വന്‍ കുതിപ്പോടെ ഇന്ത്യന്‍ വിപണികള്‍ ഉണര്‍ന്നു, രൂപയുടെ വിനിമയനിരക്കിലും നേട്ടം


മുംബൈ : ഇന്ത്യന്‍ വിപണിയിലുണ്ടാക്കിയ വന്‍ ഇടിവിനു ശേഷം വിപണികള്‍ക്ക് ഇന്ന് കുതിപ്പോടെ തുടക്കം. സെന്‍സെക്‌സ് 470 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചg. വന്‍ തകര്‍ച്ചയിലായിരുന്ന ആഗോളവിപണികള്‍ നേട്ടത്തിന്റെ പാതയിലായതും ആഭ്യന്തര നിക്ഷേപകര്‍ തിരഞ്ഞെടുത്ത ഓഹരികള്‍ വാങ്ങിക്കൂട്ടിയതുമാണ് വിപണികള്‍ക്കു ഉണര്‍വ്വായത്.

റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പാ നയപ്രഖ്യാപനം ഇന്നുണ്ടാകും. നാണ്യപ്പെരുപ്പ ഭീഷണിയുള്ളതിനാല്‍ അടിസ്ഥാനനിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തില്ലെന്നാണ് സാമ്പത്തികരംഗത്തിന്റെ പ്രതീക്ഷ. ഇതും വിപണിക്കു ഊര്‍ജം പകര്‍ന്നതായി വിലയിരുത്തുന്നു. 30 മുന്‍നിര ഓഹരികളുടെ സൂചികയായ ബിഎസ്ഇ സെന്‍സെക്‌സ് 470.39 പോയിന്റ് നേട്ടത്തോടെ 34,663.33 എന്ന തലത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 115.75 പോയിന്റ് നേട്ടത്തോടെ 10,614 ലും.

പിന്നിട്ട ആറു സെഷനുകളില്‍ 2,087.31 പോയിന്റിന്റെ ഇടിവാണ് സൂചികകളില്‍ ഉണ്ടായത്. അതേസമയം തകര്‍ച്ചയ്ക്കിടയിലും ഇന്നലെ ആഭ്യന്തര നിക്ഷേപകര്‍ 1,699.74 കോടി മൂല്യമുള്ള ഓഹരികള്‍ വാങ്ങിയതായാണ് പ്രാഥമിക വിലയിരുത്തല്‍. വിപണി ചാഞ്ചാടിയ ദിനത്തില്‍ ഭാവിനേട്ടത്തിനായി മികച്ച ഓഹരികളില്‍ നിക്ഷേപകര്‍ പണം മുടക്കി.
ഏഷ്യന്‍ സൂചികകളില്‍ ഇന്ന് ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 1.59 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ജപ്പാനിലെ നിക്കി 3.06 ശതമാനം ഉയര്‍ന്നു. ചൈനയിലെ സൂചികയില്‍ 0.65 പോയിന്റ് നേട്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഉണ്ടായത്. യുഎസിലെ ഡൗ ജോണ്‍സ് 567.02 പോയിന്റ് നേട്ടത്തോടെ 24,912.77 ലാണ് ക്ലോസ് ചെയ്തത്. രൂപയുടെ വിനിമയനിരക്കിലും ചെറിയ നേട്ടമുണ്ടായി. രാവിലെ ഡോളറിനു മേല്‍ 12 പൈസ ഉയര്‍ന്ന് 64.12 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.