ചൈനയ്ക്കായി ചാരപ്രവൃത്തി അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


വാഷിംഗ്ടണ്‍: ചൈനയ്ക്കായി ചാര പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് രഹസ്യാനേഷണ ഉദ്യോഗസ്ഥനെ അമേരിക്ക അറസ്റ്റു ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ ആണ് അറസ്റ്റു ചെയ്തത്. അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്റ്സ് ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ റോണ്‍ റോക്വെല്‍ ഹാന്‍സണ്‍ ആണ് അറസ്റ്റിലായത്. ചൈനയിലേക്ക് പുറപ്പെടുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് എഫ്ബിഐ അധികൃതര്‍ 58 വയസുകാരനായ ഹാന്‍സണെ അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി ഹന്‍സണ്‍ ചൈനയ്ക്കു വേണ്ടി ചാരപണി നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. 2006ല്‍ അമേരിക്കന്‍ ഡിഫന്‍സ് ഏജന്‍സി ഉദ്യോഗസ്ഥനായിരുന്നു ഹാന്‍സണ്‍.ഹാന്‍സണ് ഒന്നിലേറ ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനാകുമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമമാക്കുന്നു. ഡിഐഎ വിട്ട ശേഷം ഇയാള്‍ നിരന്തരമായി ചൈനയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നുവെന്നും 2013-2017 കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ യാത്രാരേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും എഫ്ബിഐ അധികൃതര്‍ പറയുന്നു. ഇക്കാരണത്താല്‍ ഹാന്‍സണ്‍ വര്‍ഷങ്ങളായി ചാരപ്രവൃത്തി തുടരുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.

അമേരിക്കയുടെ തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സംശയിക്കുന്നത്. ഇതിനായി എട്ട് ലക്ഷം ഡോളര്‍ ഹാന്‍സണ്‍ ചൈനയുടെ പക്കല്‍ നിന്നും കൈപറ്റിയെന്നാണ് സൂചന. രാജ്യസുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇതെന്നും മുന്‍പ് ഡിഫന്‍സ് ഏജന്‍സി ഉദ്യോഗസ്ഥനായിരുന്നു എന്നത് ഹാന്‍സണ്‍ മറന്നു എന്നത് ഞെട്ടിച്ചുവെന്നും അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ഡിമേഴ്‌സ് പറഞ്ഞു. ഹാന്‍സണെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.