ചൈനയെ പൊള്ളിക്കും ഇന്ത്യന്‍ ‘അഗ്നി’ അഗ്നി 5 ന്റെ ആറാം പരീക്ഷണവും വിജയകരം

ഡല്‍ഹി; ചൈനയെ പൊള്ളിച്ച് ഇന്ത്യയുടെ അഗ്നി. ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-5ന്റെ പരീക്ഷണം വീണ്ടും വിജയകരമായ് പൂര്‍ത്തീകരിക്കപ്പെട്ടു. 5000 കിലോമീറ്റര്‍ പരിധിയുള്ള, ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം വന്‍ വിജയമായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ വച്ച് രാവിലെ 9.48 നായിരുന്നു പരീക്ഷണം നടന്നത്. ഇത്  അഗ്‌നി- 5 ന്റെ ആറാം പരീക്ഷണമായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 

2012 ഏപ്രില്‍ 19നായിരുന്നു ആദ്യ പരീക്ഷണം. രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നാലാം പരീക്ഷണം 2016 ഡിസംബര്‍ 26 നും അഞ്ചാം പരീക്ഷണം 2018 ജനുവരി 18 നുമായിരുന്നു. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിരുന്നുവെങ്കിലും അതും വിജയകരമായിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് പിന്നീടുള്ള പരീക്ഷണങ്ങള്‍ നടത്തിയത്.

അയ്യായിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈൽ. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, സിറിയ, സുഡാൻ, ലിബിയ, റഷ്യ, ജർമനി, യുക്രെയ്‌ൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോൾ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ എന്നീ വൻശക്‌തികൾക്കൊപ്പം ഇടം നേടാനും ഇന്ത്യയ്‌ക്കു വഴിയൊരുക്കുകയാണ് അഗ്നി-5.
അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.