‘തടയണ നിര്‍മ്മിച്ചത് ജലക്ഷാമം പരിഹരിക്കാന്‍’, മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കൂട്ടുപിടിച്ച് നിയമലംഘനങ്ങള്‍ ന്യായീകരിച്ച് പി വി അന്‍വര്‍ എംഎല്‍എ


മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ നിയമലംഘനങ്ങള്‍ സാധൂകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തെ കൂട്ടുപിടിച്ച് ശ്രമവുമായി പി വി അന്‍വര്‍ എംഎല്‍എ. ജലക്ഷാമം പരിഹരിക്കാന്‍ മഴവെള്ള സംഭരണികള്‍ സംസ്ഥാനത്ത് വ്യാപകമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നുവെന്നാണ് നിയമലംഘനത്തിനുള്ള കാരണമായി ബോധിപ്പിച്ചിരിക്കുന്നത്. കക്കാടംപൊയിലിലെ പാര്‍ക്കിന് അനുബന്ധമായി ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ എംഎല്‍എ തടയണ നിര്‍മ്മിച്ചത് സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന് ഇതിനോടകം വ്യക്തമായിരുന്നു.

സര്‍ക്കാര്‍ നയമനുസരിച്ചുള്ള പ്രവര്‍ത്തികളേ ചീങ്കണ്ണിപ്പാലിയില്‍ നടന്നിട്ടുള്ളൂ. കുളങ്ങളും തടയണകളും എവിടെയൊക്കെ നിര്‍മ്മിക്കാന്‍ സാധിക്കുമോ അത് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന് വനഭൂമിയെന്നെ ഭേദമില്ല. ജലക്ഷാമം പരിഹരിക്കാനുള്ള മാര്‍ഗമാണ് സ്വീകരിച്ചത്. ഇതിന് തെളിവായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ അച്ചടി പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പ്രസംഗത്തില്‍ പറയുന്നത് തടയണകള്‍, റഗുലേറ്ററുകള്‍, എന്നിവ വൃത്തിയാക്കി പരമാവധി മഴവെള്ളം സംഭരിക്കുക. വനത്തിനുള്ളില്‍ തടയണ നിര്‍മ്മിച്ച് വന്യമൃഗങ്ങള്‍ക്ക് ജലലഭ്യത ഉറപ്പ് വരുത്താന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ്. വനത്തിനുള്ളില്‍ തടയണ നിര്‍മ്മിക്കാന്‍ നിയമതടസങ്ങളില്ലെന്ന വിചിത്രവാദത്തിന് ഈ വാക്കുകളാണ് ആധാരമാക്കിയിരിക്കുന്നത്. ഇക്കഴി!ഞ്ഞ ഓഗസ്റ്റ് 30നാണ് ഈ വിശദീകരണം നല്‍കിയത്. മുഖ്യമന്ത്രി നടത്തിയ അടുത്തിടെ നടത്തിയ നിയമസഭാ പ്രസംഗത്തെ വളച്ചൊടിച്ചാണ് രണ്ട് വര്‍ഷം മുന്‍പ് നടത്തിയ നിയമലംഘനത്തെ ന്യായീകരിക്കാനുള്ള ശ്രമം.

ഇതടക്കമുള്ള നിയമലംഘനങ്ങളില്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടുകയും ചെയ്തു. തടയണ നിര്‍മ്മാണം വിവാദമായപ്പോള്‍ സ്വന്തം പേരില്‍ കരാറെഴുതിയ ഭൂമി എംഎല്‍എ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റി തലയൂരി. തടയണയുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് ഇതിനോടകം നടന്ന തെളിവെടുപ്പുകളില്‍ എംഎല്‍എക്കൊപ്പം രണ്ടാംഭാര്യയുടെ അച്ഛനും വിശദീകരണം നല്‍കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം വളച്ചൊടിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.