ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയാകാന്‍ ഇന്ത്യ: ബഹിരാകാശ വിപണിയില്‍ നാസയെ കീഴടക്കി ഐഎസ്ആര്‍ഒ

83 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചൂടാനാണ് ഐഎസ്ആര്‍ഒ-യുടെ പദ്ധതി. ഒരു വിക്ഷേപണത്തില്‍ 83 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തുന്നതോടെ ആ റെക്കോര്‍ഡ് നേട്ടം കൂടി ഇന്ത്യ സ്വന്തമാക്കും.

ജനുവരി അവസാനത്തോടെ 83 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിക്കാനാണ് പദ്ധതി. പിഎസ്എല്‍വി ഉപയോഗിച്ചാണ് വിക്ഷേപണം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമെ രണ്ടു ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിലും ഐഎസ്ആര്‍ഒ വിജയിച്ചു. ഇനിയുള്ളത് വലിയൊരു ലക്ഷ്യമാണ്. 83 ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ 1400 കിലോഗ്രാം പേലോഡ് വിക്ഷേപണം വിജയിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയായി ഇന്ത്യ മാറും. ഇസ്രായേല്‍, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 500 കിലോഗ്രാമിന്റെ ചെറിയ ഉപഗ്രഹങ്ങാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ 730 കിലോഗ്രാം ഭാരമുള്ള മൂന്നു ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

2017 ആദ്യ പാദത്തില്‍ ഒരു റോക്കറ്റില്‍ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതി. വിദേശ ഉപഗ്രഹങ്ങളെല്ലാം ചെറുതാണെന്നും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ രാകേഷ് പറഞ്ഞു. 2016-ല്‍ ഇന്ത്യ 10 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇത് ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് നേട്ടമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിംഗപ്പൂര്‍, ജര്‍മ്മനി (8), യുകെ (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐഎസ്ആര്‍ഒ ആണ്. ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് വന്നുക്കൊണ്ടിരിക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 205 ശതമാനം അധികവരുമാനമാണ് ഐഎസ്ആര്‍ഒ നേടിയത്. 2014-15 വര്‍ഷത്തില്‍ 415.4 കോടി രൂപയാണ് ഐഎസ്ആര്‍ഒ നേടിയത്. 2013-14 ല്‍ ഇത് 136 കോടി രൂപയായിരുന്നു.

1999 മെയ് 26ന് കൊറിയയുടെ KITSAT3 ജര്‍മനിയുടെ DLRTUBSAT എന്നിവയാണ് ഐഎസ്ആര്‍ഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങള്‍. നമ്മുടെ ഓഷ്യന്‍സാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എല്‍വി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടര്‍ന്നിങ്ങോട്ട് 16 വര്‍ഷത്തിനിടെ 15 വിക്ഷേപണങ്ങളിലായി 20 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങള്‍ക്കു ചിറകു നല്‍കാന്‍ നമ്മുടെ സ്വന്തം ഐഎസ്ആര്‍ഒക്കായി. ഇംഗ്ലണ്ട്, അമേരിക്ക, അര്‍ജീരിയ, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്, കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയത്. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായി പിഎസ്എല്‍വി ഉപയോഗിച്ചായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് (Atnrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ നിര്‍മാണം, വിക്ഷേപണം, അനുബന്ധ സാമഗ്രികളുടെ നിര്‍മാണം, വിപണനം, ഉപഗ്രഹങ്ങളുപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയൊക്കെ ആന്‍ട്രിക്‌സിന്റെ നേതൃത്വത്തിലാണ്.

അതിവേഗ ഇന്റര്‍നെറ്റ് സര്‍വീസ്, ഡയറക്ട് ടു ഹോം (ഡിടിഎച്ച്) ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലി മെഡിസിന്‍, ടെലി എജ്യുക്കേഷന്‍, ദുരന്തനിവാരണ സംവിധാനങ്ങള്‍ എന്നീ മേഖലകളിലെ സേവന ദാതാക്കള്‍ക്ക് അത്യാവശ്യം വേണ്ട ട്രാന്‍സ്‌പോണ്ടറുകള്‍ വാടകയ്ക്കു നല്‍കിയും ആന്‍ട്രിക്‌സ് രാജ്യത്തിനു ലാഭമുണ്ടാക്കുന്നു.

അഭിപ്രായങ്ങള്‍

You might also like More from author