ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായി ഇഷാത് ഹുസൈന്‍

ishaat-hussain

മുംബൈ: ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായി ടാറ്റാ ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ ഇഷാത് ഹുസൈനെ നിയമിച്ചു. ടാറ്റാ സണ്‍സ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഷാതിനെ ചെയര്‍മാനാക്കുന്നതിനെ സംബന്ധിച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ടാറ്റാ സണ്‍സ് കത്ത് നല്‍കിയിട്ടുണ്ട്. രത്തന്‍ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് പുതിയ സാരഥിയെ കണ്ടെത്തിയത്.

1999 ജൂലൈ ഒന്നിനാണ് ഇഷാത് ടാറ്റാ സണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നത്. പിന്നീട് 2000 മുതല്‍ കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടറായി. ടാറ്റാ സണ്‍സിലേക്ക് വരുന്നതിന് മുമ്പ് ഇഷാത് 10 വര്‍ഷക്കാലം ടാറ്റാ സ്റ്റീലില്‍ സീനിയര്‍ വൈസ് പ്രസിഡന്റും എക്‌സിക്കുട്ടീവ് ഡയറക്ടറുമായിരുന്നു.

ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഉടമസ്ഥത നിയന്ത്രിക്കുന്ന ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ സാഹചര്യത്തിലാണു പുതിയ നിയമനം. മിസ്ത്രിക്കു പകരം ഇടക്കാല ചെയര്‍മാനായി മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ നിയമിച്ചിരുന്നു.

ഒക്ടോബര്‍ 24നാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറിസ് മിസ്ത്രിയെ പുറത്താക്കിയത്. കമ്പനി ബോര്‍ഡ് യോഗത്തിലാണ് സൈറസ് മിസ്ത്രിയെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമായത്. മിസ്ത്രിയുടെ പുറത്താക്കല്‍ ടാറ്റയുടെ വിജയത്തിന് അനിവാര്യമായിരുന്നുവെന്നാണ് രത്തന്‍ ടാറ്റയുടെ പ്രതികരണം.

അഭിപ്രായങ്ങള്‍

You might also like More from author