പഞ്ചാബിന്റെ ഉറക്കം കെടുത്തും, എല്ലാം സ്വപ്‌നവും തകര്‍ത്ത പതിനെട്ടാം ഓവര്‍-വീഡിയൊ

ഇൻഡോർ : ഇരുപത് ഓവറിൽ 175 റൺസെന്ന വിജയ ലക്ഷ്യവുമായി ഇറങ്ങുമ്പോൾ ഇപ്പോഴത്തെ ഫോമിൽ മുംബൈക്ക് പോലും ഉറപ്പുണ്ടായിരുന്നില്ല ജയിക്കാൻ കഴിയുമെന്ന്. അതും ഉജ്ജ്വല ഫോമിൽ നിൽക്കുന്ന പഞ്ചാബിനെതിരെ.

ആദ്യ ഓവറിൽ സിംഗിളുകളിൽ മാത്രമൊതുങ്ങിയപ്പോൾ തന്നെ മുംബൈ ആരാധകർ നിരാശയിലായി. ആറാം ഓവറിൽ എവിൻ ലൂയിസ് പുറത്താകുമ്പോൾ മുംബൈ സ്കോർ വെറും. 38 . സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഇടയ്ക്കൊക്കെ കയറു പൊട്ടിച്ച് മുന്നേറിയെങ്കിലും കളി മുംബൈയുടെ പോക്കറ്റിൽ എത്തിയില്ല.

80 റൺസിൽ യാദവും നൂറു റൺസെത്തി നിൽക്കെ ഇഷാൻ കിഷനും പുറത്തായതോടെ ഏഴ് ഓവറിൽ എഴുപത്തഞ്ച് റൺസ് എന്ന ലക്ഷ്യമായിരുന്നു മുംബൈക്ക് മുന്നിൽ ഉണ്ടായിരുന്നത്. പതിനാലാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ ബൗണ്ടറിയുടെ കരുത്തിൽ നേടിയത് 10 റൺസ് . പതിനഞ്ചാം ഓവറിൽ പാണ്ഡ്യയുടെ വക തകർപ്പൻ സ്ട്രയിറ്റ് സിക്സർ ഉണ്ടായെങ്കിലും ആകെ എട്ടു റൺസേ പിറന്നുള്ളൂ.

തൊട്ടടുത്ത ഓവറിൽ ഹാർദിക്ക് പാണ്ഡ്യ പുറത്തായി. സഹോദരൻ ക്രുണാൽ പാണ്ഡ്യ വക ആ ഓവറിൽ ഒരു ബൗണ്ടറി ഉൾപ്പെടെ ഏഴു റൺസാണ് മുംബൈക്ക് ലഭിച്ചത്. 16 ഓവർ കഴിഞ്ഞപ്പോൾ മുംബൈയുടെ സ്കോർ 4 വിക്കറ്റിന് 125 . ഇനി നാല് ഓവറിൽ വേണ്ടത് അൻപതു റൺസ്.

മുജീബ് റഹ്മാനെ രോഹിത് ശർമ്മ രണ്ടു വട്ടം ഗ്യാലറിയിലേക്ക് തൂക്കിയതോടെ പൊരുതാമെന്ന നിലയിലായി മുംബൈ. ആ ഓവറിൽ പിറന്നത് 14 റൺസ് . അവസാനത്തെ മൂന്ന് ഓവറീൽ വേണ്ടത് 36 റൺസ് .കാര്യങ്ങൾ മാറി മറിഞ്ഞത് 18 -)0 ഓവറിലാണ് . ഹാർദിക്ക് പാണ്ഡ്യയുടെ സഹോദരൻ തന്നെയെന്ന് തെളിയിച്ച് ക്രുനാൽ പാണ്ഡ്യ കളം നിറഞ്ഞ് കളിച്ചപ്പോൾ പഞ്ചാബ് സൂപ്പർ കിംഗ്സ് നിലം പരിശായി.

ആസ്ട്രേലിയൻ ഓൾ‌ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്റെ ആദ്യ പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് ക്രുനാൽ സിംഗിൾ നേടി . തൊട്ടടുത്ത പന്തിൽ രോഹിതിന്റെ തകർപ്പൻ കവർ ഡ്രൈവ് . പന്ത് ബൗണ്ടറി കടന്നു. മൂന്നാം പന്തിൽ ഒരു റൺസെടുത്ത് രോഹിത് ക്രുനാലിന് സ്ട്രൈക്ക് കൈമാറി.

ഡാമിയൻ ഫ്ളെമിംഗിനെ ലോകകപ്പ് സെമി ഫൈനലിൽ ലാൻസ് ക്ളൂസ്നർ ഡീപ്പ് കവറിലേക്ക് ബുള്ളറ്റ് പോലെ പായിച്ചതിനെ ഓർമ്മിപ്പിക്കുന്ന ക്രുനാലിനെ കലക്കൻ ഷോട്ട് . നാലു റൺസ് കൂടി. അഞ്ചാമത് പന്ത് യോർക്കറിനു ശ്രമിച്ച സ്റ്റോയിനിസിനു പിഴച്ചു . ലെഗ്സ്റ്റമ്പിൽ ലോ ഫുൾടോസായി വീണ പന്ത് ഉജ്ജ്വലമായ ഫ്ളിക്കിലൂടെ ക്രുനാൽ ഫൈൻലെഗ് ബൗണ്ടറി കടത്തി.

അവസാന പന്ത് ഓഫ്സ്റ്റമ്പിൽ ഗുഡ് ലെംഗ്തിൽ വീണത് നേരെ കയറിയത് ക്രുനാലിന്റെ ബാറ്റിലേക്ക് . ലോംഗ് ഓൺ കടന്ന് പന്ത് ഗ്യാലറിയിൽ പതിച്ചതോടെ പഞ്ചാബിന്റെ വിധി പൂർത്തിയായി. ആ ഓവറിൽ പിറന്നത് 20 റൺസ് . പിന്നീടെല്ലാം വളരെ എളുപ്പമായിരുന്നു. മുംബൈ മൂന്നാം ജയം കുറിച്ചു. കളിയുടെ ഗതിയും വിധിയും നിർണ്ണയിച്ച പതിനെട്ടാം ഓവറിനെ ശപിച്ച് പഞ്ചാബും കളം വിട്ടു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.