സാംസ്‌ക്കാരിക ഇടങ്ങളിലെ ചുവപ്പ് മായ്ക്കുമ്പോള്‍ പടരുന്ന അസഹിഷ്ണുത

 

ബിന്ദു ടി
എഴുത്തുകാരും സാംസ്‌കാരിക നായകരും ആര്‍എസ്എസ് വേദി പങ്കിടുന്നതില്‍ ഇടത്പക്ഷത്തിനുള്ള ആശങ്കകളിലാണ് കേരളത്തിലെ സാംസ്‌ക്കാരിക പുലരികള്‍ വിടരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷ ബുദ്ധിജീവികള്‍ സംഘടിത പ്രക്ഷോഭം നയിക്കുന്നു എന്ന വാചാടോപം ഇടത് രാഷ്ട്രീയവും അവരെ പിന്തുണക്കുന്ന മോദി വിരുദ്ധ മാധ്യമങ്ങളും വിടാതെ പിന്തുടരുമ്പോഴാണ് കേരളത്തിലെ ‘നയവ്യതിയാനം’ . തലോടിയും, ഭീഷണിപ്പെടുത്തിയും അപ്രഖ്യാപിത അടിയന്തിരാവസ്ഥ അടിച്ചേല്‍പിച്ചും ഇതുവരെ കലാരംഗത്ത് നടപ്പാക്കിയിരുന്ന ഇടത് സാംസ്്കാരിക ഫാസിസത്തിന്റെ മതിലുകള്‍ പൊളിയുന്നു എന്നതിന്റെ സൂചനകള്‍ അത്ര എളുപ്പത്തില്‍ അംഗീകരിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടു തന്നെ ആര്‍എസ്എസ് ഉള്‍പ്പെടുന്ന വലത്പക്ഷ സംഘടനകളുടെ പരിപാടികളില്‍ ഏതെങ്കിലും എഴുത്തുകാരോ, കലാകാരന്മാരോ പങ്കെടുക്കുന്നത് വലിയ ഗൗരവത്തോടെയാണ് സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ കാണുന്നത്. ശക്തമായി എതിര്‍ത്ത് ഇത്തരം പ്രവണതകളെ മുളയിലെ നുള്ളാനാണ് ശ്രമം.  ഇടതുപക്ഷ സൈബര്‍ പോരാളികളെയും മറ്റ് കലാകാരന്മാരെയും അണി നിരത്തിയുള്ള നീക്കങ്ങള്‍ പക്ഷേ തിരിച്ചടിയാവുകയാണെന്ന് കാലം അടയാളപ്പെടുത്തുന്നു.

 

സാംസ്‌ക്കാരിക രംഗം ചുവപ്പ് ചങ്ങല പൊട്ടിക്കും മുമ്പുള്ള കാലം

കേരളത്തിലെ കലാ സാംസ്‌കാരിക രംഗം സിപിഎം മൊത്തക്കച്ചവടത്തിന് തീറെഴുതിയത് ഇന്നും ഇന്നലെയുമല്ല. കേരള സംസ്ഥാന രൂപീകരിക്കപ്പെട്ടത് മുതല്‍ തുടങ്ങും അത്. പുകസ എന്ന സിപിഎം സാഹിത്യസംഘടനയെ മുന്‍നിര്‍ത്തി എഴുത്തുകാരെ നേരിട്ടും അല്ലാതെയും കൂച്ച് വിലങ്ങിട്ടു. ബുദ്ധിജീവികള്‍ ഇടത്പക്ഷ ചിന്താഗതിയുള്ളവര്‍ മാത്രമെന്ന നിലയിലേക്ക് കാര്യങ്ങള്‍ പരിമിതപ്പെടുത്തുമ്പോള്‍ ഒരു എതിര്‍ ശബ്ദം പോലും ഉയരാതിരിക്കാനുള്ള ഫാസിസ്റ്റ് ജാഗ്രത ഇടത്പക്ഷ സംഘടനകള്‍ പുലര്‍ത്തിയിരുന്നു. എഴുത്തുകാരുടെ കാര്യത്തില്‍ മാത്രമല്ല മറ്റ് കലാകാരന്മാരെയും അത്തരമൊരു കള്ളിയില്‍ തളച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇടത് കുടക്കീഴില്‍ ഉള്ളവരെ തലോടിയും എതിര്‍ ശബ്ദങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് നശിപ്പിച്ചും സാംസ്‌ക്കാരിക ഫാസിസം കേരളത്തിലെ പതിവ് കെട്ടുകാഴ്ചയായി. സിപിഎം എന്ന കക്ഷി രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരെ മുന്‍ നിരയില്‍ നിര്‍ത്തി, മറ്റ് തീവ്ര ബുജികളെ തളയ്ക്കുന്നതിനും അവര്‍ക്ക് എളുപ്പം കഴിഞ്ഞു. സിവിക് ചന്ദ്രനെ പോലെയുള്ള എഴുത്തുകാര്‍ സിപിഎം രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ വ്യതിയാനത്തെ ചൂണ്ടിക്കാട്ടിയപ്പോഴും, ഉമേഷ് ബാബുവിനെ പോലുള്ളവര്‍ അതിനെ വിമര്‍ശിച്ചപ്പോഴും ഭീഷണമായ മുഖവുമായി സാംസ്‌ക്കാരിക ഫാസിസം ഇരമ്പിയെത്തി. സുകുമാര്‍ അഴീക്കോടിനെ പോലുള്ള മഹാ പ്രതിഭകളെ പോലും വെറുതെ വിടാത്ത ഇടത് അരാഷ്ട്രീയ ഫാസിസം  ഒരിയ്ക്കല്‍ പോലും ചോദ്യം ചെയ്യപ്പെടാതെ നിലനിര്‍ത്താന്‍ അന്നൊക്കെ അവര്‍ക്ക് കഴിഞ്ഞു. വാഴക്കുല എന്ന ദളിത് ആകുലതകളുടെ കണ്ണീര്‍ കവിത രചിച്ച ചങ്ങമ്പുഴയ്ക്ക് പോലും പുറത്തിലയിട്ട് നിര്‍ബന്ധിച്ച് ഊട്ടാനുള്ള തീട്ടൂരമാണ് ഇവര്‍ പുറപ്പെടുവിടച്ചത് എന്ന് മറക്കാനാവില്ല. എം ഗോവിന്ദനെ പോലുള്ള മാനവീക കമ്മ്യൂണിസ്റ്റുകളെ ഇന്നും ബൂര്‍ഷ്വയായി മാറ്റി നിര്‍ത്തി ഭത്സിക്കുന്നവരാണ് ഇവരെന്നും ഓര്‍മ്മിപ്പിക്കപ്പെടണം.

പതിറ്റാണ്ടുകള്‍ നീണ്ട സാംസ്‌ക്കാരിക ഫാസിസത്തിന് മുന്നില്‍ കേരളീയ പാരമ്പര്യ കലകളും ഭാരതീയ സംസ്ൃതിയുടെ ഈടുവെപ്പുകളും കൂമ്പടഞ്ഞു പോയെന്നതും ആരും കണ്ടില്ലെന്ന് നടിച്ചു. പ്രസ്ഥാനവത്ക്കരണത്തിന്റെ തടവറയില്‍ കിടക്കുമ്പോഴും, സ്വാതന്ത്ര്യത്തിന്റെ മഹാഗാഥകളെ കുറിച്ച് ഗീര്‍വാണം നടത്തുകയായിരുന്നു ഇടത്സമൂഹം. അറിഞ്ഞോ അറിയാതെയോ ഈ വേഷപ്പകര്‍ച്ചയിലേക്ക് വീണു പോയവരാണ് അധികവും. ഒരു കലാകാരന്‍ എന്ന നിലയില്‍ നിങ്ങളെ അടയാളപ്പെടുത്തുന്നത് ഞങ്ങളാണ് എന്ന രാജാപാര്‍ട്ട് റോള്‍ സിപിഎം ഏറ്റെടുത്തതിന്റെ ദയനീയമായ പരിണതിയായിരുന്നു അത്. കലാകാരനായാല്‍ പോരാ നിങ്ങള്‍ സിപിഎം പക്ഷമാകണം എന്ന തീട്ടൂരം ശിരസ്സാവഹിക്കാന്‍ കേരളം അങ്ങനെ നിര്‍ബന്ധിതമായി. കമ്മ്യൂണിസ്റ്റ് ഫാസിസം വരുന്നത് ഇരുമ്പിയാര്‍ത്ത് അട്ടഹസിച്ചല്ല, നിശബ്ദമായി പിന്നാമ്പുറത്തുടെ ഇഴഞ്ഞിഴഞ്ഞാണെന്ന് അവര്‍ക്ക് മാത്രം അറിയാമായിരുന്നു.

കാലം മാറി കേരളവും മാറുന്നു

നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ രാജ്യവ്യാപകമായി വലത്പക്ഷ കലാ സാംസ്്കാരിക രംഗത്തുണ്ടായ ഉണര്‍വ്വിന് നേരെ കേരളവും കണ്ണടച്ചില്ല എന്നിടത്താണ് മാറ്റത്തിന്റെ ശംഖൊലി മുഴങ്ങിയത്. പി.വത്സല എന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ വനിത പോരാളി നരേന്ദ്രമോദിയെ പിന്തുണച്ച് തുടങ്ങിയ കലാപം ഇടത് പക്ഷ ഫാസിസ്റ്റ് കലാ കൊട്ടകൊത്തളങ്ങളില്‍ ഉണ്ടാക്കിയ അലയൊലി ചെറുതല്ല. പി വത്സലയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ സംഘപരിവാര്‍ അടിമത്തമായി ചിത്രീകരിച്ച് പതിവ് പോലെ എതിര്‍പക്ഷം കൂട്ടത്തോടെ ആക്രമണം തുടങ്ങി. പക്ഷേ ആ എതിര്‍പ്പിന് പഴയ പോരാട്ടത്തിന്റെ ചൂരോ ആവേശമോ ഉണ്ടായില്ല. എവിടെയോ എന്തോ ചീഞ്ഞ് നാറുന്നു എന്ന തിരിച്ചറിവ് ഇടത്പക്ഷ സാംസ്‌ക്കാരിക നേതാക്കള്‍ക്ക് തോന്നി തുടങ്ങുന്നത് അവിടെ നിന്നാണ്.

കാനായി കുഞ്ഞിരാമനെ പോലുള്ള കലാകാരന്മാരും, സുരേഷ് ഗോപിയെ പോലുള്ളവരും അപ്പുറത്ത് അണിനിരന്നതോടെ ആക്രമണം ഏകപക്ഷീയമാവില്ല എന്ന തിരിച്ചറിവ് ഇടത് ബുജികള്‍ക്കുണ്ടായി. സുരേഷ് ഗോപിയെ കേന്ദ്രപദവി സ്വീകരിച്ചതിന് അടിമ ഗോപി എന്ന വിളിച്ച സംവിധായകന്‍ കമല്‍, പിണറായി സര്‍ക്കാരിന്റെ ഔദാര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായപ്പോള്‍ പൊതുസമൂഹം ഉയര്‍ത്തിയ ചോദ്യം ഏറെ പ്രസക്തമാണ്. ഇതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന ഇടങ്ങളില്‍ നിന്ന് എതിര്‍ ശബ്ദം ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ ഇതാ സാംസ്‌ക്കാരിക രംഗവും സംഘപരിവാര്‍ കീഴടക്കുന്നേ എന്ന നിലവിളി ഉയര്‍ത്താനായി ശ്രമം. എന്നാല്‍ ഇത് കള്ളക്കരച്ചിലാണ് എന്ന തിരിച്ചറിവിലേക്ക് കേരള സമൂഹം മാറി തുടങ്ങി.

ദേശീയ ഗാനവിവാദം, താന്‍ എതിര്‍ക്കപ്പെടുന്നത് മുസ്ലീമായതിനാല്‍ എന്ന കമലിന്റെ പരിദേവനം, ഒടുവില്‍ മോദിയെ വിമര്‍ശിച്ച എം.ടിയ്‌ക്കെതിരെയുള്ള വിമര്‍ശനത്തെ തലങ്ങും വിലങ്ങും എതിര്‍ത്ത ആവിഷ്‌ക്കാര സ്വാതന്ത്ര്യ വാദത്തിലെത്തിയപ്പോള്‍ അത് ഭ്രാന്തമായ പരിണാമ ഗുപ്തിയിലാണ്.
ദാദ്രിയിലെ ബീഫ് കൊലപാതക വിവാദത്തിന്റെ ചൂടേറ്റാന്‍ കേന്ദ്ര അവാര്‍ഡുകള്‍ തിരിച്ചേല്‍പിച്ച ഇടത് ആവേശ കുമാരന്മാരും, കുമാരിമാരും പ്രതിഷേധത്തിന്റെ പുതുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വിശ്രമത്തിലിരിക്കുമ്പോഴാണ് എംപി വീരേന്ദ്രകുമാറിനും, പ്രഭാവര്‍മ്മയ്ക്കും മോദി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പുരസ്‌ക്കാരങ്ങള്‍ ലഭിക്കുന്നത്. രണ്ട് അവാര്‍ഡുകളും അവര്‍ നിരസിച്ചില്ല എന്ന് മാത്രമല്ല രാമന്റെ ദു:ഖം എഴുതിയ വീരേന്ദ്രകുമാര്‍ അവാര്‍ഡ് ലഭ്യതയുടെ സന്തോഷം മറച്ച് വെ്ച്ചു പോലുമില്ല. നോട്ട് അസാധുവാക്കല്‍ മണ്ടന്‍ തീരുമാനം എന്ന് ആട്ടഹസിച്ച് മോദി വിരുദ്ധത കത്തിപടര്‍ത്തുന്ന വേളയില്‍ ഈ അവാര്‍ഡുകള്‍ ഏറ്റവാങ്ങുന്നത് ഇടത്പക്ഷത്തിന്റെ അപചയമല്ലെ എന്ന ചോദ്യം പോലും ഒരാളും ഉയര്‍ത്തിയില്ല.

എം.ടിയെ അകമഴിഞ്ഞ് പിന്തുണച്ച കേരളീയ കലാസമൂഹം കമലിനെ പിന്തുണയ്ക്കാത്തത് എന്ത് എന്ന ശബ്ദമുയര്‍ത്തി ചിലര്‍ രംഗത്തെത്തുന്നതും ഇതിനിടയിലാണ്. എം.ടിയെ ഇടത്പക്ഷ ബുജി പക്ഷത്ത് അണിനിരത്താനുള്ള ശ്രമം പാളിയതിന്റെ നിരാശകൂടിയായിരുന്നു ഇതിന് പിന്നില്‍. എം.ടിയെ രാഷ്ട്രീയമായി വിമര്‍ശിക്കാനുള്ള അവകാശം ബിജെപിയ്ക്കുണ്ട് എന്ന വാദത്തിനും ഏറെ പിന്തുണ കേരളത്തില്‍ നിന്ന് ലഭിച്ചു. സിപിഐ നേതാവ് കാനം രാജേന്ദ്രനെ പോലെയുള്ളവര്‍ പോലും
എം.ടി വിവാദത്തിലെ സിപിഎം ഇരട്ടതാപ്പും ദുഷ്‌ലാക്കും തിരിച്ചറിഞ്ഞുവെന്ന് വേണം കരുതാന്‍. എംടിയെ പിന്തുണച്ച് പ്രിയദര്‍ശനെ പോലെയുള്ള സിനിമ പ്രവര്‍ത്തകരും രംഗത്തെത്തി. ഫലത്തില്‍ എം.ടി വിവാദത്തില്‍ നിന്ന് ‘വെടക്കാക്കി തനിക്കാക്കി’ നേട്ടം കൊയ്യാനാവില്ല എന്ന് സിപിഎം പരിവാറുകള്‍ തിരിച്ചറിഞ്ഞു. ഉടന്‍ കമലിനെന്തെ ഇത്തരം പിന്തുണ കിട്ടുന്നില്ല എ്ന്ന വാദം ചിലര്‍ ഉയര്‍ത്തി. എന്നാല്‍ മതത്തെ ലക്ഷ്യം വെച്ചുള്ള ചൂതാട്ടത്തിന് നിന്ന് കൊടുക്കുന്നത് ഗുണകരമാവില്ല എന്ന നിലപാട് പാളയത്തില്‍ ഉള്ളവര്‍ക്ക് തന്നെയുണ്ട്.

 

അസഹിഷ്ണുതയുടെ ചുവന്ന പൂക്കള്‍ വിരിയുന്നു

ഇതിനിടയിലാണ് കേരളത്തിലെ ചില എഴുത്തുകാരുടെയും സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകരുടെയും സംഘപരിവാര്‍ വേദി പങ്കിടല്‍. ബിജെപിയുടെ ജല സംരക്ഷണ പരിപാടിയില്‍ പങ്കെടുത്തത് സാക്ഷാല്‍ ഷാജി എന്‍ കരുണാണ്. കമ്മ്യൂണിസ്റ്റ് സിനിമകളിലൂടെ മലയാളി തൊട്ടറിഞ്ഞ ഷാജിയുടെ പരിസ്ഥിതി പരിപാടിയില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് കിട്ടിയ തിരിച്ചടി സിപിഎം സാംസ്‌ക്കാരിക ഫാസിസത്തിന്റെ തെളിവായി. ഷാജിയെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടിയേ അടങ്ങു എന്ന മട്ടില ഇടതുപക്ഷ സാംസക്കാരിക ഗുണ്ടാ പട കളത്തിലിറങ്ങി. ജനക്ഷേമ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്കാരുടെയും തീട്ടൂരം വേണ്ട എന്ന മട്ടില്‍ വായടപ്പിക്കുന്ന മറുപടിയാണ് ഷാജി എന്‍ കരുണ്‍ ഇതിന് നല്‍കിയത്.


സാംസ്‌ക്കാരിക രംഗത്ത് ഇടത്പക്ഷത്തിന്റെ ചങ്ങല ആവശ്യമില്ല എന്ന സിവിക് ചന്ദ്രന്റെ ജന്മഭൂമിയോടുള്ള പ്രതികരണവും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം. കറന്‍സി നോട്ട് വിവാദത്തില്‍ സ്വന്തം നിലപാടുകള്‍ പറഞ്ഞ എഴുത്തുകാരെ സിപിഎം കൈകാര്യം ചെയ്യുന്നതിനെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു സിവിക് ചന്ദ്രന്റെ വാക്കുകള്‍. എം.ടിയെ വിമര്‍ശിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച മോഹന്‍ലാലിലെ കൈകാര്യം ചെയ്തത രീതിയും അതിലെ പൊരുത്തകേടും സിവിക് ചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. തീവ്ര ഇടതുപക്ഷത്തിന്റെ ശബ്ദമെന്ന സിപിഎം മുദ്രകുത്തിയ സിവിക് ചന്ദ്രനെ പോലെയുള്ള ഒരാള്‍ ജന്മഭൂമി എന്ന ബിജെപി മുഖപത്രത്തോട് സംസാരിച്ചത് പോലും വിവാദമാക്കിയാണ് സിപിഎം എഴുത്തു കേന്ദ്രങ്ങള്‍ ഇതിനോട് പ്രതികരിച്ചത്.

 


സേതുവിനെ പോലുള്ള എഴുത്തുകാര്‍ ആര്‍എസ്എസ് അനുകൂല സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലെ പതിവുകാരാകുന്നുവെന്ന പരാതിയിലും സാംസ്‌ക്കാരിക ഫാസിസ്റ്റ് വക്താക്കള്‍ക്കുണ്ട്. പൊതുപരിപാടികളില്‍ നിന്ന് പരസ്യമായി ഇവരെ വിലക്കാനാവാത്തതിനാല്‍ സൈബറിടങ്ങളില്‍ പോസ്റ്റര്‍ ഒട്ടിപ്പുകാരെ ഇറക്കിയാണ് ഭീഷണി. ഏത് വേദിയിലായാലും തങ്ങളുടെ നിലപാടുകളാണ് പറയുന്നത് എന്ന വിശദീകരണത്തിലും പുകസാ ജീവികള്‍ക്ക് വിശ്വാസം പോരാ..തങ്ങള്‍ പറയാതെ പറയുന്നത് മനസ്സിലാക്കി ചെയ്തു കൂടേ എന്നാണവരുടെ പരോക്ഷ ഭീഷണി. പഴയ പോലെ കഴുവേറ്റി കളയും എന്നൊന്നും പറയാനുള്ള ശക്തിയില്ലാത്തതിനാല്‍ ദുര്‍ബലാണ് അവരുടെ സ്വരം. എങ്കിലും ഏത് നിമിഷവും ഇവരെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ട് ആഞ്ഞടിക്കാനുള്ള ശ്രദ്ധ ചിലര്‍ പുലര്‍ത്തുന്നുണ്ട്

സ്വന്തം അഭിപ്രായം പറഞ്ഞ്, നിഷ്പക്ഷമായി നിലനില്‍ക്കാന്‍ നിങ്ങള്‍ക്ക് ആര് അനുവാദം തന്നു എന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്. തങ്ങളുടെ താല്‍പര്യത്തിന് ഭിന്നമായ ഏത് പ്രതികരണം എവിടെ നിന്നുണ്ടായാലും ഈ ഉള്ളിലിരിപ്പ് നാവും കണ്ണൂം തുറിപ്പിച്ച് പുറത്ത് വരും. അത് മോഹന്‍ലാലായാലും, കാനായി കുഞ്ഞിരാമനായാലും, കെ.എല്‍ മോഹനവര്‍മ്മയായാലും, പി വത്സലയായാലും, ഷാജി എന്‍ കരുണായാലും, മേരി ജോര്‍ജ്ജായാലും, ജോയ് മാത്യുവായാലും, ജൂഡ് ആന്റണിയായാലും, ഐടി വിദഗ്ധന്‍ ആദര്‍ശ് ആയാലും. പുലിയെ മടയിലൊളിപ്പിച്ച് ‘പുലി വരുന്നേ പുലി’ എന്ന ഉഡായിപ്പ് നിലവിളി കേരളം തിരിച്ചറിഞ്ഞ് തുടങ്ങി. ആ അറിവ് കൂടി കേരളത്തിലെ അസഹിഷ്ണുത വാദക്കാരുടെ ഉറക്കം കെടുത്തും. അധികാരം നഷ്ടപ്പെടുന്നതിനേക്കാള്‍ വലുതാണ് സാംസ്‌ക്കാരികയിടങ്ങളിലെ ചുവപ്പ് മായുന്നത് എന്ന് അവര്‍ക്ക് നന്നായറിയാം

അഭിപ്രായങ്ങള്‍

You might also like More from author