”ഭീകരവാദം അമര്‍ച്ച ചെയ്യാനാവുന്നില്ലെങ്കില്‍ ഇന്ത്യയുടെ സഹായം സ്വീകരിക്കു” പാക്കിസ്ഥാനെ കളിയാക്കി രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാനു ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ഇന്ത്യയുടെ സഹായം സ്വീകരിക്കാവുന്നതാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീര്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു രാജ്‌നാഥ് സിംഗിന്റെ വാക്കുകള്‍.

കാശ്മീരില്‍ ശരിയായമനോഭാവമുള്ളവരോട് മാത്രമേ ഇന്ത്യ ചര്‍ച്ച നടത്താന്‍ തയ്യാറുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

”ആരോടും സംഭാഷണങ്ങളാവാം. സമാന മനോഭാവമുള്ളവരാണെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ നിര്‍ബന്ധമായും ശരിയായ മനോഭാവമുള്ളവരായിരിയ്ക്കണം” ..കേന്ദ്രം സംഭാഷണം നടത്താനായി പ്രത്യേക പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. ”പ്രത്യേക പ്രതിനിധികളെ സ്ഥലം കാണാനല്ല നിയമിച്ചിട്ടുള്ളത് പതിനൊന്ന് തവണ കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധി കാശ്മീരിലെത്തിയിരുന്നു” രാജ്നാഥ് സിംഗ് പറഞ്ഞു.

ദിനേശ്വര്‍ ശര്‍മയാണ് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മുതല്‍ കേന്ദ്രത്തിന്റെ പ്രത്യേക പ്രതിനിധി.

”പ്രധാനമന്ത്രി നരേന്ദ്രമോദി നല്ലവണ്ണം ആലോചിച്ച ശേഷമാണ് റംസാന്‍ മാസത്തില്‍ വെടിനിര്‍ത്താന്‍ തീരുമാനിച്ചത്. കാശ്മീരിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് തീരുമാനമെടുത്തത്. എല്ലാ അഭിപ്രായങ്ങളും ഞങ്ങള്‍ പരിശോധിച്ചു. ഒരു സാദ്ധ്യതയും തള്ളിക്കളയണ്ട” ”ഛിദ്രശക്തികള്‍ അവരുടെ മക്കള്‍ക്ക് വലിയ വിദ്യാഭ്യാസം നല്‍കിയിട്ട് പാവപ്പെട്ട കുട്ടികളെ സൈന്യത്തിനെ കല്ലെറിയാന്‍ അയയ്ക്കുകയാണ്. മറ്റുള്ളവരുടെ മക്കളെ സ്വന്തം മക്കളെ കാണുന്നത് പോലെ കാണുക. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള അവസരമുണ്ടാക്കുക.” രാജ്നാഥ് സിംഗ് പറഞ്ഞു.

കല്ലെറിയാന്‍ വന്ന കുട്ടികള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കുന്നതിനായി അവരില്‍ മിക്കവര്‍ക്കുമെതിരേയുള്ള കേസുകള്‍ പിന്‍വലിയ്ക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.