ഉപഗ്രഹങ്ങള്‍ക്കുള്ള ആറ്റമിക് ക്ലോക്ക് രാജ്യത്ത് തന്നെ നിര്‍മിച്ച് ഐഎസ്ആര്‍ഒ

 

ബംഗളൂരു: ഗതിനിര്‍ണയ ഉപഗ്രഹത്തിനുള്ള ആറ്റമിക് ക്ലോക്ക് തദ്ദേശീയമായ് നിര്‍മിച്ച് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ക്ലോക്ക്‌വികസിപ്പിച്ചത്. മുന്‍പ് ഇന്ത്യയ്ക്ക് വേണ്ടി ആറ്റമിക് ക്ലോക്കുകള്‍ വികസിപ്പിച്ചിരുന്നത് യൂറോപ്യന്‍ കമ്പനിയായ ആസ്ട്രിയം ആയിരുന്നു.

ക്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായതായും ഇപ്പോള്‍ ഇതിന്റെ കാര്യക്ഷമത സംബന്ധിച്ച് ചില പഠനങ്ങള്‍ നടത്തുകയാണെന്നും എസ്എസി ഡയറക്ടര്‍ തപന്‍ മിശ്ര അറിയിച്ചു. പരീക്ഷണം വിജയമായാല്‍ ക്ലോക്ക് ഉപഗ്രഹത്തില്‍ പരീക്ഷിക്കുമെന്നും, ആറ്റമിക് ക്ലോക്ക് വിജയിക്കുന്നതിലൂടെ ഉന്നത സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ള ചുരുക്കം ബഹിരാകാശ സംഘടനകളുടെ പട്ടികയില്‍ ഐഎസ്ആര്‍ഒയും ഇടംനേടുമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്തിരുന്ന ക്ലോക്കിന്റെ സാങ്കേതിക വിദ്യയും മാതൃകയും നമുക്ക് അറിയില്ല. എന്നാല്‍, നമ്മുടെ സ്വന്തം രൂപകല്‍പനയിലാണ് ഐഎസ്ആര്‍ഒയുടെ പരീക്ഷണമെന്നും തപന്‍ മിശ്ര വ്യക്തമാക്കി.

ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായി ഇന്ത്യ അയച്ച ഏഴ് ഉപഗ്രഹങ്ങളിലും ഇറക്കുമതി ചെയ്ത റുബിഡിയം ആറ്റമിക് ക്ലോക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.