ധാക്ക ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


ധാക്ക: ധാക്ക ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് ഭീകര വിരുദ്ധ സേനയുമായുള്ള (സി.ടി.ടി.സി) വെടിവെപ്പിനിടെ ഇന്ന് രാവിലെയാണ് നൂറുല്‍ ഇസ്ലാം അലിയാസ് മര്‍ജാന്‍ എന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരന്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂലായ് ഒന്നിന് ധാക്കയിലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ജെഎംബി നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളാണ് അലിയാസ് മര്‍ജാന്‍. ആക്രമണത്തിന്റെ മറ്റൊരു സൂത്രധാരന്‍ തമീം ചൗധരി ബംഗ്ലാദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

ധാക്ക ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിനും 17 വിദേശികളുമടക്കം 23 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇന്നു പുലര്‍ച്ചെ മുന്നുമണിയോടെ രഹസ്യവിവര്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ കൊലപ്പെടുത്തിയതെന്ന് സിടിടിസി ഡെപ്യൂട്ടി കമ്മീഷണര്‍ മൊഹീബുല്‍ ഇസ്ലാം പറഞ്ഞു.

തങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയ നൂറുല്‍ ഇസ്ലാം അലിയാസ് മര്‍ജാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. തുടര്‍ന്ന് സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് അലിയാസ് മര്‍ജാന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ധാക്ക മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നേരത്തെ ധാക്ക ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ജെ.എം.ബി. എന്ന പ്രാദേശിക ഭീകരസംഘടനയാണ് ആക്രമണത്തിനുപിന്നില്‍ എന്നായിരുന്നു പോലീസിന്റെ നിലപാട്. മൂന്നുകൊല്ലത്തിനിടെ വിദേശികളും ന്യൂനപക്ഷങ്ങളുമടക്കം രാജ്യത്തെ 80 പേരെ കൊലപ്പെടുത്തിയത് ജെ.എം.ബി.യാണെന്നും പോലീസ് പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author