അഥീല അബ്ദുള്ള മുതല്‍ ശ്രീറാം വരെ… സത്യസന്ധരെ കുടിയൊഴിപ്പിക്കുന്ന ചുവപ്പ് ഭരണം

ബിന്ദു ടി  

എല്ലാം ശരിയാക്കാന്‍ ഇനി ആരു വരും എന്ന് ചോദിച്ചത് സാക്ഷാല്‍ ഹൈക്കോടതിയാണ്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ലൗഡെയ്ല്‍ ഒഴിപ്പിക്കല്‍ കേസിന്റെ ഉത്തരവിന്റ അവസാനഭാഗത്താണ് ഹൈക്കോടതിയുടെ പരാമര്‍ശം, എല്ലാം ശരിയാകുന്നില്ല എന്ന തോന്നലാണ് ജനങ്ങള്‍ക്ക്.. എല്ലാം ശരിയാക്കാന്‍ രാഷ്ട്രീയ ഇച്ഛാ ശക്തിയും, ആര്‍ജ്ജവവും വേണം..എന്നിങ്ങനെ പോകുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

കോടതി വരെ ബൂര്‍ഷ്വാ എന്ന വിലയിരുത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തെ ഹൈക്കോടതിയുടെ വാക്കുകള്‍ പൊള്ളിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാം. സ്വജനപക്ഷ പാതത്തിന്റെ ചോരച്ചാലുകള്‍ നീന്തികയറി, മാഫിയകള്‍ക്കായി വിപ്ലവ സൂക്തം ഉരുക്കഴിക്കുന്ന ഇടത്പ്രസ്ഥാന ഭരണത്തില്‍ നിന്ന് ഒന്നും കാര്യമായി പ്രതീക്ഷിക്കാനില്ല എന്ന് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു. ജനങ്ങളില്‍ ജാതി മത വിവേചനമുണ്ടാക്കി വോട്ട് ബാങ്ക് സുരക്ഷിതമാക്കി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ എന്ന വികാരത്തിന് വലിയ പ്രസക്തിയില്ല എന്ന് ഇടത് ഭരണം പല ആവര്‍ത്തി വിളിച്ചു പറയുന്നു. ഹൈക്കോടതി വായിച്ചു തുടങ്ങിയ ചുവരെഴുത്ത് നമ്മളൊക്കെ ഇനി എന്നാണ് വായിക്കുക.

പനി മരണത്തെ മൂടിവെക്കാന്‍ സെലിബ്രേറ്റി പീഢന ഗുഢാലോചനക്കേസ്..മൂന്നാറില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ആദര്‍ശവാനായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നാണക്കേട് മറയ്ക്കാനും മറക്കാനും അതേ കേസ് സംബന്ധിച്ച വാര്‍ത്തകള്‍…പള്‍സര്‍ സുനിയുടെ മൊഴിത്തുമ്പില്‍ കേരളജനതയുടെ പ്രതികരണ ശക്തിയെ തൂക്കിലേറ്റാമെന്ന് ഭരണകൂടവും, അതിനെ പിന്തുണക്കുന്ന മാധ്യമങ്ങളും കരുതുന്നു. പൊതുജനം എന്ന ബുദ്ധിമാന്മാരുടെ ഓര്‍മ്മകള്‍ക്ക് ഇക്കാലത്ത് ചെറിയ ആയുസ്സേയുള്ളു എന്ന് അധികാരവര്‍ഗ്ഗത്തിനറിയാം.


അഥീല അബ്ദുള്ളയെ ഓര്‍മ്മയുണ്ടോ..ഓര്‍ത്തിട്ടുവേണ്ടേ മറക്കാന്‍ എന്നാവും മറുപടി..
ഫോര്‍ട്ട് കൊച്ചിയിലെ സബ്കളക്ടറായിരുന്നു അഥീല..ഭൂമാഫിയക്കെതിരെ ശക്തമായ നടപടി എടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആ പദവിയില്‍ നിന്ന് കുടിയൊഴിപ്പിച്ചു.

ഒന്നും രണ്ടുമല്ല 200 കോടിയുടെ ഭൂമി തട്ടിപ്പ് കണ്ടെത്തിയതിനുള്ള ‘ഇടത് സര്‍ക്കാരിന്റെ സമ്മാന’മായിരുന്നു സ്ഥലം മാറ്റം. ആദര്‍ശധീരരെ മൂലയ്ക്കിരുത്തുമ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറയുന്ന ജോലിക്കയറ്റം അഥീലയ്ക്കും ലഭിച്ചു. തലസ്ഥാനത്ത് ലൈഫ്മിഷന്‍ പദ്ധതിയുടെ മേധാവിയാക്കിയായിരുന്നു സ്ഥാനചലനം.
മന്ത്രിസഭയിലെ ഒരു പ്രമുഖനാണ് അഥീലയെ സ്ഥലം മാറ്റാന്‍ ഇടപെട്ടതെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ മനസിരുത്താതെ പറഞ്ഞ് പോയത് കേരളം ഓര്‍ക്കാനിടയില്ല. അദ്ദേഹത്തെയും മാന്യസഖാവിന്റെ പാര്‍ട്ടിയേയും ഭരണത്തെയും എതിരാക്കിയ അഥീലയുടെ ചെയ്തികളെന്തായിരുന്നുവെന്ന് നോക്കാം.

മുഖം നോക്കാതെ നടപടി എടുക്കുന്നുവെന്നതാണ് സെല്‍ ഭരണക്കാര്‍ കണ്ടെത്തിയ പ്രമുഖ കുറ്റം. പാര്‍ട്ടിഭരണകാലത്ത് അത് സ്ഥലം മാറ്റത്തിനല്ല, ചുമതലകളില്‍ നിന്ന് തന്നെ മാറ്റാവുന്ന വലിയ കുറ്റമാണെന്ന് പാവം അഥീല പലരും പറഞ്ഞു കേട്ടിട്ടും മനസ്സിലാക്കാതെ പോയി.

നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനിരിക്കെ അഥീലയെ സ്ഥലം മാറ്റിയത് കേരളത്തില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. നെല്‍വയല്‍ നികത്തുന്നത് തടയുന്നതിനു നേതൃത്വം നല്‍കി വരികയായിരുന്നു ഈ വനിത സബ് കളക്ടര്‍ . അധികാര കേന്ദ്രങ്ങള്‍ എത്ര ഉന്നതരായാലും എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും വഴിവിട്ട് ഒരു കാര്യവും ചെയ്ത് കൊടുക്കാത്തത് തന്നെയാണ് കൊച്ചി സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് അഥീലയെമാറ്റാന്‍ കാരണമായത്.

ശുപാര്‍ശകളില്ലാതെ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും പരാതിയുമായി ചെല്ലാന്‍ വാതില്‍ തുറന്നിട്ടിരുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരിയായിരുന്നു അഥീല. പരാതിയില്‍ മേലുള്ള നടപടിയും വേഗത്തിലായതിനാല്‍ സന്ദര്‍ശകരും കൂടുതലായിരുന്നു. എറണാകുളം നഗരത്തിലെ പല ഭാഗങ്ങളിലായി നടന്നിരുന്ന ഭൂമി കയ്യേറ്റം കണ്ടെത്തി സബ് കളക്ടര്‍ സ്വീകരിച്ച നടപടി പല ഉന്നതരുടെയും ഉറക്കം കെടുത്തിയിരുന്നു. ഏകദേശം 200 കോടിയോളം വിലവരുന്ന ഭൂമി കയ്യേറ്റമാണ് കണ്ടെത്തിയിരുന്നത്. ഇതില്‍ കൊച്ചിയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സ്ഥാപന ഉടമയുടെ വൈറ്റിലയിലുള്ള 45 കോടിയുടെ ഭൂമിയും വരും. നഗരത്തിലെ പ്രമുഖ ക്ലബ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയതും പ്രമുഖ ബില്‍ഡറുടെ കാക്കനാട്ടുള്ള ആറ് ഏക്കര്‍ കൃഷിഭൂമി കരഭൂമിയാക്കാനുള്ള ശ്രമത്തിന് തടയിടാന്‍ സബ് കളക്ടര്‍ തന്നെ ഹൈക്കോടതിയില്‍ നേരിട്ട് അപ്പീല്‍ ഫയല്‍ ചെയ്തതും വാട്ടര്‍ തീം പാര്‍ക്ക് ഉടമയുടെ ഭൂമി കണ്‍വര്‍ട്ട് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതിരുന്നതും ഭൂമാഫിയയുടേയും അവറെ പിന്തുണക്കുന്ന രാഷ്ട്രീയ ദല്ലാളുമാരുടേയും വലിയ എതിര്‍പ്പിന് കാരണമായി.

മറ്റൊരു പ്രമുഖ സ്ഥാപനം സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന എട്ടു കോടി രൂപ കുടിശ്ശിക അഥീനയുടെ നീക്കവും ഇവരെ ചൊടിപ്പിച്ചു. ഒരു ഉന്നതന്‍ അങ്കമാലിയിലുള്ള വസ്തുവിന് ആധാരത്തില്‍ വില കുറച്ച് കാണിച്ച പശ്ചാത്തലത്തില്‍ അദാലത്ത് നടത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം പുറത്ത് വന്നത് അഥീനയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയതിന് ശേഷമാണ്. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ ശ്രീറാം വെങ്കിട്ടരാമന് നവമാധ്യമങ്ങളില്‍ നിന്ന് ഉള്‍പ്പടെ വലിയ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഹീറോ ചമയാന്‍ അഥീന ശ്രമിച്ചില്ല. മാനുഷീകമായ മുഖവും ആദര്‍ശനിഷ്ടമായ ചര്യയും അഥീന പുറം ലോകത്തെ അറിയിക്കാതിരുന്നത് സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നായിരുന്നു അക്കാലത്ത് പറഞ്ഞ് കേട്ട ഒരു വിലയിരുത്തല്‍. എന്നാല്‍ എല്ലാ പിന്തുണയുണ്ടായിട്ടും ശ്രീരാമിനെ മൂന്നാറില്‍ നിന്നൊഴിപ്പിച്ചതോടെ എല്ലാത്തിലും മേലെയാണ് ഭൂമാഫിയയ്ക്ക് സര്‍ക്കാരിലുള്ള പിടിപാടും ബന്ധവും എന്ന് വ്യക്തമാകുന്നു.

തിരൂര്‍ സബ് കളക്ടറായിരിക്കെ വേങ്ങര കിളിനക്കോട് ക്വാറി മാഫിയയുടെ തട്ടകത്തില്‍ പോയി ഒറ്റക്ക് ലോറി പിടിച്ചെടുത്ത് കൊണ്ടു വന്നിട്ടുണ്ട് അഥീല.

 

സ്വന്തം വീട്ടില്‍ പരിചരണം ലഭിക്കാതെ വീട്ടുതടങ്കലിലായിരുന്ന വൃദ്ധ ദമ്പതിമാരെ ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ ഡോ. അഥീല അബ്ദുള്ള മിന്നല്‍ സന്ദര്‍ശനം നടത്തി മോചിപ്പിച്ച കഥയും കൊച്ചികാര്‍ക്കറിയാം. പക്ഷേ പണത്തിനും സര്‍ക്കാരിനും മേലെ ഒന്നും പറക്കില്ലെന്ന് അഥീനയെ സ്ഥലം മാറ്റിയവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അഥീനയില്‍ നിന്ന് ശ്രീറാമിലേക്ക് എത്തുമ്പോഴും സര്‍ക്കാരിന് ഒന്നും സംഭവിക്കുന്നില്ല. ഞങ്ങളിതൊക്കെ ചെയ്യും നിങ്ങള്‍ ജനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന അഹങ്കാരമാണ് കേരള ഭരണത്തെ ശരിയാക്കി തനിക്കാക്കുന്നത്..

ഏറെ സമാനതകളുണ്ട് അഥീനയുടേയും ശ്രീരാമിന്റേയും കാര്യത്തില്‍. ശ്രീറാമും അഥീലയും ഡോക്ടര്‍ ജോലി വിട്ടാണ് ഐഎഎസ് കരസ്ഥമാക്കിയത്. അധികാര കേന്ദ്രങ്ങള്‍ എത്ര ഉന്നതരായാലും എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും വഴിവിട്ട് ഒരു കാര്യവും ചെയ്ത് കൊടുക്കാത്തത് തന്നെയാണ് അഥീലയുടേയും ശ്രീറാമിന്റേയും സ്ഥലം മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ശുപാര്‍ശകളില്ലാതെ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും പരാതിയുമായി ചെല്ലാന്‍ വാതില്‍ തുറന്നിട്ടിരുന്നു ഇരുവരും. വന്‍കിട മാഫിയകളുടെ കോടിക്കണക്കിന് രൂപയുടെ വസ്തുവിന്മേലാണ് ശ്രീറാമും അഥീന അബ്ദുള്ളയും കൈവച്ചത്. ഇരുവരും ഭൂമാഫിയയുടെ ഉറക്കം കെടുത്തി.
സര്‍ക്കാറിന് തിരിച്ചടിയായി മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണമായത്. ഹൈക്കോടതിയില്‍ ഭൂമി കയ്യേറ്റത്തിനെതിരായ കേസില്‍ കക്ഷി ചേര്‍ന്നതാണ് അഥീനയ്ക്കും തിരിച്ചടിയായത്.

ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത പാതകങ്ങള്‍-

11 മാസം മുമ്പാണ് ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളം സബ്കളക്ടറായി എത്തുന്നത്. കയ്യേറ്റക്കാര്‍ക്കെതിരെ വിട്ടു വീഴ്ച്ചയില്ലാത്ത നടപടി സ്വീകരിച്ചതോടെ ഭൂമാഫിയയുടെ നോട്ടപ്പുള്ളിയായി. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതാണ് തുടക്കം.
ഭൂമി രേഖകള്‍ രാഷ്ട്രീയക്കാരനോട് പോലും മുഖം നോക്കാതെ ചോദിച്ചതോടെ ഇടുക്കി എംപി ജോയിസ് ജോര്‍ജ്ജിന്റെയും മന്ത്രി എംഎം മണിയുടെയും കണ്ണിലെ കരടായി. ഇവരെ പിന്തുണച്ച് എംഎല്‍എ എസ് രാജേന്ദ്രനും രംഗത്ത് വന്നു. കെപിസിസി അംഗം എ.കെ മണിയും ആ കൂട്ടത്തില്‍ നിരന്നു.

പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചു നീക്കിയതോടെ ശ്രീരാമിനെ തുരത്താന്‍ ഭൂ മാഫിയ-രാഷ്ട്രീയ കൂട്ടുകെട്ടിന് വഴി തുറന്ന് കിട്ടി. കുരിശില്‍ തൊട്ടതില്‍ വിറളി പൂണ്ട പോലെ അഭിനയിച്ച് കയ്യേറ്റ നടപടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ അവര്‍ക്കായി. പിറകെ സര്‍വ്വ കക്ഷി സംഘവും മുുഖ്യമന്ത്രിയും കൈകോര്‍ത്ത് നീക്കങ്ങള്‍ തുടങ്ങി.

സര്‍ക്കാരിനും ഉന്നതര്‍ക്കും ഒത്താശ പാടിയില്ലെങ്കില്‍ ഇതാകും അവസ്ഥ എന്ന് മറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍. ജനപിന്തുണയും, സോഷ്യല്‍ മീഡിയ മുദ്രാവാക്യം വിളിയുമൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന ജനങ്ങള്‍ക്കുള്ള പാഠവും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നു. സിപിഐ പോലുള്ള പാര്‍ട്ടിയുടെ പിന്തുണ വച്ച് ആരും ചാടണ്ട എന്ന പരോക്ഷ മുന്നറിയിപ്പ് നല്‍കാന്‍ സിപിഎമ്മിനും ഇത് വഴി സാധ്യമായി.
അഥീനയും ശ്രീറാം വെങ്കിട്ടരാമനും ഇടത് ഭരണകൂടം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പാഠാവലിയിലെ ആദ്യ പാഠങ്ങളാണ്.. ‘എല്ലാം ശരിയാക്കുമെന്നത്’ ആദര്‍ശവാന്മാര്‍ക്കുള്ള ഭീഷണിയും.

അഭിപ്രായങ്ങള്‍

You might also like More from author