”സ്വന്തം മക്കള്‍ സ്വാശ്രയ കോളേജുകളില്‍ മാനേജ്‌മെന്റ് കോട്ടയില്‍ പഠിച്ചതുകൊണ്ടായിരിക്കും, സ്വാശ്രയ മുതലാളിമാരുടെ ‘കഷ്ടപ്പാടുകള്‍’ സഖാവിന് നന്നായി അറിയാം”-ഇന്‍ഫേസ് ബുക്ക്

 

ജിതിന്‍ ജേക്കബ്

”വേളാങ്കണ്ണി മാതാവ് ഈ വീടിന്റെ ഐശ്വര്യം എന്നെഴുതിയ ബോര്‍ഡുകളും, അതോടൊപ്പം മാതാവിന്റെ ഫോട്ടോയും പലവീടുകളുടെയും മുന്നില്‍ കാണാറുണ്ട്.

അതുപോലെ കേരളത്തിലെ ഓരോ സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകളുടെ മുന്നിലും സഖാവ് പിണറായി ഈ കോളേജിന്റെ ഐശ്വര്യം എന്നെഴുതി പിണറായിയുടെ ഒരു ഫോട്ടോയും വെക്കുന്ന കാലം വിദൂരമല്ല.

സ്വാശ്രയ മുതലാളിമാരെ ഇത്രയധികം സ്‌നേഹിച്ച ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടായിട്ടില്ല. സ്വന്തം മക്കള്‍ സ്വാശ്രയ കോളേജുകളില്‍ മാനേജ്‌മെന്റ് കോട്ടയില്‍ പഠിച്ചതുകൊണ്ടായിരിക്കും, സ്വാശ്രയ മുതലാളിമാരുടെ ‘കഷ്ടപ്പാടുകള്‍’ സഖാവിന് നന്നായി അറിയാം.

സ്വാശ്രയ മുതലാളിമാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞവര്‍ഷം എംബിബിസ് ന്റെ വാര്‍ഷിക ഫീസ് 5.60 ലക്ഷമാക്കി ഉയര്‍ത്തിയത്. അതും കൂടാതെ 6 ലക്ഷം രൂപയുടെ ബോണ്ട് വേറെയും!

കരുണാമയനായ പിണറായി സഖാവ് ഇനിയും താങ്കളെ കൈവിടല്ലെന്നു മനസിലാക്കി സ്വാശ്രയ മെഡിക്കല്‍ മുതലാളിമാരെല്ലാംകൂടി ഇനിയും ഫീസ് കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ 5.60 ലക്ഷം വാര്‍ഷിക ഫീസ് 11 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് മൊയലാളിമാരുടെ എളിയ അപേക്ഷ!

പതിവ് തിരക്കഥ പ്രകാരം മാനേജ്‌മെന്റുകള്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് കോടതിയില്‍ പോകും. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നൈസ് ആയി തോറ്റുകൊടുക്കും.

ഇതും കൂടി ശരിയാക്കുമ്പോള്‍ ഫീസ് കൊടുക്കാന്‍ പൈസയില്ലാത്ത എല്ലാവരും സ്വമേധയാ പുറത്തുപോകും. കോടീശ്വരന്മാരുടെ മക്കള്‍ക്ക് മാത്രം എംബിബിസ് പഠനം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തും.

ഇപ്പോള്‍ പഠനം നടത്തുന്നവര്‍ക്ക് പോലും വരും വര്‍ഷങ്ങളില്‍ ഫീസ് കൊടുക്കാന്‍ കഴിയാനാകാതെ വരും. വീടും സ്ഥലവും പണയപ്പെടുത്തി അഞ്ചു വര്‍ഷത്തെ ഫീസ് ആയ ഏകദേശം 60 ലക്ഷം രൂപ ബാങ്ക് വായ്പ്പ എടുക്കാന്‍ സാധാരണക്കാര്‍ക്കൊന്നും കഴിയില്ല.

പൈസ ഉള്ളവന്റെ മക്കള്‍ മാത്രം ഡോക്ടര്‍ ആയാല്‍ മതിയെന്നേ. ചെന്നിത്തല ഗാന്ധിയുടെ പുത്രനൊക്കെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലല്ലേ എംബിബിസ് ഉം പിജി യും ഒക്കെ പഠിച്ചത്. ഇവിടെയൊക്കെ മാനേജ്‌മെന്റ് കോട്ടയില്‍ പഠിക്കാനുള്ള ഫീസ് കൊടുക്കന്‍മാത്രം കോടികള്‍ ചിലവുണ്ടാകുമല്ലോ ചെന്നിത്തല ഗാന്ധി ?

അയ്യോ, അതൊന്നും ചോദിക്കാന്‍ പാടില്ലല്ലോ അല്ലേ? ചെന്നിത്തല ഗാന്ധിയുടെ മകന്റെ സ്വാശ്രയ പഠനത്തിന്റ കണക്കുകള്‍ അന്വേഷിച്ചാല്‍ പിണറായിയുടെ മക്കളുടെ സ്വാശ്രയ പഠനത്തിന്റ കണക്കുകളും പുറത്തുവരും.

അപ്പോള്‍ പിന്നെ പരസ്പ്പരം സഹകരിച്ച് മിണ്ടാതിരിക്കുന്നതല്ലേ നല്ലത് അല്ലേ ?

അതോ ഇനി സ്വാശ്രയ മുതലാളിമാരെ സഹായിക്കുന്നതിന് പ്രത്യുപകാരമായി നേതാക്കന്മാരുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും സ്വാശ്രയ കോളേജുകളില്‍ പഠനം free ആണോ?

എന്തായാലും സുപ്രീം കോടതി എതിര് പറഞ്ഞാലൊന്നും തളരുന്നവനല്ല ഞങ്ങളുടെ സഖാവ്. സ്വാശ്രയ മുതലാളിമാരുടെ കണ്ണീരൊപ്പുന്ന സഖാവിന് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങള്‍.

നിങ്ങള്‍ക്ക് പുഷ്പ്പനെ അറിയുമോ? ഞങ്ങളുടെ പുഷ്പ്പനെ അറിയുമോ?”

വേളാങ്കണ്ണി മാതാവ് ഈ വീടിന്റെ ഐശ്വര്യം എന്നെഴുതിയ ബോർഡുകളും, അതോടൊപ്പം മാതാവിന്റെ ഫോട്ടോയും പലവീടുകളുടെയും മുന്നിൽ…

Posted by Jithin Jacob on Saturday, April 7, 2018

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.