കൊച്ചി പുസ്തകോത്സവ നഗരിയില്‍ സംഗീതാചാര്യന് ഗുരുവന്ദനം, ആര്‍.കെ ദാമോദരനെ ആദരിച്ചു

കൊച്ചി: രവിവര്‍മ ചിത്രത്തിന്‍ രതിഭാവമേ….’ എന്ന ഗാനവുമായി ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്ന ആര്‍.കെ.ദാമോദരന്റെ പാട്ടെഴുത്തു ജീവിതത്തിന് നാല്പതാം വര്‍ഷം പുസ്തകോത്സവ നഗരിയില്‍ ആദരം. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന മധുരം ദാമോദരം പരിപാടിയില്‍ ആര്‍.കെ ദാമോദരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീകുമാര്‍ മുഖത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ രവി മേനോന്‍, ജസ്റ്റിസ്. പി.എസ് ഗോപിനാഥന്‍, ഡോ. സുരേഷ് മണിമല, ടി. എസ് രാധാകൃഷ്ണന്‍, ബേണി, ഇഗ്നേഷ്യസ്, ബിജിപാല്‍, സന്തോഷ് വര്‍മ്മ, ചിറ്റൂര്‍ ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ. മലയാളം രണ്ടാം വര്‍ഷം വിദ്യാര്‍ഥിയായിരിക്കേ 1997 നവംബര്‍ രണ്ടിനാണ് ‘രാജു റഹീം’ എന്ന ചിത്രത്തിനു വേണ്ടി ദാമോദരന്‍ ഈ ഗാനം രചിക്കുന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഗാനം ചെന്നൈയിലെ എ.വി.എം. സ്റ്റുഡിയോയിലാണ് റെക്കോഡ് ചെയ്തത്. ആദ്യ ഗാനത്തിലൂടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ആര്‍.കെ. പിന്നീട് 89-ല്പരം ചലച്ചിത്രങ്ങളിലായി 118 ഗാനങ്ങള്‍ സംഭാവന ചെയ്തു. നൂറ്റി മുപ്പതോളം നാടകഗാനങ്ങളും അറുനൂറിനു മേല്‍ അയ്യപ്പഭക്തി ഗാനങ്ങളും അനേകം ഓണപ്പാട്ടുകളും ക്രൈസ്തവ – ഇസ്ലാമിക പ്രാര്‍ത്ഥനാ ഗാനങ്ങളും ലളിതഗാനങ്ങളും രാഷ്ട്രീയ പ്രചാരണ ഗാനങ്ങളും രചിച്ചു. അങ്ങനെ ആര്‍.കെ. തൂലിക ചലിപ്പിച്ചത് മൂവായിരത്തോളം ഗാനങ്ങള്‍ക്ക്. ദേവരാജന്‍ മാസ്റ്റര്‍, എം.എസ്. വിശ്വനാഥന്‍, ഇളയരാജ, ജോണ്‍സണ്‍ മാസ്റ്റര്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, രവീന്ദ്രന്‍ മാസ്റ്റര്‍, ശ്യാം, ജെറി അമല്‍ദേവ്, വിദ്യാധരന്‍ മാസ്റ്റര്‍, ടി.എസ്. രാധാകൃഷ്ണന്‍, ബേണി-ഇഗ്‌നേഷ്യസ്, ദീപക് ദേവ്, എം. ജയചന്ദ്രന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ ആര്‍.കെ. യുടെ വരികള്‍ ഈണമിട്ടു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.