ഐഎസ് ആങ്ങളമാര്‍ നട്ടമരത്തിന് കീഴെ നിന്ന് ‘മോദി വിത്ത് ‘ മുളയ്ക്കുന്നത് തടയുന്നവര്‍

 

 pendrive logo(പെന്‍ഡ്രൈവ്)

നന്ദികേശന്‍ 

ഒന്നാമതാകുക എന്നത് ചിലര്‍ക്ക് ഒരു ശീലമാണ്… കേരളത്തിന് ഈ ശീലം ഒരു ദുഃശ്ശീലമായികഴിഞ്ഞോ എന്ന് ചിന്തിക്കണം… അഖിലലോക ഐ.എസ് ആങ്ങളമാരുടെ ഇന്ത്യന്‍ അവതാരത്തിനു വിത്തിട്ടു വെള്ളമൊഴിച്ച് വളര്‍ത്തി എടുക്കാന്‍ ഭാഗ്യം ലഭിച്ച സംസ്ഥാനവും നമ്മുടേതാണ്.. ചോര ഞെരമ്പില്‍ തിളച്ചു മറിയേണ്ട അവസരമാണ്.. ഐ.എസ്സിന് വേണ്ടി യുദ്ധങ്ങളില്‍ പങ്കെടുത്ത ധീരജവാന്‍ വരെ നമ്മുടെ നാട്ടില്‍ ഉണ്ട് എന്ന ആഹ്ലാദവും വേണമെങ്കില്‍ ആവാം..

തമാശയായി പറഞ്ഞതല്ല… അന്താരാഷ്ട്ര വേരുകളുള്ള ഐ.എസ് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ഒരു മലയാളിയെ ശമ്പളം കൊടുത്ത് കേരളത്തിലേയ്ക്ക് വിട്ടു എന്ന് കേട്ടാല്‍ വേണമെങ്കില്‍ നമുക്ക് അഭിമാനിച്ചു കൂടേ..?? വിദ്യാഭ്യാസം, ജീവിതനിലവാരം, ആളോഹരി വരുമാനം, ആളോഹരി കള്ളുകുടി എന്നിങ്ങനെ വ്യത്യസ്തതലങ്ങളില്‍ നേടിയിട്ടുള്ള ഒന്നാം സമ്മാന ട്രോഫികള്‍ക്കൊപ്പം ഈ അന്താരാഷ്ട്ര ബഹുമതി കൂടി നമ്മുടെ ഷോകേയ്‌സില്‍ ഇരിക്കട്ടെ…

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി കേരളത്തിലെ ആദിവാസി-ദളിത് വിഭാഗങ്ങളിലെ ശിശുമരണ നിരക്ക് സൊമാലിയയുടേതുമായി താരതമ്യം ചെയ്തപ്പോള്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയുള്ള പലരുടെയും ആത്മാഭിമാനം കടല്‍വെള്ളത്തില്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.. വിവിധ കാര്യങ്ങളില്‍ ഇതരസംസ്ഥാനങ്ങളെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കി മുന്നേറുന്ന കേരളത്തിന്റെ ജൈത്രയാത്രയില്‍ അഭിരമിച്ചു അതും കൂട്ടി വയറുനിറയെ കഞ്ഞി കുടിച്ചു കിടന്നിരുന്നവരോടാണ് നരേന്ദ്രമോദി സോമാലിയന്‍ കഥ പറഞ്ഞത്.. കര്‍മങ്ങള്‍ ഒത്തിരി ചെയ്തിട്ടാണ് ആ ദുഃഖം മനസ്സില്‍ നിന്ന് കളഞ്ഞത്.. ആരോഗ്യം, വിദ്യാഭ്യാസം, കക്കൂസ്, കുളിമുറി, മറപ്പുര, അടുക്കള തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം മോദിയുടെ ഗുജറാത്തിനെക്കാള്‍ മികമികച്ചതാണ് എന്ന് ബോധ്യം വന്നതോടെ ആ സങ്കടത്തിനു ഒരു വിധം ശമനം വന്നു.. ഞങ്ങളില്‍ചിലര്‍ ഇവിടെ സദാജാഗരൂകരായി നില്‍ക്കുന്നത് കൊണ്ട് മോദിയുടെ തീവ്രവാദവിത്ത് ഈ മണ്ണില്‍ മുളയ്ക്കില്ല എന്ന് മുന്നറിയിപ്പും കൊടുത്തുവിട്ടു..! പക്ഷെ ഈ പറഞ്ഞ കൃഷിയില്‍ ഒരു ഇനം വിത്തിനു മാത്രമേ കേരളത്തില്‍ നിരോധനം ഉള്ളൂ എന്നാണ് ഇപ്പോഴത്തെ കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.. ഐ.എസ് ആങ്ങളമാര്‍ വെള്ളമൊഴിച്ചു വളര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ നിന്നുകൊണ്ടാണ് മോദിയുടെ വിത്ത് മുളയ്ക്കുന്നുണ്ടോയെന്ന പരിശോധന നടത്തിയത് എന്ന് മാത്രം..

ഐ.എസ് പ്രവര്‍ത്തനം കേരളത്തില്‍ വേരുപിടിയ്ക്കാന്‍ ഷംസീര്‍ സഖാവ് കണ്ടെത്തിയ കാരണം ആണ് രസകരം… നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തില്‍ വന്നതുകൊണ്ടാണ് കേരളത്തില്‍ ഐ.എസ് പ്രവര്‍ത്തനം ഉണ്ടാകുന്നത്.. സംഗതിയിലെ യുക്തിയും സൈദ്ധാന്തികതയും ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കരുത്.. അങ്ങനെയെങ്കില്‍ പതിനഞ്ചു വര്‍ഷം മുന്‍പേ മോദി അധികാരത്തില്‍ വന്ന, ഗര്‍ഭിണിയെ കൊന്നു ശൂലത്തില്‍ ഭ്രൂണം കൊരുത്ത ഗുജറാത്തിലല്ലേ ഐ.എസ് ഇതിനോടകം സംസ്ഥാന കമ്മറ്റി വരെ രൂപീകരിക്കത്തക്ക പ്രവര്‍ത്തനം ഉണ്ടാകേണ്ടത് എന്ന തരത്തിലുള്ള കൊസ്രാക്കൊള്ളി ചോദ്യങ്ങളും വേണ്ടാ.. ബി.ജെ.പി സഖ്യം ഭരിക്കുന്ന അനവധി സംസ്ഥാനങ്ങള്‍ ഉണ്ടായിട്ടും ഈ വിത്ത് വേരുപിടിക്കാന്‍ നമ്മുടെ മണ്ണ് തന്നെ തെരഞ്ഞെടുത്തത് മോദിയോടുള്ള പേടി കൊണ്ടു മാത്രമാണ്… അല്ലാതെ വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ഊണും ഉറക്കവും ശൗച്യകര്‍മങ്ങളും വരെ ഉപേക്ഷിച്ച് പോരാടാന്‍ ഇവിടെ ഒരു പ്രസ്ഥാനം ഉള്ളത് കൊണ്ടല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം..

ഐ.എസ് കാര്യത്തില്‍ മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിന്റെ അന്താരാഷ്ട്ര പ്രശസ്തി… കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ ഇന്ത്യന്‍ രാഷ്ട്രപതിയും ഇപ്പോള്‍ അന്താരാഷ്ട്ര പ്രസ്സ് കൗണ്‍സിലും വരെ ആശങ്ക അറിയിച്ചിരിക്കുന്നു.. ലഭിച്ചിട്ടുള്ള ബഹുമതികളിലെ ക്യാഷ് പോര്‍ഷന്‍ ഒഴിച്ച് ബാക്കിയുള്ളതെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി തിരിച്ചുകൊടുത്ത അനവധി വിപ്ലവകാരികളുള്ള മണ്ണില്‍ ഏറെ കഷ്ടപ്പെട്ടാണ് നമ്മള്‍ ഈ അന്താരാഷ്ട്ര ബഹുമതി കരസ്ഥമാക്കിയത് എന്ന് മറന്നുപോകരുത്.. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള വര്‍ഗ്ഗസമരം പല അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായത്രേ.. ആഹ്ലാദിക്കൂ കേരളീയരേ.. ഇതിലും നമ്മള്‍ ഗുജറാത്തിനേയും രാജസ്ഥാനെയും മധ്യപ്രദേശിനെയും ഒക്കെ ബഹുദൂരം പിന്നിലാക്കി.. ഇനി ഈ കാര്യങ്ങളില്‍ നമ്മള്‍ സൊമാലിയക്കൊപ്പമോ തുല്യമോ ആണെന്നെങ്ങാന്‍ പറഞ്ഞു ആരെങ്കിലും ഈ വഴി വരട്ടെ.. അവരെ നേരിടാന്‍ സൊമാലിയക്കാര്‍ തന്നെ വിമാനം പിടിച്ചു വന്നോളും…!

അഭിപ്രായങ്ങള്‍

You might also like More from author