ഇമെയില്‍ ചോര്‍ത്തല്‍: വ്‌ലാഡിമര്‍ പുടിനെതിരായ തെളിവ് പുറത്തുവിടുമെന്ന് അമേരിക്ക

 

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജനറല്‍ ജയിംസ് ക്ലാപ്പര്‍. അടുത്തയാഴ്ച വിവരങ്ങള്‍ പുറത്തുവിടുമെന്നും ക്ലാപ്പര്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ നേരിട്ട് ഉത്തരവിട്ടു. ഇതിന് പിന്നിലെ ലക്ഷ്യം പിന്നീട് വ്യക്തമാക്കുമെന്നും ജയിംസ് ക്ലാപ്പര്‍ വ്യക്തമാക്കി.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണം ശരിയെന്ന് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ‘ഫാന്‍സി ബിയര്‍’, ‘കോസി ബിയര്‍’ എന്നീ റഷ്യന്‍ ഹാക്കര്‍ സംഘങ്ങളാണ് ഇമെയിലുകള്‍ ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതിന് പിന്നാലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി 35 റഷ്യന്‍ നയതന്ത്രജ്ഞരെ പ്രസിഡന്റ് ബറാക് ഒബാമ പുറത്താക്കി. ഇതിന് മറുപടിയായി യു.എസിന്റെ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്‌റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പുറത്താക്കല്‍ ശിപാര്‍ശ പുടിന്‍ മരവിപ്പിച്ചു.

 

അഭിപ്രായങ്ങള്‍

You might also like More from author