ആത്മാര്‍പ്പണത്തിന്റെ ആതിരനാള്‍

 

രതി കുറുപ്പ്

 

ലിംഗസമത്വത്തിന്റെ ഉച്ചകോടിയില്‍ നിന്ന് ആണ്‍മനസ്സുകളെ വെല്ലുവിളിക്കുന്ന സമത്വവാദികള്‍ക്ക് അനുവദിച്ചുകിട്ടിയത് ഒരു വനിതാ ‘ദിന’മാണ്, രാത്രിയല്ല. അധൈര്യങ്ങളുടെ കെട്ടുപൊട്ടിച്ച് ഈ രാത്രി ഞങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച് ഇരുട്ടിന്റെ കോട്ട കടക്കാന്‍ ആധുനികവനിതകള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.. അങ്ങനെയൊരു സ്വാതന്ത്ര്യത്തിന് സുരക്ഷയൊരുക്കാന്‍ ശക്തിയുള്ള ഒരു ഭരണകൂടവും ലോകത്തിലെവിടെയും ഉണ്ടെന്ന് തോന്നുന്നുമില്ല. ആ തിരിച്ചറിവിന്റെ ബോധത്തില്‍ ചവിട്ടിനിന്ന് തിരിഞ്ഞുനോക്കിയാല്‍ അമ്പരക്കും.

തിരുനെറ്റിയിലെ സിന്ദുരചുവപ്പ് ഒരിക്കലും മായാതിരിക്കാന്‍ ആടിയും പാടിയും പ്രാര്‍ത്ഥനയോടെ ഒരു രാത്രി. മുന്നൂറ്റിഅറുപത്തിനാല് ദിവസത്തിനൊടുവില്‍ പ്രഖ്യാപിത സ്വാതന്ത്ര്യത്തിന്റെ നിറനിലാവില്‍ സ്വയം മറന്നാടുന്ന സ്ത്രീത്വം. മഹേശ്വരന്റെ തിരുപിറന്നാള്‍ ദിനം, കഠിനതപസിനൊടുവില്‍ പാര്‍വതീദേവയുടെ കൈ പിടിക്കാന്‍ പരമേശ്വരനെത്തിയ ദിവസം, കാളകൂടം വിഴുങ്ങിയ മഹേശ്വരനായി മഹേശ്വരി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച രാത്രി, കള്ളക്കണ്ണനെ വരിക്കാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനിപൂജക്കായി തെരഞ്ഞെടുത്ത ആതിരനാള്‍. അങ്ങനെ ധനുമാസത്തിലെ തിരുവാതിരയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങള്‍ ഒരുപാടാണ്. ആചാരങ്ങളും അനുഷ്ടാനങ്ങളും അതിലേറെയും…

ധനുക്കുളിരു വക വയ്ക്കാതെ നീന്തി തുടിച്ച് വെറ്റില മുറുക്കി ദശപുഷ്പം ചൂടി തിരുവാതിരച്ചുവടുവയ്്ക്കുന്ന ആ ഉറക്കമില്ലാത്ത രാത്രിയായിരുന്നു മലയാല്‍കളുടെ വനിതാദിനം. നടന്നു നടന്നു കാലടിപ്പാടുകള്‍ പതിഞ്ഞുപോയ അതേ മണ്ണിന്റെ അതിരു വിട്ടിറങ്ങാതെ ഒരാണ്ടിന്റെ വിധേയത്വത്തെ കീഴ്മേല്‍ മറിക്കുന്ന രാത്രി. മനസിലൊളിപ്പിച്ച കാല്‍പ്പനിക കാമനകളെ വാരിപ്പുണര്‍ന്ന് നിറനിലാവിന്റെ തൊടികളില്‍ പെണ്‍മനസ്സുകള്‍ വിഹരിക്കുന്ന ആതിരനാള്‍. ലിംഗസമത്വത്തിന്റെ ഉച്ചകോടിയില്‍ നിന്ന് ആണ്‍മനസ്സുകളെ വെല്ലുവിളിക്കുന്ന സമത്വവാദികള്‍ക്ക് അനുവദിച്ചുകിട്ടിയത് ഒരു വനിതാ ‘ദിന’മാണ്, രാത്രിയല്ല. അധൈര്യങ്ങളുടെ കെട്ടുപൊട്ടിച്ച് ഈ രാത്രി ഞങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച് ഇരുട്ടിന്റെ കോട്ട കടക്കാന്‍ ആധുനികവനിതകള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.. അങ്ങനെയൊരു സ്വാതന്ത്ര്യത്തിന് സുരക്ഷയൊരുക്കാന്‍ ശക്തിയുള്ള ഒരു ഭരണകൂടവും ലോകത്തിലെവിടെയും ഉണ്ടെന്ന് തോന്നുന്നുമില്ല. ആ തിരിച്ചറിവിന്റെ ബോധത്തില്‍ ചവിട്ടിനിന്ന് തിരിഞ്ഞുനോക്കിയാല്‍ അമ്പരക്കും. ഒരു രാവു മുഴുവന്‍ തങ്ങളുടെ സ്ത്രീകള്‍ക്ക് ആഘോഷിക്കാന്‍ വിട്ടുകൊടുത്ത് ഉദാസീനമായി കഥ പറഞ്ഞിരുന്ന്് ഉറങ്ങിയ ഒരു പുരുഷ സമൂഹത്തെ കേരളം ലോകത്തിന് കാട്ടികൊടുക്കും അനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യത്തെ ദൈവികതയുടെ ഇഴകളില്‍ തുന്നിച്ചേര്‍ത്ത് മുറുക്കിചുവപ്പിച്ച ചുണ്ടും തുടിച്ചുന്‍മത്തമായ മനസും നല്‍കിയ ഇരട്ടി സൗന്ദര്യത്തില്‍ നിലാവില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളത്തിന്റെ സ്ത്രൈണഭാവം.

ആചാരങ്ങള്‍ ആഘോഷങ്ങളാക്കുന്ന ആ സ്വാതന്ത്ര്യത്തിന്റ രാത്രിയുടെ വരപ്രസാദം ഓരോ സ്ത്രീയും സമര്‍പ്പിക്കുന്നത് അവളുടെ ഭര്‍ത്താവിന് വേണ്ടിയാണ്. പുകഞ്ഞുകത്തുന്ന അടുക്കളയില്‍ എരിഞ്ഞുതീരുന്ന ഒറ്റനാളമായിരുന്നില്ല അന്ന് എല്ലാ സ്ത്രീകളും . സ്വകാര്യദു:ഖങ്ങളുടെ ഉള്‍ക്കനം അഴിച്ചുവയ്ക്കാന്‍ അടുക്കളപ്പുറവും വേലിയരുകും കുളക്കടവും പുഴയോരവും തോട്ടുകടവും അവള്‍ക്കായി തോഴികളെ നല്‍കി. തുറന്നു പറച്ചിലുകളുടെ കുമ്പസാരങ്ങളും അലോസരങ്ങളുടെ പഴിചാരലുകളും കഥയില്ലാത്ത ശാപങ്ങളും ശുദ്ധമാക്കിയ മനസ് ഉറക്കവും. ആ തുറന്ന ജീവിതത്തില്‍ കാലങ്ങളായി കെട്ടിക്കിടന്ന് കട്ടപിടിച്ചുപോയ അഴുക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആണ്ടിലൊരിക്കലെത്തുന്ന സ്വാതന്ത്ര്യത്തില്‍ അവള്‍ സംതൃപ്തയായി. ജീവിതം നരകമാണെന്നും ഇതില്‍ നിന്ന് മോചനം വേണമെന്നും ആലോചിക്കനറിയാതെ ദീര്‍ഘമാഗംല്യത്തിനായി പ്രാര്‍ത്ഥിച്ചു. ധനുമാസത്തിലെ തിരുവാതിരനാള്‍ ഭര്‍ത്താവിന്റെ ആയുസ്സിനായി മാറ്റിവച്ചു. സുമംഗലികള്‍ക്കൊപ്പം കന്യകമാരും തിരുവാതിര മുറ്റത്തെത്തി ചുവടുവച്ച് നല്ല ഭര്‍ത്താവിനായി വ്രതമെടുത്തു. പ്രതീക്ഷയുടേയും സമര്‍പ്പണത്തിന്റെയും ആതിരനാളുകള്‍ക്ക് ഇന്നെത്ര പ്രസക്തിയുണ്ടെന്ന് അറിയില്ല. ഏതൊക്കെയോ ഗ്രാമങ്ങളില്‍ ആരെങ്കിലുമൊക്കെ ഇന്നും അങ്ങനെയൊക്കെ ചെയ്യുന്നുണ്ടാകുമെന്ന് കരുതി ആശ്വസിക്കാം.

ദശപുഷ്പം തേടി നടക്കാന്‍ പറമ്പും ഗംഗയെ ഉണര്‍ത്താന്‍ തുടിച്ചുകുളിക്കാന്‍ കുളങ്ങളുമുണ്ടാകില്ല. ഓണം പോലെ വിഷു പോലെ നഷ്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തലായി മാറിക്കഴിഞ്ഞു ധനുത്തിരുവാതിര. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ തിരുവാതിരനാളിന്റെ പ്രസക്തിയറിയാത്തവരാണ് പുതുതലമുറ മലയാളികള്‍. മുത്തശ്ശിമാരും ചെറുവാല്യക്കാരും വരെ ഒരേമനസോടെ ഒന്നിച്ചാഘോഷിച്ചിരുന്ന ആതിരരാവും പാതിരാപ്പൂവുചൂടലും കഥയായി കേള്‍ക്കുന്നതുപോലും എത്ര കൗതുകം. കുമ്മിയും വഞ്ചിപ്പാട്ടുമൊക്കെ താളമാകുന്ന തിരുവാതിരകളി അരങ്ങിലാടാത്ത മലയാളി സ്ത്രീകളുടെ കലാസ്വാദനശേഷിയുടെ കൂത്തരങ്ങായി. ആരെക്കാളും പിന്നിലല്ലാത്ത ആ ചുവടുവെയ്പുകളുടെ ആസ്വാദ്യതയുടെ ലഹരി തന്നെയാകും ഉപാധികളില്ലാതെ ഒരു രാവ് പതിച്ചുകൊടുത്ത പുരുഷമനസിന് പിന്നിലും. ചുട്ടെടുത്ത് നേദിക്കാന്‍ എട്ടുതരം കിഴങ്ങുകള്‍ ചേര്‍ന്ന എട്ടങ്ങാടി, മുറുക്കി ചുവക്കാന്‍ നെയ്യൊഴിച്ച് ചാലിച്ച ചുണ്ണാമ്പും കളിയടക്കയും ചേര്‍ത്ത് നൂറ്റൊന്നു വെറ്റില, മുടിക്കെട്ടില്‍ തിരുകി വയ്ക്കാന്‍ പാതിരാപ്പൂവ്, നിലാവെളിച്ചത്തില്‍ നുള്ളിയെടുക്കുന്ന ദശപുഷ്പങ്ങള്‍ ആതിരരാവിന് പറയാന്‍ ഒരുപാട് കഥകളുണ്ട്. സന്തതിക്കേറ്റം വരത്തിനും നീളമായ് വാഴേണ്ട നെടുമാംഗല്യത്തിനും എത്രയെത്ര പാട്ടുകള്‍. തുടിച്ചുകുളിക്കുമ്പോള്‍ പള്ളിശംഖിന്റെ നാദം കേട്ട് ഉണരൂരുണരൂ എന്ന് ഗംഗയെ ഉണര്‍ത്താന്‍ പിന്നെയും പാട്ടുകള്‍.

അതിരില്ലാത്ത സ്വാര്‍ത്ഥത സ്വാതന്ത്ര്യത്തിന് പുതിയ നിര്‍വചനങ്ങള്‍ നല്‍കുമ്പോള്‍ തലമുറകള്‍ കൊണ്ടാടിയ ഒരു സ്ത്രീസ്വാതന്ത്യത്തിന്റെ വിശുദ്ധി പറയാതെ വയ്യ. സ്വയം മറന്നുള്ള ആടിത്തിമര്‍ക്കലായിരുന്നില്ല എല്ലാം മറന്ന സമര്‍പ്പണമായിരുന്നു അത്. മുണ്ടും നേരൃതും ചുറ്റി വരക്കുറിയണിഞ്ഞ് ദശപുഷ്പങ്ങളും ചൂടി പ്രാര്‍ത്ഥനാനിര്‍ഭരമാകുന്ന സ്ത്രീത്വത്തിന്റെ മിഴിവാര്‍ന്ന ദൃശ്യം. ആ കാഴ്ച്ച കേരളത്തിന് ഏറെക്കൂറെ നഷ്ടമായിക്കഴിഞ്ഞു. സങ്കല്‍പ്പങ്ങളും രീതികളും മാറ്റി മറിക്കുന്ന ജീവിതത്തില്‍ ഇനിയും മനസിലാക്കാനാകാത്ത സമത്വസങ്കല്‍പ്പവുമായി സ്വാതന്ത്യത്തിനായി നെട്ടോട്ടമോടുന്നുണ്ട് ആരൊക്കെയോ. നിരാകരിക്കലല്ല സ്വീകരിക്കലും ഏറ്റെടുക്കലുമാണ് ശക്തിയെന്ന് തിരിച്ചറിയാതെ ഒന്നും നേടാതെ എവിടെയൊക്കെയോ വീണുപോകുന്നവര്‍. സഹനത്തിന്റെ മുള്‍ക്കിരീടം ചൂടി ജീവിച്ചു മരിച്ചുപോയ പാവങ്ങളെന്ന് മുന്‍തലമുറയെ പുച്ഛിക്കുന്നവര്‍ ചിന്തിച്ചിട്ടേയുണ്ടാകില്ല സ്വയമേറ്റെടുക്കുന്ന ചില ത്യാഗങ്ങളുടെ വലിപ്പം. എരിഞ്ഞടങ്ങി ചാമ്പലായാലും അവശേഷിക്കുന്നുണ്ടാകും ആ വിശുദ്ധ ജീവിതങ്ങളുടെ കര്‍മ്മപുണ്യം.

മംഗളാതിരയുടെ മഹത്വം എന്തിനാണ് നമ്മള്‍ മറന്നു പോകുന്നത്. അരിഭക്ഷണം ഒഴിവാക്കുന്നതിലും ക്ഷേത്രദര്‍ശനത്തിലും ഒതുങ്ങിപ്പോയി ധനുതിരുവാതിര. ഭഗവാന്റെ തിരുനാളാണ്, ഭഗവതിക്ക് തിരുനോമ്പാണ്, ഉണ്ണരുത് ഉറങ്ങരുത് എന്നൊന്നും ആരും പാടാറില്ല. അര്‍ദ്ധനാരീീശ്വര സങ്കല്‍പ്പപൂര്‍ണതയില്‍ ഉമാ മഹേശ്വരന്‍മാരാണ് ആദര്‍ശ ദമ്പതികള്‍.

തിരുവേഗപ്പുറയുള്ള ഭഗവാന്‍ ഒരുനാള്‍
ഗൗരിയെന്നൊരുത്തിയെ കിനാവുകണ്ടു
മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി
മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലിലാടിയാടി….

സംഹാരമൂര്‍ത്തിയുടെ പ്രണയഭാവത്തിന് ഇത്രമേല്‍ ചാരുത നല്‍കന്ന വരികള്‍ വേറെന്തുണ്ട്. ആ പ്രണയസാക്ഷാത്കാരമാണ് അര്‍ദ്ധനാരീശ്വഭാവത്തിന് ആധാരമായത്. ആ ദമ്പതികളെ പാടി പുകഴത്തി അവരെ മാതൃകയാക്കാനായിരുന്നു ഓരോ കുടുംബിനിയും ശ്രമിച്ചിരുന്നത്. പൊരുത്തങ്ങളേക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകളുടെ കഥകള്‍ പറയുകയാണ് ആധുനികദമ്പതിമാര്‍. മംഗല്യത്താലി അഴിയാതിരിക്കാന്‍ നോമ്പുനോറ്റവരുടെ പിന്‍മുറക്കാര്‍ അതൊന്നഴിച്ചുമാറ്റാന്‍ കാരണം കണ്ടെത്തുന്ന കാലത്ത് ധനുതിരുവാതിര കളമൊഴിയുകയാണ്. അവനവന്റെ മാത്രമായ ഇഷ്ടങ്ങള്‍ക്ക് പിന്നാലെയുള്ള യാത്രയിലാണ് എല്ലാവരും. കാലവും ദേശവും മറന്ന് പ്രലോഭനങ്ങളുടെ സമരക്കാലത്ത് മറന്നുപോകുന്നുണ്ട് നാം, പാരമ്പര്യത്തിന്റെ മുന്‍കണ്ണികള്‍ നെഞ്ചേറ്റിനടന്നിരുന്ന ചില സാംസ്‌കാരിക തനിമകള്‍.. അതിന്റെ ദീപ്തവും വിശാലവുമായ ചില സങ്കല്‍പ്പങ്ങള്‍, പ്രാര്‍ത്ഥനകള്‍. അറിയേണ്ട ഭൂതകാലസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളെ. പക്ഷേ ഓര്‍ക്കണം പ്രാര്‍ത്ഥനയിലും ആചാരങ്ങളിലും നിറഞ്ഞു നിന്ന നിസ്വാര്‍ത്ഥതയുടെ ഹൃദയവിശാലത.

അഭിപ്രായങ്ങള്‍

You might also like More from author