മാവോ സെദുങ്ങിനെ വിമര്‍ശിച്ച ചൈനീസ് പ്രഫസറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

ബെയ്ജിങ്: ആധുനിക ചൈനയുടെ ശില്‍പി എന്നറിയപ്പെടുന്ന മാവോ സെദുങ്ങിനെ വിമര്‍ശിച്ച ചൈനീസ് പ്രഫസറെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. മധ്യ ചൈനയിലെ ഷാന്‍ഡോങ് സിയാന്‍ഷു സര്‍വകലാശാലയില്‍ ആര്‍ട് പ്രഫസറായ ഡെങ് സിയാവോ ചാവോയ്ക്കാണ് മാവോയുടെ 123-ാം ജന്മദിനത്തില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിനു ജോലി നഷ്ടപ്പെട്ടത്.

1976 സെപ്റ്റംബര്‍ ഒന്‍പതിന് അന്തരിച്ച മാവോ സെദുങ്ങിനെ ആധുനിക ചൈനയുടെ ശില്‍പി എന്ന നിലയിലാണ് രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കണക്കാക്കുന്നത്. ഡിസംബര്‍ 26-നാണ് മാവോയുടെ ജന്മദിനം. ഈ ദിവസമാണു പ്രഫ. ഡെങ് സിയാവോ ചാവോ വെയ്‌ബോ സമൂഹമാധ്യമ സൈറ്റില്‍ വിവാദ പോസ്റ്റ് ഇട്ടത്. ചൈനയില്‍ 30 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ക്ഷാമത്തിനും 20 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സാംസ്‌കാരിക വിപ്ലവത്തിനും കാരണക്കാരന്‍ മാവോ സെദുങ് ആണെന്നു പ്രഫ. ഡെങ് പോസ്റ്റില്‍ ആരോപിച്ചിരുന്നു. വിവാദ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചെങ്കിലും രാജ്യത്തുടനീളം പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

അതേസമയം പ്രവിശ്യാ സര്‍ക്കാരിന്റെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് ഡെങ്ങിനെ മാറ്റിയതായി സര്‍ക്കാര്‍ ടാബ്ലോയിഡ് ആയ ഗ്ലോബല്‍ ടൈംസില്‍ അറിയിപ്പു വന്നു. വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനോ ക്യാംപസില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ ഡെങ്ങിനെ അനുവദിക്കില്ലെന്നു ഷാന്‍ഡോങ് സിയാന്‍ഷു സര്‍വകലാശാലയും അറിയിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author