ഇന്ത്യ ലോകത്തെ ഉല്‍പാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ് നല്‍കി ചൈനീസ് മാധ്യമങ്ങള്‍

ബെയ്ജിങ്: ഇന്ത്യ ലോകത്തെ ഉല്‍പാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് നല്‍കി ചൈനീസ് മാധ്യമങ്ങള്‍. ആപ്പിള്‍ അതിന്റെ വ്യാപാര മേഖല ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചൈനീസ് മാധ്യമങ്ങള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.

രാജ്യത്തിന് പുറത്തുള്ള നിര്‍മാതാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ചൈന തങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നാണ് ഗ്ലോബല്‍ ടൈംസ് നിര്‍ദേശിച്ചിരിക്കുന്നത്. ആപ്പിളിന്റെ പ്രധാന അസംബ്ലര്‍മാരായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, പെഗാട്രണ്‍ കോര്‍പ്പറേഷന്‍, വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ തായ്‌വാന്‍ കമ്പനികളാണ്. ഇവരിലാരെങ്കിലുമായിരിക്കും ആപ്പിളിന്റെ ഇന്ത്യയിലെ അസംബ്ലിങ് ജോലികള്‍ ചെയ്യുക. ഇതില്‍ ഫോക്‌സ്‌കോണ്‍, ഇന്ത്യയിലെ ജോലി സാധ്യതകള്‍ എത്രമാത്രമുണ്ടെന്ന് പ്രത്യേകം എടുത്തുപറയുകയും ചെയ്തുകഴിഞ്ഞെന്ന് ചൈനീസ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഉല്‍പ്പാദന മേഖലയിലെ തൊഴിലവസരങ്ങള്‍ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ചൈനീസ് മാധ്യമങ്ങള്‍ ബെയ്ജിങിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ഉല്‍പ്പാദനം കൂട്ടുന്നതിനൊപ്പം തന്നെ സാങ്കേതികവിദ്യയും കഴിവുകളും മൂലധനവും പുന:സംഘടിപ്പിക്കാനും ചൈന ശ്രദ്ധിക്കണമെന്നും മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നു.

അഭിപ്രായങ്ങള്‍

You might also like More from author