ഓഖി ദുരന്തം: ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പി. സി ജോര്‍ജ്ജ് ‘ മുഖ്യമന്ത്രിയ്ക്ക് ജനങ്ങളെ പേടിച്ച് വഴി നടക്കാന്‍ കഴിയുന്നില്ല’

കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പി. സി ജോര്‍ജ്ജ് എം. എല്‍ . എ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയില്‍ ആശയസംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുഴലിക്കാറ്റ് സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകള്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടില്ല എന്നത് പച്ചക്കള്ളമാണ്. ഉദ്യോഗസ്ഥരുടെ നിസംഗത കൊണ്ട് മാത്രമാണ് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായത്. ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിയിലെയും ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെ നരഹത്യക്ക് കേസെടുക്കണം.

സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്നും പി. സി ജോര്‍ജ്ജ് ആരോപിച്ചു. കാണാതായവരുടെ കണക്ക് പോലും സര്‍ക്കാരിന് അറിയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനങ്ങളെ പേടിച്ചു വഴിയില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളപായം ഒഴിവാക്കാനുള്ള സമയം സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തികാഞ്ഞത് ഗുരുതരമായ വീഴ്ചയാണെന്നും ജോര്‍ജ് പറഞ്ഞു.

അറുപത് കൊല്ലം മാറി മാറി ഭരിച്ചവര്‍ നാടിനെ നന്നാക്കാനുള്ള ഒരു പരിപാടിയും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മുട്ടത്ത് വര്‍ക്കി അടക്കമുള്ള എഴുത്തുകാരാണ് വായനയെ പ്രോത്സാഹിപ്പിച്ചതെന്നും പി. സി ജോര്‍ജ്ജ് പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.