‘അര്‍ജന്റീന കാണിച്ചത് മതപരമായ വിവേചനം’ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്, വെട്ടിലായി അര്‍ജന്റീന

ജറുസലേമില്‍ നടക്കാനിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ അര്‍ജന്റീനയ്ക്കെതിരെ ഇസ്രായേല്‍ രംഗത്തെത്തി. സംഭവത്തില്‍ ഫിഫയില്‍ പരാതി നല്‍കിയിട്ടുണ്ട്. അര്‍ജന്റീന താരങ്ങളെ മത്സരം ഉപേക്ഷിക്കാന്‍ പറയുന്നതിലേക്ക് പ്രേരിപ്പിച്ച കാര്യങ്ങളെന്തെന്ന് ഫിഫ അന്വേഷിക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു. സൗഹൃദ മത്സരം നടന്നാല്‍ മെസ്സിയുടെ ജെഴ്സി കത്തിക്കുമെന്നുള്ള ഭീഷണി പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്ത കാര്യവും ഇസ്രായേല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകകപ്പില്‍ മതപരമായ വിവേചനമാണ് അര്‍ജന്റീന കാണിച്ചതെന്ന ആക്ഷേപവും ഇസ്രായേല്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മതപരമായ വിവേചനം കാണിച്ച അര്‍ജന്റീനയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടുവെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70-ാം വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ജൂണ്‍ ഒന്‍പതിന് ലോകകപ്പ് സന്നാഹ മത്സരം തീരുമാനിച്ചിരുന്നത്. മെസ്സിയടക്കമുള്ള ടീമിലെ സീനിയര്‍ താരങ്ങള്‍ മത്സരത്തിനെതിരേ രംഗത്ത് വരികയും ഇത് മത്സരം ഉപേക്ഷിക്കുന്നതിലേക്ക് വഴിയൊരുക്കുകയുമായിരുന്നു. അതേസമയം, ലോകകപ്പ് മത്സരത്തിലടക്കം തങ്ങളുടെ ടീമിന്റെ പിന്തുണ കുറയുമോ എന്ന ആശങ്കയുളളതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില മതപരമായ സമര്‍ദ്ദങ്ങള്‍ക്ക് അര്‍ജന്റീന വഴങ്ങിയെന്ന ആക്ഷേപം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.