ആര്‍ഭാടജീവിതത്തിന്റെ ‘മാതൃക’ യുവ എംപിയെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി


ആര്‍ഭാട ജീവിതത്തിന്റെ തെളിവുകള്‍ പുറത്ത് വന്നതിന്റെ പേരില്‍ പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയ മുന്‍ എസ്എഫ്‌ഐ ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ റിതബ്രത ബാനര്‍ജിയെ സിപിഎം ബംഗാള്‍ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി. സംഭവം പുറത്ത് വന്ന മാസങ്ങള്‍ക്ക് ശേഷം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം.

കേന്ദ്ര കമ്മറ്റിയുടെ നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനം നടപ്പിലാക്കും. പിബി അംഗം മുഹമ്മദ് സലീം നയിച്ച സമിതി ആയിരുന്നു അന്വേഷണം നടത്തിയത്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ മദന്‍ ഘോഷ്, മൃദുല്‍ ദേ എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളായിരുന്നു.
ഫെബ്രുവരി 12ന് സിലിഗുരിയില്‍ കൊല്‍ക്കത്തന്‍ ഫുട്ബോള്‍ ടീമുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ നടന്ന മത്സരം കാണാനെത്തിയ എംപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. 30000 രൂപ വിലവരുന്ന മോണ്ട് ബ്ലാങ്ക് പേന പോക്കറ്റിലും 27000 രൂപ വില വരുന്ന ആപ്പിള്‍ വാച്ച് കൈത്തണ്ടയിലും കാണാനാവുന്ന തരത്തിലായിരുന്നു ചിത്രം. ഇതേ തുടര്‍ന്നാണ് എംപിയുടെ വരുമാനത്തെ കുറിച്ചും കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ പാലിക്കേണ്ട ജീവിത ശൈലിയെ കുറിച്ചും ചോദ്യം ഉയര്‍ന്നത്.ചിത്രം സോഷ്യല്‍ മീഡിയയില്‍ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് സുഹൃത്തും പാര്‍ട്ടി അനുഭാവിയുമായ എംപിയുടെ വരുമാനത്തെ കുറിച്ച് സംശയങ്ങളുന്നയിച്ചതോടെയാണ് വിമര്‍ശനം ആരംഭിച്ചത്.

ആപ്പിള്‍ വാച്ചാണ് നിങ്ങളുടെ കൈത്തണ്ടയില്‍, 27000 രൂപയില്‍ ആരംഭിക്കുന്നതും അമേരിക്കയിലാണെങ്കില്‍ 1049 ഡോളറു വരെയും വിലയാവാം. എന്റെ ധാരണ ഞാന്‍ തെറ്റല്ലെന്ന് കരുതുന്നു, നിലവില്‍ നിങ്ങളുടെ പേന മോണ്ട് ബ്ലാങ്ക് ഇന്ത്യയില്‍ അതിന്റെ വില 30000ല്‍ ആരംഭിക്കുന്നു. എങ്ങിനെയാണ് ഇത്രയും ആഡംബരപൂര്‍ണ്ണമായ വസ്തുക്കള്‍ കയ്യിലുണ്ടാവുന്നത്. കേവലം ആറായിരം രൂപയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്ന നിലക്ക് നിങ്ങളുടെ വരുമാനം. അതു കൊണ്ട് ഇത് വാങ്ങാനാവുമോ എന്നായിരുന്നു ചോദ്യം.
. നടപടിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് എംപി പ്രതികരിച്ചു.

 

 

അഭിപ്രായങ്ങള്‍

You might also like More from author