ബലാത്സംഗത്തെക്കുറിച്ച് പരസ്യ വിശദീകരണം ആവശ്യപ്പെട്ട് എംഎല്‍എ വിവാദത്തില്‍


പാറ്റ്‌ന: ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനോട് പരസ്യ വിവരണം ആരാഞ്ഞ എംഎല്‍എ വിവാദത്തില്‍. എഎല്‍എക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണിപ്പോള്‍. എസ് സി വിദ്യാര്‍ഥികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ്സുകാരി മൂന്ന് ദിവസം മുമ്പാണ് കൂട്ടബലാത്സംഗത്തിനിരയായി മരിച്ചത്. എന്നാല്‍ സ്‌കൂളിലെത്തിയ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര്‍ എല്‍ എസ് പി) എം എല്‍ എ ലല്ലന്‍ പസ്വാന്‍ സഹപാഠികളായ പെണ്‍കുട്ടികളോട് സംഭവത്തിന്റെ പരസ്യ വിവരണം ആവശ്യപ്പെടുകയായിരുന്നു. പറയാന്‍ മടിച്ച പെണ്‍കുട്ടിയെ തുടരെ തുടരെ ചോദ്യം ചെയ്ത് അപമാനിക്കുകയും ചെയ്തു സ്ഥലം എംഎല്‍എ.

വൈശാലി ജില്ലയിലെ അംബേദ്കര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്ത് വയസ്സിനും പതിനഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് എം എല്‍ എ ചോദ്യം ചെയ്തത്. സുഹൃത്തിന്റെ മരണത്തിലെ ഞെട്ടലില്‍ കഴിയുന്ന വിദ്യാര്‍ഥികളോടായിരുന്നു എം എല്‍ എ യുടെ പോലീസ് മുറയിലെ ചോദ്യം. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സാധിക്കാതെ മാനസ്സിക സമ്മര്‍ദ്ദം അനുഭവിച്ചു വിദ്യാര്‍ഥിനികള്‍.

ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നെന്ന് പറഞ്ഞപ്പോള്‍ എവിടെ നിന്നായിരുന്നു രക്തം വന്നതെന്നായി എംഎല്‍എ. എന്നാല്‍ താനതെങ്ങനെയാണ് പറയുകയെന്ന് തിരിച്ച് ചോദിച്ച വിദ്യാര്‍ഥിനിയോട് കൂടുതല്‍ വിവരണം ആവശ്യപ്പെടുകയായിരുന്നു എംഎല്‍എ. വീണ്ടും ആഭാസകരമായ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പറയാന്‍ മടിച്ച വിദ്യാര്‍ഥികളോട് സത്യം തുറന്നു പറയാതെ എങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കും എന്നായി എംഎല്‍എ. ‘ഭാവിയില്‍ ഹോസ്റ്റല്‍ മുറിയിലേക്ക് ഒരാള്‍ അതിക്രമിച്ച് കയറി നിനക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ ഇപ്പോ സംസാരിക്കാനറിയാത്ത നീ എങ്ങനെ അപ്പോള്‍ സംസാരിക്കു’മെന്നും എംഎല്‍എ ചോദിച്ചു. എന്നാല്‍ കൂടുതല്‍ പറയാന്‍ കഴിയാതെ അപമാനിതരായി തലകുനിച്ച് നിസ്സഹായരായി നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥിനികള്‍.

വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും മാപ്പ് പറയാന്‍ എംഎല്‍എ തയ്യാറായില്ല. താന്‍ സദ്ദുദ്ദേശത്തോടെയാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.

മൂന്ന ദിവസം മുമ്പായിരുന്നു ദീഗാകുമാരിയുടെ മരണം. സകൂള്‍ ഹോസ്റ്റല്‍ ഗേറ്റിനുമുന്നില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഇതിനെതിരെ പ്രദേശ വാസികള്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് രേഖപ്പെടുത്തിയതെന്ന് വൈശാലി എസ് പി അറിയിച്ചു. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author