ഗര്‍ഭിണിയെ നാല് കിലോ മീറ്റര്‍ കമ്പില്‍ കെട്ടി ചുമന്നു,ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല, ഉത്തരേന്ത്യയിലല്ല, കേരളത്തിലെ അട്ടപ്പാടിയില്‍

അട്ടപ്പാടി ഇടവാണി ഊരില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കമ്പില്‍ കെട്ടി നാല് കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയിലെത്തിച്ചു. ഊൗരില്‍ നിന്ന് പുറത്ത് എത്തിട്ടിട്ടും ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രസവത്തിനായി കോട്ടത്തറ ആശുപത്രയില്‍ എത്തിക്കാനായത്.

ഗതാഗത സൗകര്യം ഇല്ലാത്ത ആദിവാസി ഊരാണ് ഇടവാണിയൂര്‍. ഇവിടെ നിന്ന് കല്ലും മറ്റുമുള്ള ചെങ്കുത്തായ വഴിയിലൂടെ കമ്പില്‍ തുണി കെട്ടിയാണ് യുവതിയെ പുറം നാട്ടിലെത്തിച്ചത്. വരടിയാര്‍ പുഴ നിറഞ്ഞ് ഒഴുകിയിരുന്നതും യാത്ര ദുഷ്‌കരമാക്കി. ഊരുമേട്ടില്‍ നിന്ന് ആംബുലന്‍സില്‍ അശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ആംബുലന്‍സ് വന്നില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി. പിഎസ്സിയിലെ ആംബുലന്‍സ് എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്‍ഷൂറന്‍സ് അടക്കാത്തതിനാല്‍ ആംബുലന്‍സ് ഓടിക്കാനാവില്ല എന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. പിന്നീട് കുടുംബശ്രീയിലെ ജീപ്പ് വിളിച്ചാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയിലെത്തി അര മണിക്കൂറിനകം യുവതി പ്രസവിച്ചു. പെണ്‍കുട്ടിയാണ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. അല്‍പസമയം കൂടി വൈകിയിരുന്നുവെങ്കില്‍ വഴിയില്‍ പ്രസവിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നുവെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.

എംപി ഫണ്ടുപയോഗിച്ച് വാങ്ങിയ ആംബുലന്‍സ് പഞ്ചായത്താണ് കൈകാര്യം ചെയ്യുന്നത്. ഇന്‍ഷൂറന്‍സ് ആര് അടക്കുമെന്ന തര്‍ക്കം മൂലമാണ് അടവ് മുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.