ഫ്‌ളോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു


ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ട്‌പേര്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 12.55ഓടെയാണ് സംഭവം. സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനടുത്താണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വെടിയൊച്ച കേട്ടയുടന്‍ അവിടെയുണ്ടായിരുന്ന യാത്രക്കാരെല്ലാം ചിതറിയോടുകയായിരുന്നുവത്രെ. യാത്രക്കാര്‍ റണ്‍വേയില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെ ഏതാനും ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സ്ഥലത്തെ സ്ഥിതിഗതികള്‍ അരമണിക്കൂറോടെ നിയന്ത്രണ വിധേയമായിട്ടുണ്ട്. വിവരമറിഞ്ഞ് ഫ്‌ളോറിഡ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ദക്ഷിണ ഫ്‌ളോറിഡയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ലോഡര്‍ഡേല്‍ഹോളിവുഡ്.

അഭിപ്രായങ്ങള്‍

You might also like More from author