എല്ലാം ശരിയാക്കാൻ ഒന്നുമറിയാത്ത മുഖ്യനും ; കുടുംബ സ്നേഹികളായ ചിറ്റപ്പന്മാരും

 

പെന്‍ഡ്രൈവ് 

കേരളീയർ ശബ്ദതാരാവലി അരിച്ചു പെറുക്കുന്ന തിരക്കിലാണ്..!! മറ്റൊന്നുമല്ല; “എല്ലാം” എന്ന വാക്കിൻറെ ശരിയായ അർത്ഥം എന്താണ് എന്നതാണ് മലയാളക്കര ഇന്ന് നേരിടുന്ന പ്രധാന സംശയം..!! “എല്ലാം ശരിയാകും” എന്ന് പറഞ്ഞു വോട്ടുപിടിച്ചവർ അധികാരത്തിൽ വന്നപ്പോൾ ശരിയായി വരുന്ന സംഭവങ്ങളുടെയും സാധനങ്ങളുടെയും ലിസ്റ്റ് പരിശോധിക്കുമ്പോഴാണ് ഈ സംശയം ഉണ്ടാവുന്നത്…!!

നിലവിൽ ശരിയാക്കേണ്ട ലിസ്റ്റിൽ മറ്റുള്ളവർ ഉദ്ദേശിക്കുന്ന “എല്ലാം” അല്ല ഭരണപാർട്ടി ഉൾപ്പെടുത്തിയിട്ടുള്ളത്…!! വീട് നന്നായാലേ നാട് നന്നാവൂ എന്ന് പണ്ട് ഏതോ ഒരു മഹാൻ അബദ്ധത്തിൽ പറഞ്ഞിട്ടുണ്ട്…!! ആ വചനമാണ് ഇപ്പോൾ കേരളഭരണകക്ഷിയുടെ ആപ്തവാക്യം…!!!

സംഗതി സത്യമല്ലേ…??!! നാട്ടിലെ സകലമാന അഭ്യസ്തവിദ്യ-തൊഴിലന്വേഷകരെയും യഥാശക്തി തൊഴിലുകളിൽ കൊണ്ട് ചെന്ന് കയറ്റുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്..!! അതിൻറെ പ്രവർത്തകോത്ഘാടനം എങ്ങനെ നിർവഹിക്കണം എന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാ കുടുംബത്തിൽ തന്നെ ഒന്നുരണ്ടെണ്ണം തൊഴിലില്ലാതെ അലയുന്നത് കണ്ടത്..!! അമ്മ മുൻ മന്ത്രിയാണ്, എം.പിയാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..!! മകൻറെയും മരുമകളുടെയും ഒക്കെ കാര്യം വളരെ പരുങ്ങലിലാണ്..!! മന്ത്രികാലത്ത് മരുമകളുടെ പട്ടിണി മാറ്റാൻ സ്വന്തം അടുക്കളക്കാരിയായി നിയമിച്ചു ആജീവനാന്ത സർക്കാർ പെൻഷൻ ഉറപ്പാക്കിക്കൊടുത്തിരുന്നു..!! പക്ഷെ മകൻറെ പട്ടിണി മാറ്റാൻ അമ്മ മറന്നു പോയി…!! ആ ദൗത്യമാണ് ഈ മന്ത്രിസഭയിൽ ചിറ്റപ്പൻ മന്ത്രി ഏറ്റെടുത്തത്…!! ചിറ്റപ്പൻ അമ്മയെപ്പോലെയല്ല, കുടുംബത്തിൽ കോളേജിൻറെ പടി കണ്ടിട്ടുള്ള സകല എണ്ണത്തിനും പണി കൊടുത്തേ അടങ്ങൂ എന്ന വാശിയിലാണ്…!! തറവാടിൻറെ പ്രൗഢിയനുസരിച്ച് ചുരുങ്ങിയത് എം.ഡി സ്ഥാനത്തിലെങ്കിലും തുടങ്ങണ്ടേ..??!!

മലബാറിൽ ചിറ്റപ്പൻ ഒറ്റയ്ക്കാണ് കുടുംബസ്നേഹം കാണിക്കുന്നതെങ്കിൽ തിരുവിതാംകൂറിൽ ഇത് വ്യാപകമായ പ്രതിഭാസമാണത്രേ..!! ആനത്തലവട്ടം ആനന്ദൻ, വി.ശിവൻകുട്ടി, കോലിയക്കോട് കൃഷ്ണൻനായർ, എന്നിങ്ങനെ അനവധി നിരവധി നേതാക്കളാണ് കുടുംബം നന്നായാൽ സമൂഹവും അതുവഴി നാടും സംസ്ഥാനവും രാജ്യവും പ്രപഞ്ചവും നന്നാവും എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചു മുന്നിട്ടിറങ്ങിയിട്ടുള്ളത്..!! സാധനങ്ങളുടെ വിലനിലവാരവും ഓഹരിസൂചികയുമൊക്കെ വച്ച് നോക്കുമ്പോൾ ഇന്നത്തെക്കാലത്ത് മൂന്നു നേരം കഞ്ഞി കുടിച്ചു കിടക്കാൻ ചുരുങ്ങിയത് ഒരു എം.ഡി ജോലിയെങ്കിലും വേണം എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല..!! പക്ഷേ ഈ കുടുംബ-സമൂഹ സിദ്ധാന്തം അണികൾക്കും സമൂഹത്തിനും അത്ര ദഹിച്ച മട്ടല്ല..!! നിയമനനിരോധനത്തിനെതിരെ മുൻസർക്കാരിൻറെ കാലത്ത് യുവവിപ്ലവകാരികളെ തെരുവിലിറക്കി പൊലീസിൻറെ വക തൊഴില്ലായ്മവേദന വാങ്ങിക്കൊടുത്തയാളുകളിൽ നിന്ന് ഇത്തരമൊരു കുടുംബസ്നേഹം അവരും പ്രതീക്ഷിച്ചു കാണില്ല…!!

എന്തായാലും മുഖ്യമന്ത്രി അറിയാതെയായിരുന്നു ഈ നിയമനം എന്നതിനാൽ രക്ഷപ്പെട്ടു..!! എതിർപാർട്ടിക്കാരുടെ രഹസ്യഗ്രൂപ്പ് സമ്മേളനവിവരം വരെ മണത്തറിഞ്ഞ് മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്ന ആ പഴയ സെക്രട്ടറിയുടെ കഴിവൊന്നും ഇപ്പൊ അദ്ദേഹത്തിനില്ല എന്ന് വേണം വിശ്വസിക്കാൻ…!! അല്ലെങ്കിൽ സ്വന്തം മന്ത്രിസഭയിലെ, സ്വന്തം ജില്ലക്കാരനും, അയൽ മണ്ഡലക്കാരനുമായ ചിറ്റപ്പൻ മന്ത്രിയുടെ വകുപ്പിൽ നടന്ന ഈ കുടുംബസ്നേഹം അദ്ദേഹം അറിയാതെ പോയതെന്ത്..??!! എന്തായാലും അറിയാതിരുന്നത് അദ്ദേഹത്തിനും ഗുണമായി..!! അറിഞ്ഞയുടനെ നിയമനം റദ്ദാക്കിച്ച് ആണത്തം കാട്ടാൻ സാധിച്ചു…!! ഈ കുടുംബസ്നേഹം കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുന്ന ഒരാളുണ്ട്…!! മറ്റാരുമല്ല; അനുജന് വഴിവിട്ട് ജോലി ശരിയാക്കിക്കൊടുത്തു എന്ന് പറഞ്ഞു കേരളസഖാക്കളുടെ വക പൊങ്കാല ഏറ്റുവാങ്ങി സംസ്ഥാനസ്പോർട്സ് കൗൺസിൽ അധ്യക്ഷപദവിയിൽ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്ന ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ്…!! അന്ന് അഞ്ജുവിനെ വിചാരണ നടത്താൻ സ്മാർത്തൻറെ റോളിൽ വന്ന സഖാവിനെ ഇപ്പോൾ കുടുംബസ്നേഹിയായ ചിറ്റപ്പൻറെ റോളിൽ കാണുന്ന അഞ്ജുവിന് സ്ഥലജല വിഭ്രമം ഉണ്ടാകാൻ സാധ്യതയുണ്ട്…!!

എല്ലാം എന്ന പട്ടികയിൽ ഇനിയും ഏതൊക്കെ കുടുംബ റേഷൻകാർഡുകൾ പെടും എന്ന് നമുക്ക് കാത്തിരുന്നു കാണാം..!! അതൊക്കെ എന്തായാലും ശരിയാവും..!! ബാക്കിയുള്ളത് ഇനിയും ഭരണം കിട്ടുമ്പോൾ അപ്പോൾ നോക്കാം…!!

അഭിപ്രായങ്ങള്‍

You might also like More from author