റിസര്‍വ് ബാങ്കിന്റെ വായ്പാ നയ അവലോകനം ഇന്ന്; പലിശ നിരക്കില്‍ കുറവ് വരുത്തുമെന്ന് സൂചന

rbi

മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷം നടക്കുന്ന, റിസര്‍വ് ബാങ്കിന്റെ ആദ്യ വായ്പാ നയ അവലോകനം ഇന്ന് നടക്കും. ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ ശേഷമുള്ള രണ്ടാമത്തെ പണവായ്പ നയ പ്രഖ്യാപനമാണിത്. ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കാല്‍ ശതമാനത്തിന്റെ വരെ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിഗമനം

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ, നിരക്കുകള്‍ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും.

കഴിഞ്ഞ പണ വായ്പ നയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. നോട്ട് അസാധുവാക്കിയ പശ്ചാത്തലത്തില്‍ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞു കൂടിയത് പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നും സൂചനയുണ്ട്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ, ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് വായ്പാ ഡിമാന്‍ഡ് ഉയര്‍ത്താനാകും ആര്‍.ബി.ഐ. ശ്രമിക്കുക. മാത്രമല്ല, പണപ്പെരുപ്പം സുരക്ഷിതമായ നിലയില്‍ നില്‍ക്കുന്നതും വായ്പാ നിരക്ക് കുറയ്ക്കാന്‍ ഉര്‍ജിത് പട്ടേലിനെ പ്രേരിപ്പിക്കും. 2015 ജനുവരി മുതല്‍ 1.75 ശതമാനം കുറവാണ് ആര്‍ബിഐ വായ്പകള്‍ക്കു മേല്‍ പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങള്‍

You might also like More from author