നിപ പകരുന്നത് വലിയ സ്രവത്തിനുള്ളില്‍ നിന്ന്; രോഗിയുമായി അടുത്ത് ഇടപെട്ടവരിലേക്ക് മാത്രമേ വൈറസ് എത്തൂ; വവ്വാലിനെ പിടിച്ചത് കൊണ്ടാവാം സാബിത്തിന് നിപ ബാധിച്ചതെന്നും നിഗമനം

കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്ക പരത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വലിപ്പമുള്ള സ്രവകണങ്ങളില്‍ നിന്നു മാത്രമേ നിപ്പ പകരുകയുള്ളു എന്നാണ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ജി. അരുണ്‍ കുമാര്‍ വ്യക്തമാക്കുന്നത്.

നിപ ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ഉണ്ടാവുന്ന ഉമിനീര്‍ പോലുള്ള സ്രവങ്ങള്‍ ഒരു മീറ്ററിലധികം പോകില്ലെന്നും അതിനാല്‍ രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്കു മാത്രമാണ് രോഗം പടരാന്‍ സാധ്യതയെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ആദ്യം മരിച്ച സാബിത്തിന് വൈറസ് ബാധയുള്ള വവ്വാലുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കാം എന്നാണു നിഗമനം. വവ്വാല്‍ കഴിച്ച പഴങ്ങളില്‍ നിന്നല്ലെന്ന് തെളിഞ്ഞതോടെ ഒരു പക്ഷെ വവ്വാല്‍ക്കുഞ്ഞിനെ കൈകൊണ്ട് എടുത്തിരിക്കാനോ മറ്റോ ആകും സാധ്യതയെന്നും ഡോ. ജി. അരുണ്‍ വ്യക്തമാക്കി.

നിപ്പ ബാധിച്ച് മരിച്ച 18 പേരില്‍ 16 പേര്‍ക്കും വൈറസ് ബാധിച്ചത് മരിച്ച സാബിത്തില്‍ നിന്നാകാം എന്നാണ് നിഗമനം. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പേ ഇവര്‍ക്കു പകര്‍ന്നിരിക്കാം. ഒരാള്‍ക്കു മാത്രമാണ് രണ്ടാം ഘട്ടത്തില്‍ നിപ്പ വന്നതെന്നും മറ്റുള്ളവര്‍ക്ക് രോഗബാധ കിട്ടിയത് ആശുപത്രിയില്‍ നിന്നാവാമെന്നുമാണ് നിഗമനം. പനി മൂര്‍ച്ഛിക്കുന്ന സമയത്തു ശരീരസ്രവങ്ങളിലൂടെയാണ് പകരുന്നത്. സാബിത്തിന് പനി മൂര്‍ച്ഛിക്കുന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണ്. ഇവിടെ നിന്നാണ് ലിനിക്കും, ഇസ്മായിലിനും പിടിപ്പെടുന്നത്. അ;േസമയം ഇസ്മായിലില്‍ നിന്നും മറ്റാര്‍ക്കെങ്കിലും വൈറസ് പടര്‍ന്നിട്ടുണ്ടെങ്കില്‍ പനി പിടിക്കാനുള്ള സമയമായിട്ടുണ്ടെന്നും, എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതിക്ക് കൂടുതല്‍ പേര്‍ക്ക് പകര്‍ന്നിട്ടില്ലെന്ന് ആശ്വസിക്കാമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.