‘ പലസ്തീന്‍ ആഘോഷിക്കുന്ന, ഇസ്രായേലിനെതിരെ ഉള്ള ആ പഞ്ച് ഡയലോഗ് മെസി പറഞ്ഞിട്ടില്ല, എല്ലാം നുണപ്രചരണം’

ജെറുസലേമിലെ ഇസ്രായേലുമായുള്ള സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചതിന് പിന്നാലെയാണ് മെസിയുടെ ഡയലോഗ് പലസ്തീനെ പിന്തുണക്കുന്നവര്‍ ആഘോഷമാക്കിയത്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിനൊപ്പം ഫുട്ബോള്‍ കളിക്കില്ലെന്ന് മെസി പറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. എന്നാല്‍ മെസി ശരിക്കും ഇങ്ങനെ പറഞ്ഞുവോ എന്ന സംശയവും അതിനോടൊപ്പം ഉയര്‍ന്നു. യുനിസെഫിന്റെ അംബാസിഡര്‍ എന്ന നിലയില്‍ നിഷ്‌കളങ്കരായ പാലസ്തീനി കുട്ടികളെ കൊല്ലുന്ന ഇസ്രായേലിനൊപ്പം എനിക്ക് കളിക്കാനാവില്ല. കാരണം ഫുട്ബോളേഴ്സ് ആവുന്നതിന് മുന്‍പ് നാമെല്ലാം മനുഷ്യരാണ് എന്ന് ടിവൈസി സ്പോര്‍ട്സിനോട് മെസി പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍. ടിവൈസി സ്പോര്‍ട്സിന്റെ മെസിയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടായിരുന്നു സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചത്.
എന്നാല്‍ മെസി അത്തരമൊരു പ്രസ്താവന നടത്തിയതിന് ആ സ്‌ക്രീന്‍ഷോട്ട് അല്ലാതെ മറ്റൊരു തെളിവും ഇല്ല. മാത്രമല്ല, തങ്ങളുടെ ചാനല്‍ മെസിയുമായി സംസാരിച്ചിട്ടില്ലെന്ന് ടിവൈസി സ്പോര്‍ട്സ് റിപ്പോര്‍ട്ടന്‍ മാര്‍ട്ടിന്‍ അരെവാലോയും വ്യക്തമാക്കി കഴിഞ്ഞു. നിങ്ങള്‍ എഴുതുന്നതെല്ലാം തെറ്റാണ്. ടിവൈസി സ്പോര്‍ട്സിനോടെന്നല്ല, മറ്റൊരു മാധ്യമത്തിനോടും ഈ വിഷയത്തില്‍ മെസി പ്രതികരിച്ചിട്ടില്ല. ലോക കപ്പിന് ഒരുങ്ങുന്ന സമയം മെസി മാധ്യമങ്ങളോട് സംസാരിക്കാന്‍ പോകുന്നില്ലെന്നും മാര്‍ട്ടിന്‍ അരെവാലോ ചൂണ്ടിക്കാണിക്കുന്നു.

അതോടെ ആരുടേയോ സൃഷ്ടിയാണ് ആ സ്‌ക്രീന്‍ഷോട്ടെന്ന് വ്യക്തം. ഇസ്രായേലിനെതിരായി തന്റേതായി പരക്കുന്ന വാക്കുകള്‍ സൃഷ്ടിച്ച വിവാദമൊന്നും മെസി അറിയുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രസ്താവനകള്‍ ഉണ്ടാകണം എങ്കില്‍ അത് അദ്ദേഹത്തിന്റെ പിആര്‍ ടീം വിവാദ പ്രസ്താവനകള്‍ ഒഴിവാക്കിയാവും തയ്യാറാക്കുകയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ മത്സരം ഉപേക്ഷിച്ചത് എന്തു കൊണ്ടെന്ന് അര്‍ജന്റീന വ്യക്തമാക്കണമെന്ന് ഇസ്രായേല്‍ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതപരമായ നീക്കങ്ങള്‍ ഫുട്‌ബോളിന്റെ ശോഭകെടുത്തുമെന്നാണ് ഇസ്രായേല്‍ പറയുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.