ഏകദിനത്തിലെ റെക്കോഡ് ഇനി കിവി വനിതകളുടെ പേരിൽ : അടിച്ചെടുത്തത് പടുകൂറ്റൻ സ്കോർ :ഞെട്ടിത്തരിച്ച് പുരുഷ താരങ്ങൾ

ഡബ്ളിൻ: പുരുഷതാരങ്ങളെ ഞെട്ടിച്ചു കൊണ്ട് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ ഇനി കിവി വനിതകളുടെ പേരിൽ . അയർലൻഡിനെതിരായ മത്സരത്തിൽ 50 ഓവറിൽ 4 വിക്കറ്റിന് 490 റൺസ് എന്ന പടുകൂറ്റൻ സ്കോർ നേടിയാണ് കിവി വനിതകൾ പുരുഷ ലോകത്തെ ഞെട്ടിച്ചത്.

ടോസ് നെറ്റി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓപ്പണർമാരായ സൂസി ബേറ്റ്സും ജെ‌എം വാട്കിനും ഒന്നാം വിക്കറ്റിൽ നേടിയത് 172 റൺസ് .പത്തൊൻപതാം ഓവറിന്റെ അഞ്ചാം പന്തിൽ വാട്കിൻ പുറത്തായപ്പോൾ ഐറിഷ് വനിതകൾ അല്പം ആശ്വസിച്ചു. എന്നാൽ മൂന്നാമതായി ഇറങ്ങിയ മാഡി ഗ്രീൻ മാഡ് ആയതു പോലെയാണ് ഐറിഷ് വനിതകളോട് പെരുമാറിയത്.

77 പന്തിൽ 121 റൺസെടുത്ത മാഡി ഗ്രീനും 127 പന്തിൽ 151 റൺസെടുത്ത ക്യാപ്ടൻ സൂസി ബെറ്റ്സുമാണ് ഐറിഷ് ടീമിനെ തകർത്തുകളഞ്ഞത്. അഞ്ചാമതായിറങ്ങിയ അമേലിയെ കെർ പുറത്താകാതെ നേടിയത് 81 റൺസ് . അതും വെറും നാൽപ്പത്തഞ്ച് പന്തിൽ. മൂന്നു കൂറ്റൻ സിക്സറുകളും കെറിന്റെ ബാറ്റിൽ നിന്ന് പിറന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഐറിഷ് വനിതകളാകട്ടെ ഒന്നു പൊരുതാൻ പോലും കഴിയാതെ കീഴടങ്ങി.35.3 ഓവറിൽ 144 റൺസിനു അയർലൻഡ് ഓൾ ഔട്ടായതോടെ കീവീസ് നേടിയത് 346 റൺസിന്റെ കൂറ്റൻ വിജയം. തങ്ങളുടെ തന്നെ 455 റൺസ് എന്ന റെക്കോഡാണ് കിവി വനിതകൾ പഴങ്കഥയാക്കിയത്.

പുരുഷന്മാരുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഇംഗ്ളണ്ടിന്റെ പേരിലാണ് .444 റൺസ് . ഇന്ത്യയുടേ ഏറ്റവും ഉയർന്ന സ്കോർ വെസ്റ്റ് ഇൻഡീസിനെതിരെ ഇൻഡോറിൽ നേടിയ 418 റൺസാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.