നോട്ട് അസാധുവാക്കല്‍ നേട്ടമാകും: അടുത്ത വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച

ഡല്‍ഹി: ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഏഴ് ശതമാനം വളര്‍ച്ച. നോട്ടുപിന്‍വലിക്കലിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദങ്ങളില്‍ കുറഞ്ഞ വളര്‍ച്ച മാത്രമേ ഉണ്ടാവുകയുള്ളു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചനകള്‍ നല്‍കുന്നുണ്ട്.

എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നോട്ട് നിരോധനം മൂലം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ ചെറുകിട വ്യവസായ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ വന്‍തോതില്‍ കുറവ് ഉണ്ടായിട്ടുണ്ട്. എങ്കിലും സര്‍ക്കാരിന് 7 ശതമാനം വളര്‍ച്ചയിലേക്ക് സമ്പദ്‌വ്യവസ്ഥയെ എത്തിക്കാന്‍ സാധിക്കുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടുന്നത്.

പൊതുബജറ്റില്‍ വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ വര്‍ധനയുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിലൂടെ കൂടുതല്‍ തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കാനും അതുവഴി പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനും കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. നികുതി നിരക്കുകളിലെ ഇളവുകളും ബജറ്റില്‍ പ്രതീക്ഷിക്കാം. ഉല്‍പ്പന്ന സേവന നികുതി സംബന്ധിച്ച് തീരുമാനമാകത്തതും സര്‍ക്കാറിനെ തിരിച്ചടിയാണ്. സബ്‌സിഡികള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളും കാര്‍ഷിക മേഖലയില്‍ 40 ശതമാനം വളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. ബജറ്റിന്റെ ട്രെയിലറായിരുന്നു പുതവല്‍സര ദിനത്തിലെ മോദിയുടെ പ്രസംഗമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

രാജ്യത്തെ ഭൂരിപക്ഷം വരുന്ന മധ്യവര്‍ഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളായിരുന്നു അന്ന് ഉണ്ടായിരുന്നത്. പലിശ നിരക്കുകള്‍ കുറക്കാനുള്ള തീരുമാനം മുഖ്യമായും ലക്ഷ്യം വെക്കുന്നത് ഇവരെ തന്നെയാണ്. ഇതുകൊണ്ട് നിശ്ചലാവസ്ഥയിലായ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വായ്പ പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ വായ്പ എടുക്കുന്ന സാഹചര്യമുണ്ടാവും. ബാങ്കുകളില്‍ നോട്ട് പിന്‍വലിക്കുന്നതില്‍ തുടര്‍ന്ന് വന്‍തോതില്‍ നിക്ഷേപം എത്തിയിരുന്നു ഇത് ഉപയോഗപ്പെടുത്താന്‍ പുതിയ തീരുമാനം കാരണമാവുമെന്നാണ് പ്രതീക്ഷ.

അഭിപ്രായങ്ങള്‍

You might also like More from author