ജെറുസലേമിലെ ലോകകപ്പ് സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറി


ജറുസലേം: ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന ടീം പിന്‍മാറി. ജറുസലേമിലെ മത്സരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ടീം ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്ന് പലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായും തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായുമാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സിയും മസ്‌കരാനോയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലോകകപ്പിന് മുമ്പ് ഇത്രയും സമ്മര്‍ദ്ദമുള്ള സ്ഥലത്ത് ചെന്ന് കളിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70 വാര്‍ഷികത്തിലാണ് ജൂണ്‍ 10 ന് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്തീനില്‍ കുറച്ച് ദിവസങ്ങളായി നടന്ന് വരുന്നത്.

മത്സരവുമായി മുന്നോട്ട് പോയാല്‍ മെസിയുടെ ജഴ്സിയും ചിത്രങ്ങളും കത്തിക്കുമെന്നായിരുന്നു പലസ്തീന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഭീഷണി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.