ഇപിയില്‍ തുടങ്ങി ജയന്തന്മാരില്‍ എത്തി നില്‍ക്കുന്ന സിപിഎമ്മിലെ ‘ഒക്ടോബര്‍ വിപ്ലവം ‘നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല..’

ബിന്ദു ടിBindu T

 

ഇതെന്താ ഇങ്ങനെ എന്നാരും ചോദിക്കരുത്….നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒന്നും അറിയില്ല എന്ന് പിണറായി സഖാവ് ആക്രോശിച്ചതിന്റെ വീഡിയൊ യൂട്യൂബിലുണ്ട്..കണ്ട് മനസിലാക്കുക….

ഇപി ജയരാജന്‍ എന്ന കണ്ണൂര്‍ കടുവയുടെ പിണറായി മന്ത്രിസഭയില്‍ നിന്നുള്ള പടിയിറക്കം വലിയ പ്രചോദനമായി ഏറ്റെടുത്തിരിക്കുകയാണ് സിപിഎം സഖാക്കള്‍..തെറ്റ് തിരുത്തി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി വീര നായകനായ ജയരാജന്റെ പാതയില്‍ പക്ഷേ അത്ര ആവേശത്തോടെ പങ്കെടുക്കാന്‍ മറ്റ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല എങ്കിലും തനതായ സംഭാവന ജനാധിപത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ചെയ്യാന്‍ പിറകെ എത്തിയവര്‍ക്ക് കഴിഞ്ഞുവെന്നതിന് തര്‍ക്കമില്ല..
സക്കീര്‍ ഹുസൈന്‍, പി.എന്‍ ജയന്തന്‍, സിദ്ദിഖ്, കെ രാധാകൃഷ്ണന്‍, മൂടക്കുഴ ലോക്കല്‍ സെക്രട്ടറി എന്നിങ്ങനെ തെറ്റ് തിരുത്താന്‍ കാത്ത് നില്‍ക്കുന്നവരുടെ നിര തന്നെ ഉദയം ചെയ്ത് കഴിഞ്ഞു. കെ രാധാകൃഷണനെ പിന്തുണച്ച ടി.എന്‍ സീമ മുതല്‍ പരാതിയുണ്ടെങ്കില്‍ പോയി എസിപിയോട് പറയു എന്ന ഉപദേശിച്ച എ.കെ ബാലന്‍ വരെയുള്ളവര്‍ പിറകിലുണ്ട്, ഇവരെല്ലാം തെറ്റ് തിരുത്തി വീരനായകരാവുന്ന ‘ഒക്ടോബര്‍  വിപ്ലവം’ ചരിത്രമാക്കാനുള്ള ദൗത്യത്തിലാണ് സിപിഎം.

ഇ.പിയെ തെളിച്ച വഴിയെ…

മുന്‍പെ ഗമിക്കുന്ന ഗോവു തന്റെ പിന്‍പെ ഗമിക്കുന്നു ബഹു ഗോക്കളെല്ലാം എന്ന് പറഞ്ഞത് കുഞ്ചന്‍ നമ്പ്യാരാണ്…ഉത്തരം വളഞ്ഞാല്‍ സകലതും വളയും എന്നൊരു പഴഞ്ചൊല്ലും കേള്‍ക്കാറുണ്ട്…ഇപിയില്‍ തുടങ്ങി മൂടക്കുഴ സഖാവ് വരെ എത്തി നില്‍ക്കുന്ന സഖാക്കളില്‍ ഈയൊരു നൈരന്തകര്യം കാണാം. അഴിമതി നടന്നത് കയ്യോടെ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്ത് പോയ കമ്മ്യൂണിസ്റ്റ് അഭിമാനിയാണ് ഇ.പി ജയരാജന്‍. ജയരാജന്റെ മന്ത്രിസഭയില്‍ നിന്നുള്ള രാജി പാര്‍ട്ടിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചുവെന്നാണ് പിണറായി സഖാവും സംഘവും തീട്ടൂരമിറക്കിയത്. എന്നാല്‍ പിറ്റേനാള്‍ നിയമസഭയില്‍ ഇപി പറഞ്ഞത് താന്‍ രാജ്യത്തിന് വേണ്ടി പോരാടിയതിന്റെ ഭാഗമായി ഇരയായ ആളാണെന്നാണ് .. അഭിമാനം ഉയര്‍ത്തിപിടിക്കാനായിരുന്നില്ല, മാധ്യമ,വ്യവസായ മാഫിയയുടെ ഇരയായിരുന്നു താനെന്നാണ് കരഞ്ഞുകൊണ്ട് ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത്. പാര്‍ട്ടി യോഗത്തില്‍ തെറ്റ് ചെയ്തുവെന്ന് സമ്മതിച്ചുവെന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് മുന്നില്‍ വിരലുയര്‍ത്തിയ ഈ സഖാവിനെയാണ് പിന്‍പേ വരുന്നവര്‍ അനുകരിക്കുന്നത്. തെറ്റ് ചെയ്തുവെന്ന് പാര്‍ട്ടിയും അണികളും ജനങ്ങളും പറഞ്ഞാലും അവര്‍ ഉറച്ച് പറയും ഞങ്ങള്‍ ഇപിയുടെ മാര്‍ഗ്ഗം പിന്തുടരുന്നവരാണെന്ന്….

സക്കീര്‍ ഹുസൈന്റെ പോരാട്ടം തിരിച്ചറിഞ്ഞ് പാര്‍ട്ടി

കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരെ പിണറായിയുടെ പോലിസ് എടുത്ത ഗുണ്ടാക്കേസാണ് സക്കീര്‍ ഹിസൈന്റെ രാജ്യത്തിനായുള്ള പോരാട്ടത്തിന് തിരിച്ചടിയായത്. യുവ വ്യവസായി എന്ന മാഫിയ തലവന്‍ നല്‍കിയ പരാതിയ്ക്ക് പിന്നിലെ മുതലാളിത്വ ബൂര്‍ഷ്വ കണ്ണുകളും അന്താരാഷ്ട്ര ഗൂഢാലോചനയും കാണാന്‍ പിണറായി സര്‍ക്കാരിന് കഴിയാതെ പോയി. അതുകൊണ്ട് മാത്രമാണ് പാര്‍ട്ടിയിലെ ജീവിക്കുന്ന ബുദ്ധിജീവികളില്‍ പ്രമുഖനായ എറണാകുളം ജില്ല സെക്രട്ടറി പി രാജീവ് സക്കീര്‍ ഹുസൈനൊപ്പം ഉറച്ച് നിന്നത്. ഏത് മലയാളി കണ്ടാലും അറിയാവുന്ന സക്കീര്‍ ഹൂസൈന്‍ ഭൂഖണ്ഡം വിട്ടു എന്ന പോലെയാണ് പോലിസ് അന്വേഷണം നടക്കുന്നത്. ആരോപണം ഉയര്‍ന്ന ആളെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പക്ഷേ മനമില്ലാ മനസ്സോടെയാണ് ആഴ്ചകള്‍ക്ക് ശേഷം ജില്ല സെക്രട്ടറിയേറ്റ് എടുത്തത്. തുടര്‍ന്ന് പി രാജീവ് നടത്തിയ വാര്‍ത്താ സമ്മേളനം കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും,,സക്കീര്‍ ഹുസൈന്‍ രാജ്യത്തിന് വേണ്ടി പോരാടിയ ആളാണെന്ന് പാര്‍ട്ടിയ്ക്ക് ബോധ്യമുണ്ടെങ്കിലും നിങ്ങള്‍ മാധ്യമങ്ങളൊക്കെ ചേര്‍ന്ന് വേട്ടയാടുകയാണ് എന്ന് പറയാതെ പറയുന്ന ശരീര ഭാഷ.
ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റിയെങ്കിലും പാര്‍ട്ടി ജില്ല കമ്മറ്റിയില്‍ മാന്യദേഹത്തിന് രാജ്യസ്‌നേഹവുമായി തുടരാം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനം സക്കീറിന് ജന്മനാ കിട്ടിയതാണ്..അത് നല്‍കിയതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്ന മട്ടിലായിരുന്നു സമീപനം. ഫലത്തില്‍ സംസ്ഥാന നേതൃത്വം സക്കീര്‍ ഹുസൈനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട് വരും വരെ മാത്രമാണ് ഇപ്പോഴത്തെ മാറ്റി നിര്‍ത്തല്‍ എന്ന സൂചനയും…

വടക്കാഞ്ചേരിയെ കൂട്ടബലാത്സംഗത്തിലെ സിപിഎം സംഘശക്തി

വടക്കാഞ്ചേരിയില്‍ യുവതി നല്‍കിയ പരാതിയിലെ വില്ലന്‍ സിപിഎം നഗരസഭ കൗണ്‍സിലര്‍ പി.എന്‍ ജയന്തനാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പാര്‍ട്ടി തിരുത്തല്‍ ശക്തി തെളിയിച്ചില്ലേ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് ജയന്തനെ മാറ്റി നിര്‍ത്തുന്ന കാര്യത്തെ കുറിച്ച് സിപിഎം മൗനത്തിലാണ്..ഇത് തന്നെ ജനവികാരം എതിരായത് കൊണ്ടാണ് നടപടി എന്ന് വ്യക്തം. സംശയമുള്ളവര്‍ക്ക് പാര്‍ട്ടി ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനോടും, ഏരിയാ സെക്രട്ടറി സുരേന്ദ്രനോടും ചോദിക്കാം.
പരാതി നല്‍കിയ സ്ത്രീ അവരുടെ കുട്ടിയെ നോക്കാത്തവരാണ്. ബന്ധുക്കള്‍ക്ക് പോലും അവരോട് താല്‍പര്യമില്ല, ഇത് സാമ്പത്തീക കേസാണ് എന്ന മട്ടിലാണ് സ്പീക്കറായി തിളങ്ങിയ കെ രാധാകൃഷ്ണന്റെ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള വെളിപാട്. പ്രതിയായ ജയന്തന്റെ പേര് പുറത്ത് പറയാമെങ്കില്‍ പരാതി നല്‍കിയ യുവതിയുട പേരും പുറത്ത് പറയാം എന്ന നീതി ബോധം കെ രാധാകൃഷ്ണന്‍ എന്ന മര്യാദരാമന്റെയല്ല, പാര്‍ട്ടി ജില്ല സെക്രട്ടറി എന്ന പദവിയിലിരിക്കുന്ന ധീരസഖാവിന്റെ ആണെന്ന് വിലയിരുത്താം. ഇരയേക്കാള്‍ പ്രതിയെ പരിഗണിക്കുന്ന കമ്മ്യൂണിസ്റ്റ് ബോധത്തില്‍ ഭ്രാന്തനായോ സെക്രട്ടറി എന്ന് ആരും ചോദിക്കരുത്.. അതീ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്കും ഒന്നും അറിയാത്തത് കൊണ്ടാണ്. സിപിഎം സംസ്ഥാന കമ്മറ്റിയംഗവും, മഹിളാ അസോസിയേഷന്‍ പോരാളിയുമായി ടി.എന്‍ സീമ വരെ കെ രാധാകൃഷ്ണനെ ന്യായീകരിച്ചത് അവര്‍ക്ക് ഈ പാര്‍ട്ടി സംവിധാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്നത് കൊണ്ട് മാത്രമാണ്. പരാതിയുണ്ടെങ്കില്‍ പോയി ഗുരുവായൂര്‍ എസിപിയോട് പറയു എന്ന് അനില്‍ അക്കര എംഎല്‍എയോട് നിയമസഭയില്‍ പറഞ്ഞ എ.കെ ബാലനും, അറിഞ്ഞില്ല, മനസ്സിലായില്ല എന്ന മട്ടിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും വടക്കാഞ്ചേരിയിലെ സംഘടിത പാര്‍ട്ടി ശക്തിയുടെ പിന്‍ബലമാണ്..

വാട്സ് അപ്പില്‍ നഗ്നചിത്രം അയക്കുന്നതെല്ലാം പാര്‍ട്ടി പ്രവര്‍ത്തനമാണ്…

ഗുണ്ടാ കേസില്‍ പെട്ട പാര്‍ട്ടി ഏരിയാ സെക്രട്ടറി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഡിവൈഎഫ്‌ഐ നേതാവും സംഘവും..ഇതിനെല്ലാം പുറമെ എറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ നിന്നാണ് പാര്‍ട്ടിയെ കുറിച്ച് ഒന്നും അറിയാത്ത ചിലര്‍ ഒരു പരാതി ഉയര്‍ത്തികൊണ്ടു വന്നത്. പെരുമ്പാവൂര്‍ മൂടക്കുഴ ലോക്കല്‍ സെക്രട്ടറി സ്വന്തം നഗ്ന ചിത്രം ആള് മാറി പോസ്റ്റ് ചെയ്തത് മറ്റൊരു വാട്‌സ് അപ് ഗ്രൂപ്പിലേക്ക്..വാട്‌സ് അപ്പ് പോലുള്ള സൈബര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന സൈബര്‍ പോരാളികള്‍ക്ക് വലിയ മാതൃകയൊരുക്കി ലോക്കല്‍ സെക്രട്ടറി. സ്വന്തം പാര്‍ട്ടിയിലെ സ്വന്തം വനിത സഖാവിന് അയച്ച സന്ദേശം മാറി പോയതാണത്രേ..പാര്‍ട്ടി പ്രവര്‍ത്തനം ആളൊഴിഞ്ഞ കെട്ടിടത്തില്‍ മാത്രമല്ല സൈബര്‍ ചമരുകളിലും വളര്‍ന്ന് പന്തലിപ്പിക്കാനുള്ള സഖാവിന്റെ ശ്രമമാണ് പാളിയത്. വിഷയം എന്തായാലും പരാതിയായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. എന്നാല്‍ വിപ്ലവപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു സഖാവിന്റെ സൈബര്‍ ഇടപെടല്‍ എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ നടപടി ഉണ്ടായില്ല…അല്ലേലും ഇതിനൊക്കെ നടപടി എടുക്കാന്‍ തുടങ്ങിയാല്‍ ഈ പാര്‍ട്ടി കുപ്പായം ആര് അണിയും എന്നാണ് ചില അനുഭവ സമ്പന്നരായ സഖാക്കളുടെ ആത്മഗതം..

വിവര സാങ്കേതിക വിദ്യയ്ക്ക് മുന്നില്‍ ഒന്നും ഒളിച്ച് വെക്കാനാവാത്ത കാലമാണ്.. പാര്‍ട്ടി ചുമരുകള്‍ക്ക് കാതും കണ്ണുമുള്ള കാലം..ഈ പാര്‍ട്ടിയെ
കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല എന്ന് പറയാന്‍ ഒരു പിണറായി വിജയനും ആര്‍ജ്ജവത്തോടെ പറയാനാവാത്ത കാലം…മാറിയത് സിപിഎമ്മല്ല…നിങ്ങളും ഞാനും ഉള്‍പ്പെടുന്ന ലോകമാണെന്ന് മാത്രം…ഈ ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് നേതാക്കളോട് തിരിച്ച് പറയാനാവാത്തത് മാത്രമാണ് നമ്മുടെ ഗതികേട്….

അഭിപ്രായങ്ങള്‍

You might also like More from author