‘അമ്മ പ്രസിഡണ്ട് സ്ഥാനത്ത് മോഹന്‍ലാല്‍’: മറ്റാരും പത്രിക നല്‍കിയില്ല’ മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്ന് ഉറപ്പായി. നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നലെ കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ ഒഴികെ മറ്റാരും പത്രിക നല്‍കിയിട്ടില്ല. 17 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് ശേഷമാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡണ്ടാവുക. ംഎല്‍എമാരായ കെ.ബി. ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കും. നിലവിലെ സെക്രട്ടറി ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവിയിലേക്കും വരും. മമ്മൂട്ടിയാണ് സംഘടനയുടെ നിലവിലുള്ള ജനറല്‍ സെക്രട്ടറി.

ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും,ട്രഷറര്‍ സ്ഥാനത്തേക്ക് ജഗദീഷും എത്തിയേക്കും.
24ന് ചേരുന്ന ജനറല്‍ബോഡിയില്‍ പുതിയ ഭാരവാഹികളുടെ ചിത്രം വ്യക്തമാകും. ഇന്നസെന്റ് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഒട്ടേറെ തിരക്കുകളുള്ളതിനാല്‍ ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനായുള്ള ആലോചനകള്‍ സജീവമായത്. എല്ലാ തലമുറയിലുംപെട്ട താരങ്ങള്‍ക്കിടയില്‍ പൊതുസ്വീകാര്യനായ മോഹന്‍ലാലിനെ ഇന്നസെന്റ് തന്നെയാണ് ആദ്യം നിര്‍ദേശിച്ചത്.

ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തിനു മുന്പായി നാട്ടില്‍ തിരിച്ചെത്തും. സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍നിന്ന് ആരും മത്സരരംഗത്തില്ലെന്നാണു സൂചന. എന്നാല്‍ നടിമാരില്‍ നാലുപേര്‍ പുതുതായി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെത്തും. ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങള്‍. ഒപ്പം ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന തുടങ്ങിയവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായേക്കും. പഴയ അംഗങ്ങളില്‍ ആസിഫ് അലി തുടരാനും ഇടയുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.