‘അരലക്ഷം രൂപ വിലയുള്ള ആ കണ്ണട ഊരി ഒന്ന് നോക്കണം സാര്‍, ചികിത്സ കിട്ടാതെ അലറി കരയുന്ന ആര്യമാരെ കാണാം’

കാളിയമ്പി   


അമ്പതിനായിരങ്ങള്‍ കണ്ണടയ്ക്ക് വിലയേയല്ലത്രേ.

എന്റെ കണ്ണടയുടെ വിലപറയുന്നത് ക്‌ളീഷേ ആയി മാറിക്കഴിഞ്ഞു. എന്നാലും പറയാം. ഒരുകിലോ അരിയ്ക്ക് കുറഞ്ഞത് നൂറ്റമ്പത് ഇന്‍ഡ്യന്‍ രൂപയുള്ള ഒരു രാജ്യത്താണ് ജീവിതം. എനിയ്ക്കും കണ്ണടയുണ്ട്.

ഞാന്‍ വാങ്ങിയിരിയ്ക്കുന്നത് ഏറ്റവും ഗുണമേന്മയുള്ള ലെന്‍സ് തന്നെയാണ്. കാഴ്ചശക്തിയെന്നത് അത്യാവശ്യം വേണ്ടുന്ന ജോലിയായതുകൊണ്ട് ഒരു കാരണവശാലും അതില്‍ കോമ്പ്രമൈസ് ചെയ്യാനാകില്ല. കോണ്ടാക്ട് ലെന്‍സ് എനിയ്ക്ക് ഏതാണ്ട് സൗജന്യമായാണ് ഇവിടത്തെ ഗവണ്മെന്റ് ആശുപത്രിയില്‍ നിന്ന് ലഭിയ്ക്കുന്നതെന്നതുകൊണ്ട് അത് കടയില്‍ നിന്ന് വാങ്ങണ്ട. അതുകൊണ്ട് വിലയും അറിഞ്ഞുകൂട. ഇതിനുമുന്‍പ് നാട്ടില്‍ നിന്ന് എന്റെ കോണ്ടാക്ട് ലെന്‍സുകള്‍ (എനിയ്ക്കായി പ്രത്യേകം പറഞ്ഞു ചെയ്യിയ്‌ക്കേണ്ടതുണ്ട്) രണ്ടായിരത്തഞ്ഞൂറു രൂപയ്ക്കാണ് ഒരു അഞ്ചാറു കൊല്ലം മുന്നേയും വാങ്ങിയിരുന്നത്.

എന്റെ കണ്ണിലെ കാഴ്ചശക്തി പ്രത്യേകതരം കോണ്ടാക്ട് ലെന്‍സ് വച്ചേ നേരെയാക്കാന്‍ കഴിയൂ എന്നതുകൊണ്ടാണ് അത് ഞാന്‍ താമസിയ്ക്കുന്ന നാട്ടില്‍ ഗവണ്മെന്റ് ആശുപത്രിയില്‍ നിന്ന് അത് എനിയ്ക്ക് ലഭിയ്ക്കുന്നത്. അല്ലെങ്കില്‍ കോണ്ടാക്ട് ലെന്‍സ് എന്നത് ഒരു ആര്‍ഭാടമായതുകൊണ്ട് ഗവണ്മെന്റ് ആശുപത്രിയില്‍ നിന്ന് ചുമ്മാ തരില്ല.

കോണ്ടാക്ട് ലെന്‍സുകള്‍ ആശുപത്രിക്കാര്‍ തരുന്നതുകൊണ്ട് വല്ലപ്പോഴും ലെന്‍സ് വയ്ക്കാന്‍ പറ്റാത്ത അവസരങ്ങളിലൊക്കെ വയ്ക്കാന്‍ ഒരു കണ്ണട സ്വന്തമായി വാങ്ങണം.

ഇനി ഈ കണ്ണട കടയില്‍ പോയല്ല വാങ്ങിയത്. ഷോപ്പെറൗണ്ട് എന്ന് പറയും. പലപ്പോഴും ഭക്ഷണമല്ലാത്ത ഒന്നും പെട്ടെന്ന് വാങ്ങിയ്ക്കാറില്ല. ധൂര്‍ത്തിനൊന്നും കുറവില്ല, ഒരു അണാപ്പൈ കയ്യില്‍ ഇല്ലാ താനും. എന്നാല്‍ ഷോപ്പെറൗണ്ട് ചെയ്യുക എന്നത് എനിയ്ക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് എപ്പോഴും ഷോപ്പിങ്ങ് സൈറ്റുകളിലും ഹൈസ്ട്രീറ്റുകളിലും കടകളിലും കറങ്ങുകയാണ് ഇഷ്ടവിനോദം.

The Secret Art of Zen Windowshoppig: Craft and Wizardry എന്ന ഒരു അത്യുഗ്രന്‍ പുസ്തകം എഴുതാനും വേണ്ട അനുഭവം ഈ ഏകാന്തജനാലനിരങ്ങലിനായിട്ടുണ്ട്.

എന്റെ ആ കണ്ണടയ്ക്ക് വില എത്രയാന്നറിയാമോ? മൂവായിരം രൂപ. ഇന്നത്തെ ഫോറക്‌സ് നിലവാരത്തില്‍ നോക്കിയാല്‍ 2803 രൂപ 69 പൈസ. പ്രിസ്‌ക്രിപ്ഷന്‍ വേണം. പ്രിസ്‌ക്രിപ്ഷന്‍ ഏതേലും ഒപ്റ്റീഷ്യന്റടുത്ത് ചെന്നാല്‍ ആയിരം രൂപയുടെ ഒരു അപ്പോയിന്റ്‌മെന്റില്‍ പ്രിസ്‌ക്രിപ്ഷന്‍ ശരിയാവും. അപ്പൊ അതൂടെ ചേര്‍ത്ത് ഒരു നാലായിരം രൂപ.

യുവകോമളനായോണ്ട് വേരിഫോക്കല്‍ ലെന്‍സ് വേണ്ട തല്‍ക്കാലം. ഇനി അങ്ങനെ ഒരെണ്ണമായാലും എത്രയായേനേ എന്ന് ഒന്ന് നോക്കി. ഞാന്‍ കണ്ണട വാങ്ങുന്ന സൈറ്റില്‍ ഏറ്റവും കൂടിയ വേരിഫോക്കല്‍ ലെന്‍സിന്റെ വില 18117.56 ഇന്‍ഡ്യന്‍ റുപ്പീസ് ആണ്. അതും ട്രാന്‍സിഷന്‍സ് എക്‌സ്ട്രാ ആക്ടീവ് ലെന്‍സുകള്‍.

പറഞ്ഞുവന്നത് ഒരു കിലോ അരിയ്ക്ക് ഏതാണ്ട് 180 രൂപയുള്ള നാട്ടില്‍ ഏറ്റവും മികച്ച ലെന്‍സിനു വില 18000 രൂപയില്‍ താഴെയാണ്. പക്ഷേ കടയില്‍ പോയി വാങ്ങാന്‍ പോയാല്‍ അവന്മാര്‍ നമ്മളെ ഒട്ടിച്ചുവയ്ക്കും എന്ന് മറക്കുന്നില്ല. താങ്കളേയും അതുപോലെ ഏതോ കടക്കാരന്‍ തേച്ചതാണെന്ന് കരുതുന്നു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനും എം എല്‍ ഏമാരുമൊക്കെ പരിധിയില്ലാത്ത ആരോഗ്യസുരക്ഷയുടെ രുചി പിടിച്ചവരാണ്. എന്തസുഖം വന്നാലും വസ്തുവും വീടും എഴുതിവില്‍ക്കാതെ അത് ചികിത്സിക്കാനും പോന്ന ഭാഗ്യം നാട്ടില്‍ച്ചെയ്തവര്‍. തോമസ് ചാണ്ടി എന്ന ശതകോടീശ്വരനു രണ്ടുകോടിരൂപ മുടക്കി അമേരിയ്ക്കയില്‍ ചികിത്സിക്കാനും ഗവണ്മെന്റ് പണം മുടക്കി. മന്ത്രി കേകേ ഷൈലജ ചികിത്സയ്ക്കായി എഴുതിയെടുത്തത് 3,81876 രൂപയാണ്. 28,000 രൂപ വിലയുള്ള കണ്ണടയുമവര്‍ ഉപയോഗിയ്ക്കുന്നു.

മന്ത്രിമാരുടേയും എം എല്‍ ഏ മാരുടെയുമൊക്കെ ചികിത്സാച്ചെലവ് ഗവണ്മെന്റ് ഏറ്റെടുക്കേണ്ടേ? സത്യം പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ല. എം പീമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കുമെല്ലാം ഈ അവകാശമുണ്ട്, ജഡ്ജിമാരുടെ ചികിത്സയ്ക്ക് എത്ര എഴുതിയെടുത്തു എന്ന് വിവരാവകാശം വച്ച് അറിയാന്‍ പോലും പാടില്ല എന്നാണ് സര്‍വശ്രീമാന്‍ സുപ്രീം കോടതിയുടെ കല്‍പ്പന.

അവര്‍ ജോലിചെയ്യുന്ന കമ്പനിയായ ഭാരത ലെജിസ്ലേചര്‍ എന്നതും ഭാരത ജുഡീഷ്വറി എന്നതുമായ ജോലിസ്ഥാപനം അവര്‍ക്ക് നല്‍കുന്ന ആനുകൂല്യമാണ് ആരോഗ്യപരിരക്ഷ. സ്വകാര്യ കമ്പനികളൊക്കെ ചെയ്യുന്നുണ്ടല്ലോ. ചില വന്‍ കമ്പനികളൊക്കെ കുടുംബത്തിനു മുഴുവന്‍ ആരോഗ്യപരിരക്ഷ നല്‍കും. ഗവണ്മെന്റില്‍ ലെജിസ്ലേചറിനും ജുഡീഷ്വറിക്കും മാത്രമല്ല എക്‌സിക്യൂട്ടീവിനും ഒരു പരിധിവരെയൊക്കെ ഈ ആനുകൂല്യമുണ്ടെന്ന് കേള്‍ക്കുന്നു. അവരും എഴുതിയെടുക്കുന്നുണ്ടാവാം. അവരുടെ ജോലിസ്ഥാപനം ഒരു ആനുകൂല്യം നല്‍കുമ്പോള്‍ അത് വേണ്ടെന്ന് വയ്ക്കുന്നതെന്തിന്? നല്ല കാര്യം.

പക്ഷേ ഏത് സ്ഥാപനമായാലും, നമ്മള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ആണെന്നിരിയ്ക്കട്ടെ, അവിടെ നമ്മള്‍ക്കീ ആനുകൂല്യമുണ്ട്. അവിടെ, ഇപ്പൊ ഗൂഗിളിന്റെ സീ ഈ ഓ തന്നെ ഇതുമാതിരി ഒരു ചിലവിന്റെ രശീതി പണമാക്കാന്‍ നല്‍കിയാല്‍ ഓഡിറ്റര്‍ എന്നൊരാള്‍ ചോദിയ്ക്കില്ലേ? മിസ്റ്റര്‍ സീ ഈ ഓ, ഇത് എന്തിനു വാങ്ങിയെന്ന്? അല്ലെങ്കില്‍ അടുത്ത ഷെയര്‍ഹോള്‍ഡേഴ്‌സ് മീറ്റിങ്ങില്‍ ആരെങ്കിലും ചോദിയ്ക്കില്ലേ? അല്ലെങ്കില്‍ കമ്പനികളെ നിരീക്ഷിയ്ക്കാന്‍ നടത്തുന്ന ഓഡിറ്റിങ്ങില്‍ ഈ ചോദ്യം വരും. അപ്പോള്‍ കണക്കുകളെല്ലാം ഓഡിറ്റിങ്ങിനു വിധേയമാകണം. വേണ്ടേ?

വേണം.

മനസ്സില്‍ വരുന്നത് ഒരു കുഞ്ഞിന്റെ രൂപമാണ്. പിറകുതിരിഞ്ഞിരിയ്ക്കുന്ന ആ കുഞ്ഞു ശരീരത്തില്‍ ഒരു ചുവന്ന കരയുള്ള നേരിയത് മൂടിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് ആ നേരിയതില്‍ ചെറിയ പാടുകള്‍ കാണാം. സ്‌ക്രീനില്‍ ആ രൂപം കാണുമ്പോള്‍ ആ പ്‌ളേ എന്ന ത്രികോണച്ചിഹ്നം ഞെക്കാനുള്ള മാനസികാവസ്ഥ ഇന്ന് വരെ കിട്ടിയിട്ടില്ല. കണ്ടിട്ടുമില്ല. ആ ഇരിപ്പ് മാത്രം കാണുമ്പൊ ഹൃദയം പൊടിഞ്ഞ് നുറുങ്ങിപ്പോവും. മലയാളിയുടെ മുഴുവന്‍ മനസ്സും കരഞ്ഞതുകൊണ്ടാണ് അവനത് അതുമാതിരി പ്രതികരിച്ചതും.

പക്ഷേ അതൊരു ഒറ്റപ്പെട്ട കാഴ്ചയല്ല . നിങ്ങള്‍ ഏത് ആശുപത്രിയുടെ മുന്നിലോ പോകണം, ഇതുമാതിരിയുള്ളവരെ കാണാം. മെഡിക്കല്‍ കോളേജു മുതല്‍ താലൂക്ക് ആശുപത്രി വരെ. ആര്‍ സീ സീയിലൊക്കെ പോയിനോക്കിയാല്‍ അവിടെയിരിയ്ക്കുന്ന ഓരൊരുത്തരും പറയും പണത്തിന്റെ കഥകള്‍. വസ്തുവിറ്റും ആകെയുണ്ടായിരുന്ന ഭൂമി പണയം വച്ചും അടുത്ത കീമോ എടുക്കുന്ന കഥകള്‍. ജീവിതം ഒരു അത്ഭുതമായി ഘോഷിയ്ക്കുന്ന മഹാത്മാക്കളൊന്നും ആ പണമില്ലാതെ ആര്‍ സീ സീയില്‍ അഭയം പ്രാപിയ്ക്കുന്ന മനുഷ്യരുടെ കഥകള്‍ രസകരമായ വായനാനുഭവങ്ങളാക്കിയിട്ടില്ല.

നിങ്ങള്‍ ആര്‍ സീ സീയിലോ ശ്രീചിത്രയിലോ രോഗിയുമായി പോയിട്ടുണ്ടോ? കഴിഞ്ഞ കൊല്ലം ഞാന്‍ ശ്രീചിത്രയില്‍ പോയി. രാവിലേ ആറുമണിയ്ക്ക് എത്തണം. അവിടെ ചെന്ന് ടൊക്കണ്‍ എടുത്ത് കാത്തിരിയ്ക്കണം. കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നൊക്കെ ശരീരം തളര്‍ന്നവരുള്‍പ്പെടെ വരും. സൂചികുത്താന്‍ അതിന്റെ വരാന്തകളില്‍ സ്ഥലമില്ല. ഇരിയ്ക്കാന്‍ സീറ്റുകിട്ടിയാലും നിങ്ങള്‍ക്ക് രണ്ട് കാലു തളരാതെയുണ്ടെങ്കില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും സീറ്റ് ഒഴിഞ്ഞുകൊടുത്തിരിയ്ക്കും. അത്രയ്ക്ക് വയ്യാത്ത രോഗികളാണ്.

ആറു മണിയ്ക്ക് വന്നവന്‍ ഒരു ജൂനിയര്‍ ഡൊക്ടറെ എങ്കിലും കാണണമെങ്കില്‍ പന്ത്രണ്ട് മണി കഴിയും. അത്രയും സമയം നിങ്ങളവിടെ ഇരിയ്ക്കണം. പിന്നീട് സീടീയോ എക്‌സ്രേയോ ഒക്കെ എടുക്കണേല്‍ പിന്നെ അവിടെപ്പോയി ഇതുപോലെ കാത്തിരിയ്ക്കണം. ഡോക്ടറെയെല്ലാം കണ്ട് നിങ്ങള്‍ തിരികെ ഇറങ്ങുമ്പോള്‍ വൈകിട്ട് നാലോ അഞ്ചോ മണിയാകും. ഈ പന്ത്രണ്ട് മണിയ്ക്കൂര്‍ കയ്യോ കാലോ തളര്‍ന്നവരും, മറ്റു ശസ്ത്രക്രീയകള്‍ക്ക് വന്നവരും തലച്ചോറില്‍ ട്യൂമര്‍ വന്നവരുമൊക്കെ ആ ഇരുമ്പ് കസേരകളിലോ തറയിലോ ഒക്കെ ഇരിയ്ക്കുകയും കിടക്കുകയുമാണ്.ഒരു നോക്ക് ഏതേലും ഡോക്ടറെ കാണാന്‍ മാത്രം. പിന്നെ ലാബ് ടെസ്റ്റ് കഴിഞ്ഞ് ഇതുപോലെ ഒരു ദിവസം. പിന്നെ എം ആര്‍ ഐ കഴിഞ്ഞ് ഇതുപോലെ അങ്ങനെ ആഴ്ചകളും മാസങ്ങളും നീളും.

പിന്നീട് എന്തെങ്കിലും ഒരു പ്രൊസീജിയറിനായി സമയം കിട്ടണമെങ്കിലോ?

ഞാന്‍ കൊണ്ടുപോയ ആള്‍ക്ക് ഒന്നര കൊല്ലം കഴിഞ്ഞാണ് തലയ്ക്കുള്ളിലെ ഒരു ശസ്ത്രക്രീയ നടത്താന്‍ ഡേറ്റ് കിട്ടിയത്. ആ കാത്തിരിപ്പില്‍ മോശമാവുന്ന ഏതെങ്കിലും രോഗമുണ്ടെങ്കില്‍ രോഗി പിന്നീട് ഉണ്ടാവുകയില്ല. അത് അവരുടെ കുറ്റമല്ല. അത്രയ്ക്കാണ് അവരുടെ തിരക്ക്. ഒരു നിമിഷം ഇരിയ്ക്കാന്‍ അവിടത്തെ ഡയറക്ടര്‍ മുതല്‍ തൂപ്പുകാര്‍ വരെയുള്ളവര്‍ക്ക് സമയമില്ല. ആത്മാര്‍ത്ഥമായിത്തന്നെയാണ് അവര്‍ പണിയെടുക്കുന്നത്.

ആര്‍ സീ സീ തുടങ്ങിയത് ഒരു കേന്ദ്രഗവണ്മെന്റ് പദ്ധതിയായാണ്. ഇന്ന് ഭാരതത്തില്‍ ഇരുപത്തിയഞ്ച് ആര്‍ സീ സീകളുണ്ട്. ശ്രീചിത്രാ ഹോസ്പിറ്റല്‍ വേറെ ഒരു പ്രൊജക്ട് ആയാണ് തുടങ്ങിയത്. ഒരുവിധപ്പെട്ട ഏത് തരം ചികിത്സയും വളരെ കുറഞ്ഞ ചിലവില്‍ അവിടെ നിന്ന് ലഭിയ്ക്കും.

ആര്‍ സീ സീയിലും ശ്രീചിത്രയിലെ ഗതി തന്നെയാണ്. കാന്‍സര്‍ മാത്രമായതുകൊണ്ട് ഇത്രയ്ക്ക് തിരക്കുണ്ടാവില്ലയെങ്കിലും അവിടെയും തിരക്കാണ്. രോഗികളെ കഴിയും വേഗം കാന്‍സര്‍ ആയതുകൊണ്ടുതന്നെ ചികിത്സ തുടങ്ങുകയും ചെയ്യും. എന്നാലും കാത്തിരിപ്പ് ചിലപ്പോള്‍ മാസങ്ങളൊക്കെ ആയെന്ന് വരാം.

കോട്ടയം മെഡിയ്ക്കല്‍ കോളെജില്‍ രണ്ടുകൊല്ലം മുന്നേ കരള്‍ മാറ്റിവയ്പ്പ് ശസ്ത്രക്രീയ നടത്തി. ഏത് ആശുപത്രിയിലും കുറഞ്ഞത് ഇരുപത് മുതല്‍ നാപ്പത് ലക്ഷമാകുന്ന ആ ശസ്ത്രക്രിയ അവിടെ ഒന്നേ കാല്‍ ലക്ഷത്തിനു നടത്തി. അതേ പോലെയാണ് ആര്‍ സീ സീയിലും ശ്രീ ചിത്രയിലും ചികിത്സാച്ചിലവ് വരുന്നത്. അതേ ചികിത്സ സ്വകാര്യ ആശുപത്രികളില്‍ ചെയ്യണമെങ്കില്‍ ആ ഇരുപതിരട്ടി ബില്‍ പ്രതീക്ഷിയ്ക്കാം.

ഈയിടെ ഒരു വാര്‍ത്ത വായിച്ചിരുന്നു. കേരളത്തില്‍ 12 ശതമാനം ആള്‍ക്കാരും മരിയ്ക്കുന്നത് ചികിത്സാച്ചിലവ് താങ്ങാനാവാതെയാണെന്ന്. ആ വാര്‍ത്ത ശരിയാണെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ അതിന്റെ ദാരുണത.

കേന്ദ്രഗവണ്മെന്റിന്റെ ഈ ബജറ്റില്‍ അഞ്ചുലക്ഷം രൂപാ വരെ കുടുംബത്തിനു ചികിത്സാച്ചെലവിനു വേണ്ട ആരോഗ്യപരിരക്ഷയുണ്ടാക്കും വിധം പദ്ധതികള്‍ പറഞ്ഞിട്ടുണ്ട്. അതിനേക്കാളുപരി ഇരുപത്തിയാറു മെഡിക്കല്‍ കോളേജുകള്‍…വിപ്‌ളവകരമാണ് ആ പദ്ധതി. ഇരുപത്തിയാറു കേന്ദ്രഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍. പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ പോലെ ഈ രാജ്യത്ത് വരികയാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സകളേക്കാള്‍ ഇരുപത് മടങ്ങോളം ചിലവ് കുറയുന്ന ചികിത്സ കിട്ടുന്ന ഇരുപത്തിയാറു സ്ഥലങ്ങള്‍ വരികയാണ്. ജന്‍ ഔഷധിപോലെയുള്ള മെഡിക്കല്‍ഷോപ്പുകള്‍ കൂടിയാവുമ്പോള്‍ ചികിത്സയെന്നത് ഏതൊരാള്‍ക്കും പ്രാപ്യമായ ഒന്നായി വരുന്ന ദിവസങ്ങള്‍ വരുമായിരിയ്ക്കും.

ഒരു ശ്രീചിത്രയ്ക്ക് പകരം പത്ത് ശ്രീചിത്ര ഉണ്ടായാല്‍ എന്തായിരിയ്ക്കും ഫലം.? ഒന്നരക്കൊല്ലം കഴിഞ്ഞ് കിട്ടിയ ആ ഡേറ്റ് രണ്ട് മാസത്തിനകം കിട്ടില്ലേ.? പോട്ടേ അഞ്ച് ശ്രീചിത്ര ഉണ്ടായാലോ? നമുക്ക് നാലു മാസത്തിനകം ഡേറ്റ് കിട്ടില്ലേ?.. എത്ര നന്നായേനേ അങ്ങനെയാണെങ്കില്‍ അല്ലേ? ആലപ്പുഴ, കോട്ടയം, തൃശൂര്‍ , കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ ഓരോ ആര്‍ സീ സീയും ഓരോ ശ്രീചിത്രയും വന്നാലോ. അതേ മാതൃക. അതേ സ്ട്രക്ചര്‍.

മാതാ അമൃതാനന്ദമയി മഠം അമൃത ആശുപത്രി ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ ഒരു കാര്യം അവരുടെ ആശുപത്രിയല്ല. അവരുടെ ആശുപത്രി സോഫ്‌റ്റ്വെയര്‍ ആണെന്ന് ഞാന്‍ പറയും. ഞെട്ടണ്ട. അമൃത ഒരു സ്വന്തമായ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ ആശുപത്രിയും കിടിലമായി ഓടിക്കാനും വേണ്ടുന്ന ഒരു സോഫ്‌റ്റ്വെയര്‍. വ്യാവസായികമായി ഉണ്ടാക്കി നല്‍കിയാല്‍ ശത കോടിക്കണക്കിനു രൂപയ്ക്ക് ലോകം മുഴുവന്‍ വില്‍ക്കാവുന്ന ഒരു സോഫ്റ്റ്വെയര്‍ ആണത്. അവര്‍ വില്‍ക്കുന്നുമുണ്ട്.

അമേരിയ്ക്കയിലെ കൊളോറാഡൊയിലുള്ള ആശുപത്രിയില്‍ മുതല്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളേജ്, ബീ ഏ ആര്‍ സീയിലെ ആശുപത്രി എന്തിനു പെരിന്തല്‍മണ്ണയിലെ ഈ എം എസ് സഹകരണ ആശുപത്രി വരെ ആ സോഫ്‌റ്റ്വെയറില്‍ ഓടുന്നു. അമൃതയോട് ഒന്ന് പറഞ്ഞാല്‍ അല്‍പ്പം വിലകുറച്ച് ഒരുപക്ഷേ സൗജന്യമായിപ്പോലും അവര്‍ ആ സോഫ്റ്റ്വെയര്‍ നല്‍കില്ലേ?. ഈ എല്ലാ ആര്‍ സീ സീ കളും ശ്രീചിത്രകളും തമ്മില്‍ അങ്ങനെയൊരു നെറ്റ്വര്‍ക്ക് ഉണ്ടായാല്‍? അഞ്ച് ആര്‍ സീ സീ, അഞ്ച് ശ്രീചിത്ര, തമ്മില്‍ ഇങ്ങനെയുള്ള സോഫ്റ്റ്വെയര്‍ വഴി ബന്ധം. പതിയെ മെഡിക്കല്‍ കോളേജുകള്‍ കൂടുതല്‍ സൗകര്യങ്ങളുള്ളതാക്കി വിപുലപ്പെടുത്തുക കൂടി ചെയ്താല്‍ ഈ ചികിത്സാച്ചിലവ് താങ്ങാനാവാതെ 12 ശതമാനം പേര്‍ മരിയ്ക്കുമോ?

അര്‍ബുദം വന്നവര്‍ക്ക് നമ്മള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ട് സഹായിയ്ക്കണോ?

സര്‍, ഒരു അഞ്ച് ലക്ഷം വരെയൊക്കെയുള്ള ചികിത്സാച്ചിലവ് ഏത് കേരളീയനും സഹിയ്ക്കാനാവും സാര്‍. ഒന്നുമില്ലേല്‍ നമുക്ക് അത്രയൊക്കെ അഞ്ഞൂറു രൂപവച്ച് ആയിരം പേരു ഷെയറിട്ടാല്‍ നടക്കും. പക്ഷേ ചിലവ് പത്തും പതിനഞ്ചും ഇരുപതും അമ്പതും ഒക്കെയാകുമ്പോഴാണ് വീടും പറമ്പും സ്വന്തമായുള്ളതുമെല്ലാം വിറ്റുപറക്കി ചികിത്സിക്കേണ്ടി വരുന്നത്..

ആ അമ്പതുലക്ഷം ഇല്ലാത്തതുകൊണ്ടാണ് സാര്‍, എനിയ്ക്ക് വേദനിയ്ക്കുന്നമ്മേ എന്ന് കുഞ്ഞുങ്ങള്‍ കരയുന്നത്. വിറ്റുപറക്കിക്കഴിഞ്ഞാലേ ഏത് കാരുണ്യവും കണ്ണ് അല്‍പ്പമെങ്കിലും തുറക്കൂ സര്‍. അവര്‍ക്കതേ കഴിയൂ. പക്ഷേ അപ്പോഴേയ്ക്ക് വേദന മാറി മരവിപ്പായിപ്പോകും.

സാര്‍, ആര്‍ സീ സീയുടെ ഇടനാഴികളിലൂടെ പീഡിയാട്രിക് വാര്‍ഡുകളുടെ അരികിലൂടെ ഒന്ന് നടക്കണം. അമ്പതിനായിരം പോയിട്ട് അമ്പത് രൂപയെടുക്കാനില്ലാത്ത അച്ഛനമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ആ വാര്‍ഡില്‍ കീമോതെറാപ്പിയ്ക്കും റേഡിയേഷനും ഒക്കെ കൊണ്ടുവന്നിരിയ്ക്കുന്നത് കാണാം. മറ്റു വാര്‍ഡുകളിലും കാണും. രോഗി വാര്‍ഡില്‍ കിടക്കുമ്പോള്‍ അകത്തുള്ളവര്‍ രക്ഷപെടണേ എന്ന് ആരോടൊക്കെയോ കരഞ്ഞ് വിളിച്ച് വെളിയിലെ ഫൈബര്‍ ഗ്‌ളാസ് കാത്തിരിപ്പിടങ്ങളില്‍ ആ തുരുമ്പിച്ച കസേരയില്‍ ഇരുന്ന് വെളുപ്പിയ്ക്കുന്ന ജീവിതങ്ങളുണ്ട്. ഒരു മുറി തിരുവനന്തപുരത്ത് എടുത്ത് താമസിയ്ക്കാന്‍ കെല്‍പ്പില്ലാത്ത ഏതേലും കാസര്‍കോട്ടുകാരനാവുമത്.

സാര്‍, ഏ കേ ജിയുടെ പത്ത് കോടി പ്രതിമയും പുന്നപ്രവയലാറിലെ പത്ത് കോടി പ്രതിമയുമൊക്കെ ഉണ്ടാവും. ഉണ്ടാക്കിക്കോളൂ. വേണ്ടത് തന്നെയാണ്. പക്ഷേ നമുക്ക് അത്യാവശ്യമായി വേണ്ടത് ഗവണ്മെന്റ് ചികിത്സാച്ചിലവെടുക്കുന്ന ആശുപത്രികളാണ്. കണ്ണടയുടെ അമ്പതിനായിരം, ആരോഗ്യമന്ത്രിയ്ക്ക് ഇരുപതിനായിരം, ശതകോടീശ്വരനു രണ്ടുകോടി, ഗോപീമഞ്ചൂരിയനു മൂന്നുലക്ഷമൊക്കെ എഴുതിയെടുക്കുമ്പോള്‍ കോപ്പിയടിയ്ക്കാനെങ്കിലും ”സംഘി”കളെ നാണം കെടുത്താനെങ്കിലും ജറ്റ്‌ലീ 26 മെഡിക്കല്‍ കോളേജ് തുടങ്ങുമെന്നാല്‍ ഞാന്‍ ഒന്നേലും തുടങ്ങും എന്ന് ചുമ്മാ.. ചുമ്മാ പറഞ്ഞാല്‍ മതി. ഒന്ന് പറയണം.

ശരിയാണ്. ഉത്തരപ്രദേശിലും ബിഹാറിലുമെല്ലാം ഇതിലും മോശമാണ് കാര്യങ്ങള്‍. പക്ഷേ അവിടെ മാറ്റാന്‍ ശ്രമിയ്ക്കുന്നുണ്ട്. വാക്കുകളിലെങ്കിലും.

എട്ട് പുതിയ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകള്‍ ആണ് ഗുജറാത്തില്‍ വരുന്നത്. ഇരുപത്തഞ്ച് പുതിയ മെഡിക്കല്‍ കോളേജുകളും ആറു ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമാണ് ഉത്തരപ്രദേശില്‍ വരുന്നത്. അവിടെയൊക്കെ ഇമ്മാതിരി ഹയര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും ആശുപത്രികളും ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നാണത് കാണിയ്ക്കുന്നത്. ഈ കേന്ദ്രബജറ്റിലെ 26 പുതിയ കേന്ദ്ര മെഡിക്കല്‍ കോളേജുകളും ആ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേന്ദ്രഗവണ്മെന്റ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പന്ത്രണ്ട് ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രഖ്യാപിച്ചതിലെല്ലായിടത്തും പണി തുടങ്ങിക്കഴിഞ്ഞു. ജമ്മുകാശ്മീരിലുള്‍പ്പെടെ.

ജില്ലാ ആശുപത്രിയും താലൂക്ക് ആശുപത്രിയുമൊന്നും വേണ്ട എന്നല്ല. തീര്‍ച്ചയായും വേണം. പക്ഷേ സമൂഹം വികസിതമാകുമ്പോള്‍ സ്വാഭാവികമായും അതുവരെയുള്ള ചികിത്സാച്ചിലവൊക്കെ താങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയും. ബീപീഎല്‍ കാര്‍ക്ക് കാരുണ്യ പദ്ധതി മുതല്‍ പുതിയ ഗവണ്മെന്റ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വരെ വരും. അതുകഴിയുമ്പോഴാണ് പ്രശ്‌നമാകുന്നതും ഫെയിസ്ബുക്കില്‍ പോസ്റ്റിട്ട് കരയേണ്ടി വരുന്നതും വീടും പറമ്പും എഴുതിവാങ്ങുന്നതുമെല്ലാം.

സാര്‍, പരിധിയില്ലാത്ത ആരോഗ്യച്ചിലവുകള്‍ എഴുതിയെടുക്കാന്‍ നിങ്ങളുടെ തൊഴില്‍ ദാതാവായ ഭാരത ലെജിസ്ലേച്ചറും ജുഡീഷ്വറിയും എല്ലാം ഓഡിറ്റിങ്ങുപോലുമില്ലാതെ അനുമതി നല്‍കിയിരിയ്ക്കുമ്പോള്‍ ആ നേരിയതില്‍ പുതഞ്ഞ് ശരീരത്തില്‍ നിന്നൊഴുകുന്ന പാടുകളുമായി ആ കൊച്ചുകുഞ്ഞ് ഇനിയും കരയരുത്. അവള്‍ ഒരാളല്ല. ആരുമറിയാതെ ഒരുപാട് കുഞ്ഞുങ്ങള്‍ ഈ നാടിന്റെ മുക്കിലും മൂലയിലുമുണ്ട്.

സാര്‍ ആ കുഞ്ഞുങ്ങളുള്‍പ്പെടെയുള്ളവരുടെ നികുതിപ്പണത്തില്‍ നിന്ന് എഴുതിയെടുത്ത അമ്പതിനായിരം രൂപയുടെ കണ്ണാടിയുമായി അങ്ങ് കാണുമ്പോള്‍ തെളിയേണ്ടത് അവരെയൊക്കെയാണ്.ജൂതരില്‍ ജൂതനായ സുക്കര്‍ബര്‍ഗ് ഒരു സുപ്രഭാതത്തില്‍ ഫെയിസ്ബുക്ക് പൂട്ടിയാല്‍ അന്ന് നിലയ്ക്കും ലക്ഷക്കണക്കിനു ഷെയറുകളില്‍ തളിര്‍ത്ത അവളുടെ വേദനാസംഹാരികള്‍.

നേരിട്ട് മുന്നില്‍ ആകാശത്തുനിന്നൊരു മനുഷ്യന്‍ തകര്‍ന്ന് വീണപ്പോള്‍ സാറു കണ്ടല്ലോ, പീരങ്കി കേട്ടപ്പോള്‍ നെപ്പോളിയന്‍ ഞെട്ടിയില്ലെന്നൊക്കെ കഥകളില്‍ കേള്‍ക്കുന്നപോലെ നിന്നിടത്ത് നിന്നനങ്ങാതെ തലനീട്ടി ഒന്നെത്തിനോക്കിയിട്ട് ഒരു രണ്ട് ചുവട് പിറകോട്ട് മാറി നിന്നുകളഞ്ഞു പൊന്നുമലയാളം. ഒരു ഭാവഭേദവുമില്ലാതെ കല്ലുമാതിരി. ഒരു പാറക്കല്ല് വന്ന് വീണെങ്കില്‍ ഒന്നൂടെ നോക്കിയേനേ ഇത് എവിടെനിന്ന് പൊഴിഞ്ഞ് വീണെന്ന്. അതോണ്ട് ഷെയറുകളില്ലെങ്കില്‍ ഒരാളും ചുമ്മായൊന്നും ഒന്നും കൊടുക്കില്ല.

ഈ എഴുതിയതില്‍ രാഷ്ട്രീയമുണ്ട്. പക്ഷേ ആത്മാര്‍ത്ഥമായാണ് സര്‍. കുറ്റപ്പെടുത്താനല്ല. ഞാന്‍ നില്‍ക്കുന്ന രാഷ്ട്രീയഭൂമികയെ പുകഴ്ത്താനോ നിങ്ങളെ ഇകഴ്ത്താനോ അല്ല. ഇവിടെ നിങ്ങളുടെ വിഷന്‍ ഡൊക്യുമെന്റുകളില്‍ അത്യാവശ്യമായി ഉണ്ടാകേണ്ട പാരഡൈം ഷിഫ്റ്റ് ചൂണ്ടിക്കാട്ടാനാണ് പറയുന്നത്. നമുക്ക് വേണ്ടത് പുതിയ ആര്‍ സീ സീകളും ശ്രീചിത്രകളുമാണ്. ആര്യയുടെ കരച്ചിലുകള്‍ക്ക് മരുന്നുള്ളത് അവിടെയൊക്കെയാണ്. ആര്യമാര്‍ കരയുന്നത് അവിടെ ആശ്രയമില്ലാതെയാകുമ്പോഴാണ്. പുതിയകണ്ണാടികളില്‍ അത് കാണാനുള്ള കാഴ്ചയുണ്ടായില്ലെങ്കില്‍ ശ്രീയും രാമനും കൃഷ്ണനും ശ്രീരാമനും ശ്രീകൃഷ്ണനും മൊത്തത്തില്‍ ചേര്‍ന്ന് വരുമ്പോള്‍ ആ കാളീഖട്ടിലെ ഭ്രാന്തന്‍ പൂജാരിയുടെ ശ്രീത്വമാര്‍ന്ന ഓര്‍മ്മകളുമുയര്‍ത്തുന്ന ആ പേരു വെറും പേരായിമാറും.

ഞാന്‍ ജോലിചെയ്യുന്ന നാട്ടില്‍ ചികിത്സ മുഴുവന്‍ സൗജന്യമായിത്തന്നെ ഒരു അണാപ്പൈസ വാങ്ങാതെ രോഗികള്‍ക്ക് നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ച് ആ സിസ്റ്റമുണ്ടാക്കിയ ഒരു മന്ത്രിയുണ്ടായിരുന്നു. 1947ലാണത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചുവീണ ദശലക്ഷക്കണക്കിനു യുവാക്കളുടെ നഷ്ടം പോരാഞ്ഞ് സകല രീതിയിലും നട്ടെല്ലൊടിഞ്ഞു തകര്‍ന്ന് നില്‍ക്കുന്ന സാമ്പത്തികരംഗം. സ്വന്തം വരുമാനമാര്‍ഗ്ഗമായിരുന്ന കോളനികള്‍ ഓരോന്നായി പോയിക്കഴിഞ്ഞു. അന്ന് എന്ത് ഭ്രാന്താണിയാള്‍ പറയുന്നതെന്ന് ജനം ചോദിച്ചു. എവിടെനിന്ന് പണം? അന്ന് ആ മനുഷ്യന്‍..അന്യുറിന്‍ ബെവന്‍ എന്നാണാ മന്ത്രിയുടെ പേര്‍. അങ്ങേര്‍ പറഞ്ഞു. ‘ ഒരു യുദ്ധം ഒരു കുഴപ്പവുമില്ലാതെ നടത്താന്‍ പണമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കാനുള്ള പണവും നമുക്കുണ്ട്” എന്ന്.

ആലുവാ അദ്വൈതാശ്രമം സ്ഥാപിയ്ക്കണമെന്ന് പറഞ്ഞ് ശ്രീനാരായണഗുരു യാത്രതിരിച്ചപ്പോള്‍ ഒരു ചില്ലിക്കാശ് കയ്യിലില്ലായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഗുരോ എവിടന്നാണ് ഇതിനുവേണ്ട ധനം കിട്ടുക എന്ന് കൂടെയുള്ളവര്‍ ചോദിച്ചു. ധനമല്ലേ ഈ ലോകത്തു മുഴുവനുമുള്ളത് എന്ന് മറുപടിപറഞ്ഞ് വര്‍ക്കലയില്‍ നിന്ന് ആലുവയിലെത്തുന്നതിനു മുന്നേ അദ്ദേഹത്തിനു അദ്വൈതാശ്രമത്തിനു വേണ്ട പണം കിട്ടിയിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

പണം തന്നെയാണ് ഈ ലോകത്ത് മുഴുവനുമുള്ളത്. വേണ്ടത് സംയോജകരെയാണ്. ഇരുപതിനായിരവും അമ്പതിനായിരവും ഒരുലക്ഷവും മൂന്ന് ലക്ഷവും രണ്ട് കോടിയുമൊക്കെ എഴുതിയെടുത്താല്‍ നാരായണഗുരുവുമാകില്ല. അന്യുറിന്‍ ബെവനുമാകില്ല.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.