരണ സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയെ വരെ തെരഞ്ഞെടുപ്പിന് എത്തിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബുദ്ധിയില്ലായ്മ ബിജെപിയ്ക്ക് സഹായകമായി. രാഹുലിനെ ഈ ബുദ്ധി ഉപദേശിച്ചയാളെ ബിജെപി ആദരിക്കേണ്ടതാണ്.

ത്രിപുരയില്‍ ബിജെപി പയറ്റിയ തന്ത്രം സിപിഎമ്മിനെ നേരിട്ട് എതിര്‍ക്കുക എന്നായിരുന്നു. അതിനായി മറ്റുള്ള പാര്‍ട്ടികളെ ആദ്യം നിഷ്‌ക്രിയരാക്കി. പ്രതിപക്ഷവും എതിരാളിയും ബിജെപി മാത്രമായി. കോണ്‍ഗ്രസിനെയും ത്രൃണമൂല്‍ കോണ്‍ഗ്രസിനെയും സൈഡ് ലെന്‍ ചെയ്ത് അവസാന ഘട്ടത്തില്‍ അവര്‍ മുന്നോട്ടെത്തി. പോരാട്ടം നരേന്ദ്രമോദിയും, മണിക് സര്‍ക്കാരും തമ്മിലെന്ന രീതിയിലായി. മൂന്ന് വര്‍ഷം നീണ്ട ആസൂത്രണം ഒടുവില്‍ വിജയം കണ്ടു. ഇടത് പാര്‍ട്ടികള്‍ ഒരു സംസ്ഥാനത്ത് മാത്രമായി ഭരണം കയ്യാളുന്ന ദയനീയമായ അവസ്ഥ.

ബിജെപിയാണ് മുഖ്യശത്രുവെന്ന് പറഞ്ഞ് കോണ്‍ഗ്രസിന് നേരിടുന്ന കേരളത്തിലെ സിപിഎമ്മിനും ത്രിപുരയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.. പക്ഷേ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച ചരിത്രമില്ലെല്ലോ സിപിഎമ്മിന്. സ്വയം ഒടുങ്ങും വരെ നിലപാടുകള്‍ക്കായി ഫൈറ്റ് ചെയ്യുകയാണല്ലോ ആ പാര്‍ട്ടി എല്ലാ കാലത്തും ചെയ്യാറ്. അവസാനത്തെ വേരും അറ്റു പോകും വരെ ആത്മവിശ്വാസം പുലര്‍ത്തുക എന്ന കമ്മ്യൂണിസ്റ്റ് അബദ്ധങ്ങളുടെ ആദ്യം പ്രതിഫലനമായിരുന്നു ബംഗാള്‍ എങ്കില്‍, ത്രിപുര അതിന് ശക്തി പകരും. കേരളമാവട്ടെ ആ പട്ടികയില്‍ അവസാനത്തേത് ആയിരിക്കും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.