സര്‍ക്കാര്‍ ഓഫീസുകളില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം വേണമെന്ന് വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. സെക്രട്ടറിയേറ്റിലടക്കം വിജിലന്‍സ് സംവിധാനം വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും പണിയെടുക്കാത്തവരെയും കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ഓരോ നാല് മാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ട് തവണയോ എല്ലാ ഓഫീസുകളിലും ഓഡിറ്റ് സംവിധാനം നടപ്പാക്കണം. ഏതൊക്കെ ഫയലുകള്‍ കെട്ടികിടക്കുന്നു, ഏതിലൊക്കെ തീര്‍പ്പുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇതിലൂടെ കൃത്യതയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ആഭ്യന്തര വിജിലന്‍സ് സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ഓഫീസുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാവും. കൂടാതെ അഴിമതിയുടെ അളവ് കുറയ്ക്കാനാവുമെന്നും വിജിലന്‍സ് ഡയറക്ടര്‍ പറയുന്നു. ഓരോ ഓഫീസിലെയും തലമുതിര്‍ന്ന രണ്ടാമത്തെ ആളായിരിക്കണം ആഭ്യന്തര വിജിലന്‍സിന്റെ മേധാവി. ഓഫീസുകളില്‍ കൃത്യമായി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു വിജിലന്‍സ് വിംഗ് തുടങ്ങാന്‍ 1997-ല്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും അതൊന്നും കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല.

അഭിപ്രായങ്ങള്‍

You might also like More from author