ആളെക്കാൾ വളരുന്ന പേരുകൾ.. ; ശശി, സോമൻ ഇപ്പോൾ ജയരാജനും..

പെൻഡ്രൈവ്


ചില പേരുകള്‍ അങ്ങനെയാണ്..!! അവ വഹിക്കുന്ന വ്യക്തികളെക്കടന്ന് സ്വന്തമായ ഒരു വ്യക്തിത്വവും പ്രഭാവവും ആ പേരുകള്‍ നേടിയെടുക്കും..!! ശശി, സോമന്‍ എന്നിവയൊക്കെ അര്‍ത്ഥതലത്തില്‍ ചന്ദ്രന്റെ പര്യായങ്ങളാണ്…!! പക്ഷെ ഇന്ന് മലയാളക്കരയില്‍ ഒരു ചന്ദ്രാരാധകനും സ്വന്തം മകന് ഈ പേരുകള്‍ ഇടില്ല..!! കാരണം ഇവ അതിന്റെ കേവലാര്‍ത്ഥത്തില്‍ നിന്നും ഒരുപാട് മാറി മറ്റൊരു തലത്തില്‍ സാമാന്യവത്ക്കരിക്കപെട്ടിരിക്കുകയാണ്..!! അക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരു പേര് കൂടി വന്നിരിക്കുകയാണ്..!! ‘ജയരാജന്‍’..!!! വിജയിയായ രാജാവ് എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ഥം എങ്കിലും കേരളത്തില്‍ ഈ പേരുള്ളവര്‍ അതൊന്നു മാറ്റിക്കിട്ടാന്‍ വേണ്ടി ഗസറ്റ് വിജ്ഞാപനം നല്‍കാന്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയാണ്..!! ആരെങ്കിലും പേരെന്താ എന്ന് ചോദിക്കുമ്പോള്‍ ജയരാജന്‍ എന്ന് മറുപടി പറഞ്ഞാല്‍ അവര്‍ അമര്‍ത്തിച്ചിരിച്ചുകൊണ്ട് കടന്നു പോകുന്നു എന്നാണ് പല ജയരാജന്മാരുടെയും പരാതി..!!

പേര് മാത്രം പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥതലം പൂര്‍ത്തിയാവുകയില്ല എന്നാണ് വിദഗ്ദ്ധമതം.!! പേരിന്റെ ബോക്‌സര്‍, ശുംഭന്‍, ഹൃദ്രോഗി, ചിറ്റപ്പന്‍, വെടിയുണ്ട, ശോഭായാത്ര തുടങ്ങിയ നാമവിശേഷണങ്ങള്‍ കൂടി ചേരുമ്പോഴേ ആളെ തിരിച്ചറിയാന്‍ സാധിക്കൂ..!! സംസ്ഥാന ഭരണമുന്നണിയിലെ മൂന്നു കണ്ണൂര്‍ സഖാക്കള്‍ ഒന്നിച്ചു ചേര്‍ന്നാണ് ജയരാജന്‍ എന്ന പേരിനു ഇത്രയും ജനപ്രീതി സമ്പാദിച്ചു കൊടുത്തത്..!! ഒന്നാമന്‍ മറ്റു രണ്ടുപേരെയും പോലെയല്ല.!! കാഴ്ചയില്‍ വളരെ സൗമ്യനാണ്..!! സംസാരവും മയത്തില്‍ത്തന്നെ..!! പക്ഷെ പ്രവൃത്തിയിലും ഇടപാടുകളിലും ഈ മയവും സൗമ്യതയും ഒട്ടുമില്ല എന്നാണ് ആരാധകരും ശത്രുക്കളും ഒരേ സ്വരത്തില്‍ പറയുന്നത്..!! ചാനല്‍ തത്സമയ ചര്‍ച്ചയില്‍ അവതാരകനെ എടുത്തിട്ട് ചാമ്പാന്‍ ഈ സൗമ്യതയും ശാരീരിക പരിമിതികളും ഒന്നും ഇദ്ദേഹത്തിന് ഒരു തടസ്സവുമായില്ല..!! പക്ഷേ ഏതോ ഒരാളെ ആരോ വെട്ടിക്കൊന്ന കേസില്‍ അന്വേഷകസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഈ പാവത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ അറിഞ്ഞത്..!! പൊതുവെ നെഞ്ചു വിരിച്ചാണ് നില്‍പ്പും നടപ്പും എങ്കിലും ആധുനികവൈദ്യശാസ്ത്രത്തിന് മുന്നില്‍ ഇദ്ദേഹം വളഞ്ഞു കുത്തിയ ഒരു ചോദ്യചിഹ്നമാണ് എന്ന് ഇതുസംബന്ധിച്ച് പാര്‍ട്ടി ഭരിക്കുന്ന സഹകരണമെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.!! ബൂര്‍ഷ്വായെ തോല്‍പ്പിക്കാന്‍ ബൂര്‍ഷ്വായുടെ അപ്പനാകണം എന്ന സിനിമാ ഡയലോഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ശോഭായാത്രകളെ തോല്‍പ്പിക്കാന്‍ ശോഭായാത്രകളുടെ മുത്തപ്പനാകാന്‍ തീരുമാനിച്ചതും ഇദ്ദേഹമായിരുന്നു..!!

രണ്ടാമത്തെ ജയരാജനാണ് ഇപ്പോള്‍ പ്രചാരത്തില്‍ മുന്‍പന്തിയില്‍..!! ടി.പി എന്ന് കേട്ടാല്‍ ഹാലിളകുമെന്നതാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള പ്രധാന ലക്ഷണം..!! കട്ടന്‍ചായയും പരിപ്പുവടയും മരബെഞ്ചിലെ ഉറക്കവും കൊണ്ട് പാര്‍ട്ടി വളര്‍ത്താനാകില്ല, മാന്യമായ ഒരു വീട് വയ്ക്കണമെങ്കില്‍ ചില്ലറ കാശൊന്നും പോരാ, തുടങ്ങിയ ലോക തൊഴിലാളിമേഖലയിലെ സുപ്രധാനമായ ചില ആധുനിക വര്‍ഗ്ഗസിദ്ധാന്തങ്ങള്‍ ഈ ബുദ്ധിരാക്ഷസന്റേതാണ്..!! തൊഴിലാളിവര്‍ഗ്ഗജിഹ്വയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി പാവപ്പെട്ട ചില ലോട്ടറിക്കച്ചവടക്കാരുടെ കയ്യില്‍ നിന്നും ബോണ്ടുരൂപത്തില്‍ നടത്തിയ മൂലധനസമാഹരണവും ഇദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയിരുന്നു..!! പ്ലീനകാലഘട്ടത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് ഉറച്ച പിന്തുണയേകി ചാക്ക് രാധാകൃഷ്ണന്റെ മുന്‍പേജ് പരസ്യം ജിഹ്വയില്‍ അച്ചടിച്ചതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ പെടുന്നു..!! സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയാക്കിയേക്കും എന്നൊരു കരക്കമ്പി വന്നെങ്കിലും ആരുടെയൊക്കെയോ സുകൃതം കൊണ്ട് അത് തെന്നിത്തെറിച്ചുപോയി എന്നാണ് പാര്‍ട്ടിസ്‌നേഹികളുടെ അഭിപ്രായം..! ഇക്കുറി മന്ത്രിയായതോടെ അദ്ദേഹത്തിന്റെ പ്രഭാവം വര്‍ദ്ധിച്ചതായി അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു..!! സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശുദ്ധീകരണം, മുഹമ്മദാലിയെ മെയ്ക്ക് ഇന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയാളിവത്ക്കരിക്കല്‍, ഏറ്റവുമൊടുവില്‍ കുടുംബസ്‌നേഹിയായ ചിറ്റപ്പന്റെ റോള്‍ എന്നിവയൊക്കെ ജയരാജന്‍ രണ്ടാമന്റെ ടി.ആര്‍.പി റേറ്റിങ് ഉയര്‍ത്തിയ സംഭവങ്ങളാണ്..!! കഴിവിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ബിഹാറിലോ ജാര്‍ഖണ്ഡിലോ പാര്‍ട്ടി വളര്‍ത്താനുള്ള ദൗത്യവുമായി ഇദ്ദേഹത്തെ കേരളത്തില്‍ നിന്നും പറഞ്ഞയയ്ക്കുവാന്‍ സാധ്യതയുണ്ട് എന്നും കേള്‍ക്കുന്നു..!!

ജയരാജന്‍ മൂന്നാമന്‍ കുറച്ചുകൂടി വ്യത്യസ്തനാണ്..!! സാധാരണഗതിയില്‍ നിരുപദ്രവകാരിയാണെങ്കിലും മൈക്ക് കയ്യില്‍ കിട്ടിയാല്‍ അത്യന്തം അപകടകാരിയാകും എന്ന് ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നു..!! റോഡരികില്‍ സമ്മേളനം നിരോധിച്ച കോടതിവിധിയ്‌ക്കെതിരെ പ്രതിഷേധിച്ച് മൈക്ക് കയ്യിലെടുത്തപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു വാക്ക് എടുത്ത് ജഡ്ജിയെ അലങ്കരിച്ചു എന്നൊരു ചെറിയ തെറ്റേ ചെയ്തുള്ളൂ…!! നര്‍മ്മബോധമില്ലാത്ത നീതിപീഠം അത് കോടതിയലക്ഷ്യമായും അവഹേളനമായും ഒക്കെ ചിത്രീകരിച്ചുകളഞ്ഞു…!! താന്‍ പറഞ്ഞ വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്നര്‍ത്ഥമുണ്ടെന്നൊക്കെ ശബ്ദതാരാവലി ചിന്ത എഡിഷന്‍ വച്ച് വാദിച്ചു നോക്കിയെങ്കിലും അകത്തുകിടക്കാനുള്ള ജാതകവിധിയെ തടയാന്‍ കഴിഞ്ഞില്ല…!! പിന്നീട് കുറേക്കാലം കുഴപ്പമൊന്നുമില്ലാതിരിക്കുകയായിരുന്നു..!! ഇന്നലെ പാലക്കാട് ഭാഗത്ത് വച്ച് മൈക്ക് കൈയ്യില്‍ കിട്ടിയതോടെ സംഗതി കയ്യില്‍നിന്നു പോയി..!! ഉറി സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികരുടെ സഹായത്തോടെയാണ് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം..!! ചുമ്മാ ഊഹിച്ചതൊന്നുമല്ല, ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അസ്സല്‍ പകര്‍പ്പ് ഉദ്ധരിച്ചാണ് ഈ പ്രഖ്യാപനം..!! ഇപ്പോള്‍ സഹായം എന്നേ പറഞ്ഞിട്ടുള്ളൂ; യഥാവിധി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നാളെ ഉറിയില്‍ ഇന്ത്യന്‍ സൈനികര്‍ പരസ്പരം വെടിവച്ചതാണ് എന്നു വരെ കണ്ടുപിടിച്ചേക്കാം…!! ഇനിയിപ്പോള്‍ ഇങ്ങനെയല്ല എന്ന് തെളിയിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാറിനാണ്..!! സാധിക്കുന്നില്ല എങ്കില്‍ മിനിമം നരേന്ദ്രമോദി രാജിവയ്ക്കുകയെങ്കിലും വേണ്ടി വരും.!! എന്തായാലും കോടതി വാസത്തിനു ശേഷമുണ്ടായ വലിയ ഗ്യാപ്പ് നികത്താന്‍ ഈ ഒറ്റ ഡയലോഗിലൂടെ ജയരാജന്‍ മൂന്നാമന് സാധിച്ചേക്കും എന്നാണ് ഇതിന്റെ ഇനിഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പറയുന്നത്…!!

ഇനിയും നാലരക്കൊല്ലത്തിലധികം .ബാക്കിയുണ്ട്..!! ഇതര ജയരാജന്മാർ യഥാവിധി പരിഹാര കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ കടുത്ത മാനഹാനി ഫലം…!!

 

അഭിപ്രായങ്ങള്‍

You might also like More from author