കെഎസ്ഇബി സാമ്പത്തീക പ്രതിസന്ധിയിലാണെന്ന ചെയര്‍മാന്റെ ആശങ്കയൊന്നും ഉദ്യോഗസ്ഥര്‍ക്കില്ല. 25 ലക്ഷം ചിലവിട്ട് ഊര്‍ജ്ജസംരക്ഷണം പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘം ജപ്പാനിലേക്ക്, പരാതി ഒഴിവാക്കാന്‍ എല്ലാ യൂണിയന്‍ പ്രതിനിധികളും സംഘത്തില്‍

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, പെന്‍ഷന്‍ ബാധ്യതയായി മാറിയെന്നും കാണിച്ച് കെഎസ്ഇബി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചിരുന്നു. ചിലവു ചുരുക്കല്‍, പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കല്‍ എന്നി കാര്യങ്ങളാണ് കത്തിലുണ്ടായിരുന്നു. എന്നാല്‍ 25 ലക്ഷത്തോളം രൂപ ചെലവിട്ട് ഉദ്യോഗസ്ഥസംഘം ജപ്പാനിലേക്ക് പോവാന്‍ തയ്യാറെടുക്കയാണെന്നാണ് വിവപം ഊര്‍ജസംരക്ഷണം പഠിക്കാന്‍ പോകുന്ന സംഘത്തിലുള്ളത് ഉല്‍പ്പാദന വിഭാഗത്തിലും ഓഫീസിലുമുള്ള ഉദ്യോഗസ്ഥരുണ്ടെന്നും, പരാതി ഒഴിവാക്കാന്‍ എല്ലാ യൂണിയനുകള്‍ക്കും പ്രാതിനിധ്യം നല്‍കിയെന്നും മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സി.പി.ഐ. യൂണിയനെ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഊര്‍ജ സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ പത്തംഗ സംഘത്തെ ജപ്പാനിലേക്ക് അയയ്ക്കുന്നതിനു ബോര്‍ഡിന്റെ ഫുള്‍ബോര്‍ഡ് യോഗം അനുമതി നല്‍കി. ഇനി വേണ്ടത് സര്‍ക്കാരിന്റെ അനുമതിയാണെന്നും വാര്‍ത്തയില്‍ പറയുന്നു. ഭരണപക്ഷാനുകൂല ഓഫീസര്‍ സംഘടനയില്‍ നിന്ന് ഏഴുപേരും കോണ്‍ഗ്രസ് അനുകൂല ഓഫീസര്‍ സംഘടനയില്‍നിന്ന് ഒരാളും എന്‍ജിനീയര്‍മാരുടെ സംഘടനയില്‍നിന്നു രണ്ടു പേരുമാണു സംഘത്തിലുള്ളത്. സി.പി.ഐ. അനുകൂല സംഘടനയായ ഓഫീസേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി. ഇവരുടെ വിസാ ചെലവും യാത്രാബത്തയും ബോര്‍ഡാണു വഹിക്കുന്നത്. ഒരാള്‍ക്കു ശരാശരി രണ്ടര ലക്ഷം രൂപയെന്ന കണക്കില്‍ പത്തംഗ സംഘത്തിന്റെ ജപ്പാന്‍ യാത്രയ്ക്കായി ബോര്‍ഡിന് 25 ലക്ഷത്തോളം രൂപ ചെലവാകും. അവിടുത്തെ പരിശീലന പരിപാടികള്‍ക്കുള്ള ഫീസ് എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയാണു വഹിക്കുന്നത്. ഊര്‍ജ സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ പോകുന്ന സംഘത്തിലേക്കു തെരഞ്ഞടുക്കപ്പെട്ടതില്‍ മിക്കവരും ഓഫീസ് വിഭാഗത്തിലും വൈദ്യുതോല്‍പ്പാദന രംഗത്തും ജോലി ചെയ്യുന്നവരാണെന്നതാണെന്നും ആരോപണമുണ്ട്.

ഓരോ വിഷയത്തെക്കുറിച്ചു പഠിക്കാനായി ബോര്‍ഡ് എല്ലാ വര്‍ഷവും ഉദ്യോഗസ്ഥസംഘത്തെ വിദേശത്തയയ്ക്കാറുണ്ട്. സൗരോര്‍ജത്തെക്കുറിച്ചു പഠിക്കാന്‍ ജര്‍മനിയിലേക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യാത്ര. സൗരോര്‍ജ വികസനത്തെക്കുറിച്ചു പഠിക്കാന്‍ പോയ സംഘത്തില്‍ കൂടുതലും നിര്‍മാണ രംഗത്തു ജോലി ചെയ്യുന്ന സിവില്‍ വിഭാഗക്കാരായിരുന്നു. ജര്‍മനിയില്‍ പോയിവന്ന ഇവര്‍ സൗരോര്‍ജ വികസനത്തെക്കുറിച്ച് സര്‍ക്കാരിനോ ബോര്‍ഡിനോ യാതൊരു നിര്‍ദേശവും സമര്‍പ്പിച്ചതുമില്ലെന്നും മംഗളം ചൂണ്ടിക്കാട്ടുന്നു.

. പഠനങ്ങള്‍ക്കായി ബോര്‍ഡ് ലക്ഷങ്ങള്‍ ചെലവിട്ടു നടത്തുന്ന വിദേശയാത്രകള്‍ ഉദ്യോഗസ്ഥരുടെ ഉല്ലാസയാത്രയായി മാറുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സാമ്പത്തീക പ്രതിസന്ധിക്കാലത്തെ ജപ്പാന്‍ യാത്ര.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.