മതത്തിനും പ്രണയത്തിനുമായി വേണ്ടപ്പെട്ടവരെ പെരുവഴിയില്‍ തള്ളുന്നവരെ മുറിപ്പെടുത്തട്ടെ..ഹൈക്കോടതി മുറിയിലെ ഈ പൊള്ളുന്ന അനുഭവം

ബിന്ദു ടി
എഴുതുന്നു

ആ പിഞ്ചു കുഞ്ഞിന്റെ അച്ഛാ എന്നുള്ള വിളിയ്ക്ക് മുന്നില്‍ ഹൈക്കോടതി മുറി കണ്ണിരണിഞ്ഞ നിമിഷമായിരുന്നു അത്…ഈ കുഞ്ഞിന്റെ നിഷ്‌കളങ്കമായ ശബ്ദത്തിന് ആര്‍ക്കു നീതി നല്‍കാനാവും എന്ന് നിശ്ബദമായി നീതി പീഠം പോലും ചിന്തിച്ച സമയം..
മതത്തിലാളെ കൂട്ടാനും, പ്രണയിച്ചവനെ എന്ത് വില കൊടുത്തും തട്ടിയെടുക്കാനും, സ്വാര്‍ത്ഥതക്കായി പ്രിയപ്പെട്ടവരെ കരുണയില്ലാതെ പെരുവഴിയില്‍ തള്ളാനും എന്തും ചെയ്യുന്ന സമൂഹത്തിന് മുന്നില്‍ ഏതൊരു മനുഷ്യനും തലകുനിക്കേണ്ട സമയം
ജസ്റ്റിസ് ചി ചിദംബരേഷും സുരേന്ദ്രജെയിനും അടങ്ങിയ ഡിവിഷന്‍ ബഞ്ചിന് മുന്നിലെത്തിയ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു രണ്ട് വയസ്സു പ്രായമുള്ള ആ കൊച്ചു കുഞ്ഞ് അമ്മയ്‌ക്കൊപ്പം ഹൈക്കോടതി മുറിയിലെത്തിയത്.

പ്രണയിച്ച യുവതിയ്‌ക്കൊപ്പം മതം മാറി പിന്നെയൊരിക്കലും അടുത്തുവരാത്ത കയ്യിലെടുക്കാത്ത പുണരാത്ത അച്ഛനെ വിട്ടു കിട്ടുമോ എന്ന് പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കാനുമുള്ള പ്രായം ആ കുരുന്നിനായില്ലെങ്കിലും.. കോടതി മുറിയില്‍ അമ്മയുടെ സമീപത്തേക്ക് വിളിച്ച ന്യായാധിപന്മാരെ നോക്കി അവള്‍ വിളിച്ചത് അച്ഛാ എന്നായിരുന്നു..

സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവാനിരുന്ന മര്‍ച്ചന്റെ നേവിക്കാരനായ പുരുഷനും, അയാളെ ഏത് വിധേനയും സ്വന്തമാക്കിയെ അടങ്ങു എന്ന് വാശിപിടിച്ചെത്തിയ പര്‍ദയില്‍ സ്വയം മൂടിയ പെണ്‍രൂപത്തിനും കൂടെയെത്തിയ ‘ പോരാളികള്‍ക്കും ‘ഒഴികെ മറ്റുള്ള എല്ലാവരുടെയും മനസ് വിങ്ങിയ നിമിഷങ്ങള്‍…..ആ കുഞ്ഞിന്റെ വിളിയ്ക്കും, യുവതിയായ അമ്മയുടെ കണ്ണീരിനും മുന്നില്‍ കണ്ണീരടരാതിരിക്കാന്‍ കോടതിയ്ക്ക് പോലും അഭിനയിക്കേണ്ടി വന്നിരിക്കണം…

സംഭവം ചുരുക്കി പറയാം.
യോഗേഷ് എന്ന കാസര്‍ഗോഡ് സ്വദേശിയായ യുവാവ്. മുംബൈയില്‍  മര്‍ച്ചന്റ് നേവിയില്‍ ജോലിക്കാരന്‍. ഭാര്യ, ഒരു കുട്ടി, മാതാപിതാക്കള്‍..സന്തുഷ്ടമായ കുടുംബം. പൊടുന്നനെ യോഗേഷിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. അയാള്‍ ഫേസ്ബുക്ക് വഴി കൊല്ലം ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലാകുന്നു. അഞ്ജു പിള്ളയെന്ന് പേരുണ്ടായിരുന്ന യുവതി മതം മാറി മറ്റൊരു പേരും സ്വീകരിച്ചിരുന്നു. തുടര്‍ന്ന് യോഗേഷും പൊന്നാനിയിലേത്തി മതം മാറി അല്‍ത്താഫ് അലി എന്ന പേരു സ്വീകരിച്ചു. യുവാവിനെ കാണാതായതോടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. യുവാവിനെ മതംമാറ്റിയ കൊല്ലം ആറ്റിങ്ങല്‍ സ്വദേശിയായ യുവതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ യോഗേഷിനൊപ്പമുള്ള യുവതി പല തവണ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും ആസൂത്രിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സംഘടനകളുടെ കണ്ണിയാണ് യുവതിയെന്ന് സംശയിക്കുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വീട്ടുകാര്‍ക്ക് മനസ്സിലായത്. യുവതിയ്ക്ക് നിരവധി മൊബൈല്‍ നമ്പറുകളുണ്ടെന്നും കണ്ടെത്തി.ഹൈകോടതിയിലെത്തിയ യോഗേഷ് വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറല്ല എന്നാണ് പറയുന്നത്.

ആ കൊച്ചു കുഞ്ഞിന്റെ അച്ഛാ എന്ന വിളിയും കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയും, കോടതി ബഞ്ചില്‍ നെഞ്ചില്‍ കൈകള്‍ ചേര്‍ത്തുവച്ച് സദാ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന അച്ഛനും, കണ്ണീര്‍ തോരാതെ തളര്‍ന്നിരുന്ന ആ അമ്മയും പര്‍ദക്കുള്ളില്‍ കോടതിയിലെത്തിയ പ്രണയിനിയ്ക്കും, പുതിയ വിശ്വാസത്തിനും മുന്നില്‍ ഒന്നുമല്ലാതായി…
യുവാവിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ച കോടതി, വീണ്ടും വിശദമായ വിദഗ്ധ പരിശോധനക്കായി അയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാനും ആര്‍ക്കും അവകാശമുണ്ട്..പക്ഷേ സ്വന്തം ഇഷ്ടങ്ങള്‍ക്കായി മറ്റുള്ളവരുടെ കണ്ണീരു വീഴ്ത്തുന്ന ‘സ്വാതന്ത്ര്യ ബോധ’ത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്…? ഹൈക്കോടതി മുറിയിലെ എല്ലാവരുടെയും കണ്ണു നിറച്ച ആ പിഞ്ചു കുഞ്ഞിന്റെ അച്ഛാ എന്നുള്ള വിളി മുറിവുണ്ടാക്കത്തതാണ് നിങ്ങളുടെ വിശ്വാസമെങ്കില്‍ അതിന് അല്‍പം പോലും നന്മയില്ല, സ്‌നേഹമെങ്കില്‍ അതിന് അല്‍പം പോലും സത്യസന്ധതയില്ല..

കോടതികളില്‍ മുഖങ്ങളെ മാറുന്നുള്ളു..കണ്ണീരുപ്പു വീഴുന്ന ഗദ്ഗദങ്ങളും തേങ്ങലുകളും വിങ്ങലുകളും, ആര്‍ത്തനാദങ്ങളും നിറഞ്ഞിരിക്കുന്ന ഈ വരാന്തകള്‍.എന്നാണ് നല്ലമനസ്സുകള്‍ക്കും മാനവീകതയ്ക്കും പൂര്‍ണ അര്‍ത്ഥത്തിലുള്ള നീതിക്കായി തുറന്നിടുക….മുറിപ്പെടുന്ന ഹൃദയങ്ങള്‍ക്ക് മുന്നില്‍ എന്നാണവ ജലസ്പര്‍ശമാകുന്നത്….

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.