ജിഷ്ണുവിന്റെ വീട്ടില്‍ മന്ത്രിമാരെത്താതിരുന്നത് എന്തുകൊണ്ട്, പരാതി മുഖവിലയ്‌ക്കെടുത്താതെ പോലിസ് ഉഴപ്പിയത് ആര്‍ക്ക് വേണ്ടി, നെഹ്‌റു ഗ്രൂപ്പുമായി എ.കെ ബാലന്റെ ഭാര്യയ്ക്കുള്ള ബന്ധം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കോഴിക്കോട് : പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഗുരുതരമായ അലംഭാവമാണെന്ന ആക്ഷേപം ശക്തമാകുന്നു. കോളേജ് മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഒത്ത് കളിയ്ക്കുകയാണെന്നാണ് ആക്ഷേപം. ഇതിന് ചില കാരണങ്ങളും തെളിവുകളും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നു.

ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിട്ടും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്നാണ് ഒരു ചോദ്യം. അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ചിന് വിട്ടു എന്നതൊഴികെ ആരോപണവിധേയരായവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ഇതിനിടയില്‍ ജിഷ്ണുവിന്റെ വീട്ടില്‍ വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളെല്ലാം സന്ദര്‍ശനം നടത്തിയിട്ടും, ഒരു മന്ത്രി പോലും എത്തി നോക്കാത്തത് നാട്ടുകാരിലും മറ്റും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ മലബാറില്‍ കറങ്ങി നടന്നിട്ടും ആരും കോഴിക്കോടുള്ള ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയിട്ടില്ല. സിപിഎം അനുഭാവം ഉണ്ടായിരുന്ന ജിഷ്ണുവിന്റെ മരണത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ അമര്‍ഷമുണ്ട്.

മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതി പോലിസ് മുഖവിലയ്‌ക്കെടുക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യവും ഉയരുന്നു.
ഇതിനിടെ സര്‍ക്കാരിന്റെ അലംഭാവത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് മന്ത്രി എ.കെ ബാലന്റെ ഭാര്യയ്ക്ക് നെഹ്ഖു കോളേജ് മാനേജ്‌മെന്റുമായുള്ള ബന്ധമാണ്. നെഹ്‌റു ഗ്രൂപ്പിന് എല്‍ഡിഎഫ് സര്‍ക്കാരുമായി അടുത്ത ബന്ധമാണ് ഉള്ളത്. എ.കെ ബാലന്റെ ഭാര്യ ജമീല ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ശേഷം നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള മെഡക്കല്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് ഉണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവര്‍ ഈ പദവിയിലെത്തിയത്. വിവാദത്തെ തുടര്‍ന്ന് അവര്‍ സ്ഥാനം ഒഴിഞ്ഞതായും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. എസ്എഫ്‌ഐ സമരരംഗത്തുണ്ടെങ്കിലും മുതിര്‍ന്ന സിപിഎം നേതാക്കളാരും സമരത്തെ അനുകൂലിച്ച് രംഗത്തെത്താത്തത് എന്ത് കൊണ്ടാണെന്നും സോഷ്യല്‍ മീഡിയ ചോദ്യമുയര്‍ത്തുന്നു. ആരോപണം ഉയര്‍ന്ന കോളേജ് പിആര്‍ഒ മുന്‍ മന്ത്രി കെപി വിശ്വനാഥന്റെ മകനാണ്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ജയിലിലടക്കണമെന്നാണ് ആവശ്യം. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വും രംഗത്തുണ്ടെന്നാണ് ആരോപണം.

അഭിപ്രായങ്ങള്‍

You might also like More from author