അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം ചോദിക്കണമെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങള്‍ക്കുമെതിരായ പ്രതിഷേധ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പാവങ്ങളോടും കര്‍ഷകരോടും കുറച്ചു നേരം സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. എന്തുകൊണ്ടാണ് ആളുകള്‍ കൂടുതലായി ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് അവരോടു ചോദിക്കണം. അച്ഛേ ദിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷം എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് ബിജെപിയും നമ്മുടെ പ്രധാനമന്ത്രിയും ചോദിക്കുന്നത്. രാജ്യത്തിനുവേണ്ടി നമ്മുടെ നേതാക്കള്‍ നല്‍കിയ രക്തവും കണ്ണീരും ജനത്തിന് തിരിച്ചറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജീവന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് എനിക്ക് എണ്ണിപ്പറയാന്‍ സാധിക്കും. കഴിഞ്ഞ 70 വര്‍ഷം ഞങ്ങള്‍ എന്ത് ചെയ്തു, ചെയ്തില്ലെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ ചെയ്യാത്ത എന്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടര വര്‍ഷമായി ബിജെപി ചെയ്തത്. എല്ലാ മേഖലയും അവര്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലിനും കേന്ദ്രനയങ്ങള്‍ക്കുമെതിരായ കോണ്‍ഗ്രസ് പ്രതിഷേധ കണ്‍വെന്‍ഷന്‍ ജന്‍ വേദ്‌ന ഡല്‍ഹിയിലെ തല്‍കടോറ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് നടക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പതിനാല് വിഭാഗങ്ങളിലായി അയ്യായിരം പേരെയാണ് കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖരെല്ലാം ഇന്നലെത്തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ ഡിസിസി പുനഃസംഘടന മുതല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നില്ല. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഉമ്മന്‍ചാണ്ടി എഐസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് മാറിനില്‍ക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം ഏറ്റെടുക്കുന്നതിന്റെ വ്യക്തമായ സന്ദേശം കൂടിയാണ് സമ്മേളനം.

അഭിപ്രായങ്ങള്‍

You might also like More from author