കറന്‍സിരഹിത ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഐആര്‍സിടിസി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ഡല്‍ഹി: കറന്‍സിരഹിത ഇടപാടുകളിലൂടെ റെയില്‍വേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഡല്‍ഹിയില്‍നടന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി.

ദിവസേന പത്തു ലക്ഷം ഇടപാടുകളാണ് ഇ ടിക്കറ്റിംഗ് സംവിധാനത്തിലൂടെ നടക്കുന്നത്. ഇത് മൊത്തം റിസര്‍വേഷന്റെ 58 ശതമാനം വരും. ഇത് വര്‍ധിപ്പിക്കുന്നതിനായാണ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള നവീകരിച്ച ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത് സുരേഷ് പ്രഭു പറഞ്ഞു. ആയാസരഹിതമായും സുരക്ഷയ്ക്കു പ്രധാന്യം നല്‍കുന്ന രീതിയിലുമാണ് പുതിയ ആപ്ലിക്കേഷന്റെ നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിക്കറ്റിംഗ് വെബ്‌സൈറ്റുമായി ബന്ധപ്പെട്ടാണ് പുതിയ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വിവരങ്ങള്‍, ബുക്ക് ചെയ്ത ടിക്കറ്റുകള്‍, ട്രെയിന്‍ വിവരങ്ങള്‍ എന്നിവ തെരയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ആപ്പിലുണ്ടാവും. റിസര്‍വേഷന്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍, സ്റ്റാറ്റസ് പരിശോധിക്കല്‍, ടിക്കറ്റ് റദ്ദാക്കല്‍ എന്നിവയും ആപ്പ് വഴി ചെയ്യാന്‍ സാധിക്കും. യാത്രയെ സംബന്ധിച്ച അപ്‌ഡേറ്റുകളും ആപ്പ് നല്‍കും.

അഭിപ്രായങ്ങള്‍

You might also like More from author