വിഴിഞ്ഞത്ത് നാട്ടുകാര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു ‘കടക്കു പുറത്ത്’ പിറകെ പൂന്തുറ സന്ദര്‍ശനവും റദ്ദാക്കി

വിഴിഞ്ഞം സന്ദര്‍ശനത്തിനിടെ ഉണ്ടായ പ്രതിഷേധത്തിന് പിറകെ പൂന്തുറ തീരം സന്ദര്‍ശനം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷ കാരണങ്ങളാണ് സന്ദര്‍ശനം റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായ വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു വിഭാഗം നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിവരാന്‍ വൈകിയതെന്തേ എന്ന് ചോദിച്ചുകൊണ്ട് ഒരു വിഭാഗം ആളുകള്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

വാഹനത്തിന് അടിച്ചും ആക്രോശിച്ചും പ്രതിഷേധിച്ച ജനങ്ങളുടെ ഇടയില്‍ നിന്നും മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനിടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കനത്ത സുരക്ഷാ വലയത്തിലാണ് മുഖ്യമന്ത്രി സ്ഥലത്ത് എത്തിയതെങ്കിലും ഇത് വകവയ്ക്കാതെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടെയാണ് പ്രതിഷേധം.
പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറിന്റെ ആന്റിന ഒടിഞ്ഞു. അരമണിക്കൂര്‍ ചെലവിട്ട ശേഷം ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് പിന്നീട് മുഖ്യമന്ത്രി മടങ്ങിയത്.

നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേയും ഇ. ചന്ദ്രശേഖരനെതിരേയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കനത്ത സുരക്ഷാ വലയം ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ കൈയേറ്റ ശ്രമംവരെയുണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനുമൊപ്പമാണ മുഖ്യമന്ത്രി മടങ്ങിയത്.
നേരത്തെ മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും തീരമേഖലയില്‍ സന്ദര്‍ശനം നടത്താത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ തീരമേഖല സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും തിരുവന്തപുരത്തെത്തി. നാളെയാണ് നിര്‍മ്മ സീതാരാമന്‍ വിഴിഞ്ഞത്ത് എത്തുന്നത്. ഇതിനാലാണ് തിരക്കിട്ട് ഇന്ന് വൈകിട്ട് തന്നെ മുഖ്യമന്ത്രി വിഴിഞ്ഞവും, പൂന്തുറയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.